Kerala (Page 1,081)

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴിൽ കൊണ്ടു വരുമെന്നും വീണാ ജോർജ് അറിയിച്ചു. അവയവദാനം ശക്തിപ്പെടുത്തുന്നതിന് വിളിച്ചുകൂട്ടിയ മെഡിക്കൽ കോളേജുകളുടെ യോഗത്തിലാണ് മന്ത്രിയുടെ പരാമർശം.

അവയവദാനം റിപ്പോർട്ട് ചെയ്യുന്നത് മുതൽ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടർ ചികിത്സ എന്നിവയിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടു വരും. ഓരോരുത്തരുടേയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റി ഇത് ഉറപ്പാക്കണം. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടർ ചികിത്സ ഉറപ്പാക്കണം. ഓരോ മെഡിക്കൽ കോളേജും കൃത്യമായ അവലോകന യോഗം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി നിർദേശം നൽകി. ഒരു ടീം തന്നെ അവയവദാന പ്രക്രിയ പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റൊരു ടീമിനെക്കൂടി സജ്ജമാക്കി നിയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പരിശീലനം നേടിയ ആത്മാർത്ഥമായ സംഘത്തെ ഓരോ മെഡിക്കൽ കോളേജും സജ്ജമാക്കണം. ടീംവർക്ക് ഉണ്ടാകണം. കെ സോട്ടോ എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ ഉണ്ടാക്കണം. ആശുപത്രികളിൽ ഒരു ട്രാൻസ്പ്ലാന്റ് ടീമിനെ സജ്ജമാക്കണം. പത്ത് മുതൽ പതിനഞ്ച് വർഷത്തെ പരിചയമുള്ള ഫാക്വൽറ്റികളെ കൂടി അവയവദാന പ്രക്രിയയിൽ പ്രാപ്തമാക്കി കൂടുതൽ ശസ്ത്രക്രിയകൾ നടത്തണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ. സോട്ടോ എക്സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർ, വിവിധ വകുപ്പ് മേധാവികൾ, യൂറോളജി ഫാക്വൽറ്റികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പറഞ്ഞ കാര്യം വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ തർക്കം മൂലം പല പണികളും വൈകി. ദേശീയപാത റോഡുകളിൽ പിഡബ്ല്യുഡി പണി നടത്തുന്നത് എന്തിനാണ്. റോഡിലെ കുഴികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവാദികളാണ്. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിന്റനൻസ് വൈകുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം. പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും കൃത്യമായി നടക്കുന്നില്ലെന്ന് മന്ത്രി അറിയണം. ജോലികൾ നടന്നിട്ടില്ല. വകുപ്പിലെ തർക്കം കാരണം പല ജോലികളും ടെൻഡർ ചെയ്യാൻ വൈകി. പൈസ അനുവദിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിയണം. വായ്ത്താരിയും പിആർഡി വർക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: 2006-12 കാലഘട്ടത്തില്‍ മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാത നിര്‍മ്മിച്ചതിലെ ക്രമക്കേടില്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനിയെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ബസ് ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും വലിയ ക്രമക്കേട് നടന്നുവെന്നും, ടാറിങ്ങിന് 22.50 സെന്റിമീറ്റര്‍ കനം വേണ്ടിടത്ത് 16 മുതല്‍ 18 സെന്റിമീറ്റര്‍ മാത്രമാണ് കനമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ 102 കോടിയുടെ പ്രാഥമിക ക്രമക്കേടാണ് കണ്ടെത്തിയത്. 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ 2020 ജൂലായ് ഏഴിനായിരുന്നു സിബിഐ എഫ്ഐആറിട്ടത്. എട്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ഒന്നാംപ്രതി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ കമ്ബനിയും റോഡ് നിര്‍മാണ സമയത്തെ നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. എന്നാല്‍, ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കാത്തതില്‍ ബാക്കിയുള്ള എട്ടുപേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, ആകെ മൂന്ന് ബസ് ബേ മാത്രം നിര്‍മിച്ച ശേഷം 13 എണ്ണം നിര്‍മിച്ചതായി കള്ളറിപ്പോര്‍ട്ട് നല്‍കിയതിന് പുറമെ അനധികൃതമായി പരസ്യങ്ങള്‍ സ്ഥാപിച്ചതും സര്‍വീസ് റോഡുകളുടെ തിരിമറിയുമടക്കം നിരവധി ക്രമക്കേടുകളാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാജ റിപ്പോര്‍ട്ട് നല്‍കി കോടിക്കണണക്കിന് രൂപ തട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തിരുവനന്തപുരം: നവംബറോടെ ഉത്പാദനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഒരുകോടി രൂപ ചെലവില്‍ ‘ജവാന്‍ റം’ ന്റെ പുതിയ ബോട്ടിലിംഗ് പ്‌ളാന്റ് തിരുവല്ല വളഞ്ഞവട്ടത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ തുടങ്ങുന്നു. മൂന്ന് മാസം കൊണ്ട് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവും.

