ഫിലോമിനയുടെ വീട്ടിൽ സന്ദർശനം നടത്തി മന്ത്രി ആർ ബിന്ദു; നീതി ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട്ടിൽ സന്ദർശനം നടത്തി മന്ത്രി ആർ. ബിന്ദു. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇവരടക്കം നിക്ഷേപകർക്കെല്ലാം നീതി ഉറപ്പാക്കാൻ സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി ഫിലോമിനയുടെ കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.

ഫിലോമിനയുടെ മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് കുടുംബം മന്ത്രിയോട് വ്യക്തമാക്കി. തങ്ങളുടെ അതൃപ്തിയും കുടുംബാംഗങ്ങൾ മന്ത്രിയെ അറിയിച്ചു. തങ്ങൾക്ക് രാഷ്ട്രീയമില്ല. ചികിത്സാ സഹായം നൽകിയെന്ന് മന്ത്രി പറഞ്ഞതായി കേട്ടെന്നും കുടുംബം അറിയിച്ചു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. മരണം ദാരുണമാണെന്നും പക്ഷേ മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ വിശദമാക്കി. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.