പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു; ആരോഗ്യമന്ത്രി

തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മരിച്ചയാളുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കി. സ്ഥിതി വിലയിരുത്താൻ പുന്നയൂരിൽ ആരോഗ്യവകുപ്പ് യോഗം വിളിച്ചു ചേർക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്തു നിന്ന് മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് അതു മറച്ചുവച്ച് ആളുകളുമായി ഇടപെട്ടുവെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. യുവാവ് നാട്ടിലെത്തിയത് ഇരുപത്തിയൊന്നിനാണ്, എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ഇരുപത്തിയേഴിനാണ്. അപ്പോഴും മങ്കിപോക്‌സിന്റെ വിവരം അറിയിച്ചില്ല. വിദേശത്തു നടത്തിയ പരിശോധനാഫലം ഇന്നലെ മരണം നടന്നശേഷമാണ് വീട്ടുകാർ ആശുപത്രിയിൽ കാണിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

വ്യാപനശേഷി കുറവാണെങ്കിലും പകർച്ച വ്യാധിയായതിനാൽ ഒരു രോഗം പകരാതിരിക്കാൻ സ്വീകരിക്കുന്ന എല്ലാ പ്രതിരോധമാർഗങ്ങളും പാലിക്കേണ്ടതാണ്. മങ്കിപോക്‌സിന്റെ മരണ നിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇരുപത്തിരണ്ടുകാരന്റെ മരണം എന്തുകൊണ്ട് സംഭവിച്ചു എന്നതിൽ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയിൽ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.