ഇപ്പോള്‍ നാല് ബോട്ടിലിംഗ് ലൈനുകളില്‍ പ്രതിദിനം 8000 കെയ്‌സാണ് ഉത്പാദനം. പുതിയ പ്‌ളാന്റ് വരുമ്‌ബോള്‍ ഇത് 15,000 കെയ്‌സാവും. സെമി ഓട്ടോമാറ്റിക് പ്‌ളാന്റില്‍ രണ്ട് ബോട്ടിലിംഗ് ലൈനുകളും ബ്‌ളെന്‍ഡിംഗ് ടാങ്കുമാണ് നിര്‍മ്മിക്കേണ്ടത്.

അതേസമയം, ഉത്പാദനം കൂടുന്നതോടെ ഇനി എല്ലാ ജില്ലകളിലും ലഭ്യമാകും. എന്നാല്‍, ഒരു ലിറ്റര്‍ ബോട്ടിലിന് ചില്ലറ വില 600 രൂപയാണ്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ഒരു ലിറ്റര്‍ മദ്യം ബെവ്‌കോയ്ക്ക് നല്‍കുന്നത് 172.91 രൂപയ്ക്ക്. വില്പന നികുതി, എക്‌സൈസ് ഡ്യൂട്ടി, സെസ് എന്നിവ ചേരുമ്‌ബോഴാണ് ഉപഭോക്താവ് 600 രൂപ നല്‍കേണ്ടിവരുന്നത്. ജവാന് 10 ശതമാനം വില കൂട്ടണമെന്ന ബെവ്‌കോ ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല.

