പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥ; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. പഠിക്കാൻ ഓപ്പൺ യൂണിവേഴ്സിറ്റിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്നും ഈ സർക്കാരാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത് എന്നതാണ് വിരോധാഭാസമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം വിദ്യാഭ്യാസ വകുപ്പ് നീട്ടി. ട്രയൽ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി നൽകിയത്. തിരുത്തലിന് സമയം നീട്ടി നൽകണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.