കൊച്ചി: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍

പി.ഡബ്ല്യു.ഡിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാതൃകാപരമാണെന്നാണ് മന്ത്രി പറയുന്നത്. ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ റോഡ് നിര്‍മ്മാണവും അറ്റകുറ്റപ്പണികളും വൈകുകയാണ്. എന്താണ് തന്റെ വകുപ്പില്‍ നടക്കുന്നതെന്ന് മന്ത്രി അറിയണം. അതിന് പകരം മാതൃകാപരമായ കാര്യങ്ങളാണ് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്നതെന്ന് മന്ത്രി സ്വയം പറഞ്ഞിട്ട് കാര്യമില്ല. വായ്ത്താരിയും പി.ആര്‍ വര്‍ക്കും മാത്രമല്ല വേണ്ടത്, കൃത്യമായി വര്‍ക്കുകള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് വേണ്ടത്. പൊതുനിരത്തിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായത്. ഈ മരണത്തിന് മുന്‍പും റോഡിലെ കുഴികള്‍ സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. മഴ തുടങ്ങിയാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നല്‍കിയതാണ്. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി തിരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. മരണത്തെ രാഷ്ട്രീയവത്ക്കരിച്ചെന്ന മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. മഴയ്ക്ക് മുന്‍പ് കുഴികള്‍ നികത്തണമെന്നാണ് ആവശ്യപ്പെട്ടത്. അത് ചെയ്തില്ല. അതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. നഷ്ടം വന്ന കരാറുകാരുടെ വാക്ക് കേട്ടിട്ടാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നതാണ് മന്ത്രിയുടെ മറ്റൊരു ആക്ഷേപം. കരാറുകാരോടും ഉദ്യോഗസ്ഥരോടുമൊക്കെ ഞങ്ങള്‍ സംസാരിക്കും. പിന്നെ ചുറ്റുപാടും നോക്കും. ജനങ്ങള്‍ പരാതി പറയുമ്പോള്‍ ഉദ്യോഗസ്ഥരുമായും കരാറുകാരുമായുമൊക്കെ സംസാരിക്കും. കരാറുകാര്‍ നാടിന്റെ പൊതുശത്രുക്കളൊന്നുമല്ല. പരിചയക്കുറവ് ഉള്ളതുകൊണ്ടാണ് മന്ത്രി അബദ്ധങ്ങള്‍ കാണിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള കുഴികളാണ് ഇത്തവണ ഉണ്ടായത്. ഇത് പൊതുമരാമത്ത് മന്ത്രി മാത്രം കാണുന്നില്ല. മാതൃകാപരമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അഭിനന്ദിക്കണമെന്നുമാണ് മന്ത്രി പറയുന്നത്. ജി. സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മന്ത്രി പഴയ പൊതുമരാമത്ത് മന്ത്രിയില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കണം. സാമാന്യം ഭംഗിയായി കാര്യങ്ങള്‍ ചെയ്ത മന്ത്രിയായിരുന്നു ജി. സുധാകരന്‍. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടല്ല ജി. സുധാകരന്‍ പ്രവര്‍ത്തിച്ചിരുന്നത്. പഴയ ആളുകളോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ഇപ്പോഴത്തെ മന്ത്രി ശ്രമിക്കണം. പി.ഡബ്ല്യു.ഡിയില്‍ മെയിന്റനെന്‍സ് വിഭാഗം പുതുതായി രൂപീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചെന്നാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. 2017-18 കാലഘട്ടത്തിലാണ് മെയിന്റനെന്‍സ് വിഭാഗം രൂപീകരിച്ചതെങ്കിലും അത് പ്രവര്‍ത്തിച്ച് തുടങ്ങിയത് 2021 ലാണ്. എറണാകുളത്ത് മെയിന്റനെന്‍സ് വിഭാഗം ആദ്യമായി ടെന്‍ഡര്‍ ചെയ്യുന്നത് 2021 നവംബറിലും തിരുവനന്തപുരത്ത് ഒക്ടോബറിലും കോഴിക്കോട് സെപ്തംബറിലുമാണ്. പണ്ട് ഉണ്ടാക്കിയതാണെങ്കിലും മെയിന്റനന്‍സ് വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങിയത് ഇദ്ദേഹം മന്ത്രിയായതിന് ശേഷമാണ്. ഇതേത്തുടര്‍ന്നുണ്ടായ പി.ഡബ്ല്യു.ഡിയിലെ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രീ മണ്‍സൂണ്‍ വര്‍ക്ക് വൈകാന്‍ കാരണം. ഫണ്ട് അനുവദിച്ചില്ലെന്നല്ല വര്‍ക്ക് നടന്നില്ലെന്നതാണ് ചൂണ്ടിക്കാട്ടിയത്. മഴ പെയ്യുമ്പോഴല്ല കുഴി അടയ്ക്കേണ്ടത്. ഇപ്പോഴും പ്രീ മണ്‍സൂണ്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നും കെടുകാര്യസ്ഥത ഉണ്ടായെന്ന് പറഞ്ഞത്.

തിരുവനന്തപുരം: ഫെയിം ഇന്ത്യ ഫെയ്സ്- 2 പദ്ധതി പ്രകാരം കെഎസ്ആർടിസിക്ക് കേന്ദ്ര സർക്കാർ അനുവദിച്ച 250 ഇലക്ട്രിക് ബസുകൾ ഏറ്റെടുക്കാതിരുന്നതിൽ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ FAME-II പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച ബസ്സുകൾ കെഎസ്ആർടിസി ഏറ്റൊടുക്കാതിരുന്നത് ഉയർന്ന നിരക്ക് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. FAME-II സ്‌കീം ബസ്സുകൾ സംസ്ഥാനത്തിന് അനുവദിച്ച് നൽകുന്ന ഒരു പദ്ധതിയല്ല.
GCC കോൺട്രാക്ട് അഥവാ വെറ്റ് ലീസ് വ്യവസ്ഥയിൽ ഇലക്ട്രിക് ബസ്സുകൾ ലഭ്യമാക്കുവാൻ കേന്ദ്ര സർക്കാരിന്റെ ഹെവി ഇൻഡസ്ട്രീസ് വകുപ്പ് (DHI) സഹായം നൽകുന്ന പദ്ധതിയാണ് FAME-II പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബസ്സുകൾ GCC (Gross Cost Contract) അടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണെങ്കിൽ 12 വർഷക്കാലത്തേക്ക് 9.1 ലക്ഷം കിലോമീറ്റർ ഓടിയാൽ 55 ലക്ഷം രൂപ വരെ പ്രസ്തുത പദ്ധതി പ്രകാരം ഒരു ബസ്സിന് ഡിമാന്റ് ഇൻസന്റീവ് (സബ്‌സിഡി) ലഭിക്കും എന്നതാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 100 ബസ്സുകൾ വീതവും, കോഴിക്കോട് 50 ഇലക്ട്രിക് ബസ്സുകളുമാണ് (മൊത്തം 250) 2019-ൽ വെറ്റ് ലീസ് വ്യവസ്ഥയിൽ ടെണ്ടർ വിളിച്ച് എടുക്കുവാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു.

തുടർന്ന് കെ.എസ്.ആർ.ടി.സി ദർഘാസ് ക്ഷണിച്ചു. പ്രസ്തുത ദർഘാസിൽ വെറ്റ് ലീസ് വ്യവസ്ഥയിൽ ഡ്രൈവർ സഹിതം വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് കിലോമീറ്ററിന് 75.90 രൂപയാണ്. എന്നാൽ സിറ്റി സർവ്വീസിനായി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കുമ്പോൾ കിലോമീറ്ററിന് 38/-രൂപ മാത്രമാണ് വരുമാനമായി ലഭിക്കുക. ഇപ്രകാരം ദർഘാസിൽ വാഗ്ദാനം ചെയ്ത നിരക്കിൽ സർവ്വീസ് നടത്തിയാൽ കിലോമീറ്ററിന് 37.90/- രൂപ നഷ്ടം ഉണ്ടകുമെന്നതിനാൽ പ്രസ്തുത ദർഘാസ് കെ.എസ്.ആർ.ടി.സി 2020 – ൽ റദ്ദ് ചെയ്തു.

അതിനു ശേഷം DHI ഉദ്യോഗസ്ഥരുമായി കെഎസ്ആർടിസി MD ചർച്ച നടത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഒരു പുതിയ പദ്ധതി കെഎസ്ആർടിസി തയ്യാറാക്കുകയും ചെയ്തു. ബസ്സിന്റെ വിലയായ 95 ലക്ഷം രൂപ സംസ്ഥാന സർക്കാർ വഹിക്കുക (KIIFB മുഖാന്തിരം), സബ്‌സിഡിയായ 55 ലക്ഷം രൂപ കേന്ദ്ര സർക്കാർ വഹിക്കുക, ഓപ്പറേഷന് ആവശ്യമായ തുക ബസ്സുകൾ നൽകുന്ന കമ്പനിക്ക് കിലോമീറ്ററിന് 30 രൂപയായി നിജപ്പെടുത്തുക എന്നിങ്ങനെയാണ് പുതുക്കിയ പദ്ധതിയിലെ വ്യവസ്ഥകൾ. ഈ വ്യവസ്ഥ പ്രകാരം വീണ്ടും ദർഘാസ് ക്ഷണിക്കുകയും ഇലക്ട്രിക് ബസ്സ് നിർമ്മാണ കമ്പനികൾ ഇതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. KIIFB വഴി ധനസഹായം ലഭ്യമായ സാഹചര്യത്തിലാണ് കേരള സർക്കാർ 95 ലക്ഷം രൂപ CAPEX ധനസഹായം വാഗ്ദാനം ചെയ്തത്. എന്നാൽ കിലോമീറ്ററിന് മിനിമം 60/- രൂപ നിരക്കിൽ നൽകിയാൽ മാത്രമേ 55 ലക്ഷം രൂപ സബ്‌സിഡയായി നൽകുവാൻ സാധിക്കുകയുള്ളു എന്ന് FAME-II പദ്ധതിയുടെ മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി. ഒരു കിലോമീറ്ററിന് 30 രൂപയാണ് നിരക്ക് എങ്കിൽ 27.5 ലക്ഷം രൂപ മാത്രമേ കേന്ദ്ര സബ്‌സിഡിയായി ലഭിക്കുകയുള്ളുവെന്ന് DHI – യും അറിയിച്ചു. പ്രസ്തുത സാഹചര്യം DHI ഉദ്യോഗസ്ഥരുമായി ഗതാഗത സെക്രട്ടറി/CMD നേരിട്ട് സംസാരിച്ച് സ്ഥിതീകരിക്കുകയും തുടർന്ന് പ്രസ്തുത ദർഘാസ് റദ്ദാക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തുടർന്ന് സംസ്ഥാന സർക്കാർ KIIFB മുഖാന്തിരം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ബസ്സൊന്നിന് 95ലക്ഷം രൂപ വച്ച് 50 ഇലക്ട്രിക് ബസ്സുകൾ വാങ്ങുവാൻ ദർഘാസ് ക്ഷണിക്കുകയും ആദ്യ ഘട്ടമായി 25 ഇലക്ട്രിക് ബസ്സുകൾ ഇപ്പോൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര മന്ത്രിയെ ഞാൻ തന്നെ നേരിൽ കാണുകയും FAME-II പദ്ധതിയിലെ മാർഗ്ഗ നിർദ്ദേശങ്ങളിലെ പ്രതികൂല സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ FAME-II പദ്ധതി അംഗീകരിച്ചു പോയതിനാലും പല സംസ്ഥാനങ്ങളും പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചതിനാലും അടുത്ത സ്‌കീമിൽ വ്യവസ്ഥകളിൽ മാറ്റം വരുത്താം എന്ന് അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓർഡിനൻസിലെ വിവരങ്ങൾ പരിശോധിക്കാൻ സമയം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താൻ ഡൽഹിയിലെത്തിയത് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് എന്നാൽ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകൾ പഠിക്കാതെ ഒപ്പിടാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ഫയലിലുള്ളത് എന്താണെന്ന് തനിക്കറിയണമെന്നും ഗവർണർ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനങ്ങൾ നടന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും അദ്ദേഹം ചോദിച്ചു.

ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകൾ തിങ്കളാഴ്ച അസാധുവാകും. ലോകയുക്ത ഓർഡിനൻസിൽ ഒരിക്കൽ ഗവർണർ ഒപ്പിട്ടിരുന്നതാണ്. എന്നാൽ നിയമസഭയിൽ ബിൽ കൊണ്ട് വരാത്തതിനാൽ ഇത് അടക്കം ഉള്ള ഓർഡിനൻസുകൾ പുതുക്കി ഇറക്കാൻ ജൂലൈ 27-ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു.

ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ഗവർണ്ണർ അന്ന് ഒപ്പിട്ടത്.

കൊച്ചി: മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാർട്ട്‌മെന്റിലാരംഭിക്കുന്ന ‘ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം’ എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷ നൽകാം.

യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധിയില്ല. ഫീസ് 15,000/- രൂപ. 60 മണിക്കൂറാണ് (പരമാവധി അഞ്ച് മാസം) സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ കാലാവധി. ക്ലാസ് സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും അധ്യയനം നടക്കുന്നത്.

സർവ്വകലാശാല വെബ്‌സൈറ്റായ www.ssus.ac.in ൽ അപേക്ഷ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മോഹിനിയാട്ടം വിഭാഗം മേധാവിയുടെ പേരിൽ അയയ്ക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അഭിരുചി പരീക്ഷ ഓഗസ്റ്റ് 25ന് രാവിലെ 10ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിരുചി പരീക്ഷയിൽ ഹാജരാകേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം : ഡോ. അബു. കെ. എം., വകുപ്പ് മേധാവി, മോഹിനിയാട്ടം വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം-683574. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8921302223

കൊച്ചി: സപ്ലൈകോയിൽ ജനറൽ മാനേജരായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിയമനം ലഭിച്ചത്. മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.

ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് സർക്കാർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും കൊലക്കേസ് പ്രതിയെ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആരോപിച്ച് മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷൻ എ എം നസീർ രംഗത്തെത്തിയിരുന്നു. മജിസ്റ്റീരിയൽ അധികാരമുള്ള ജില്ലാ കളക്ടർ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും നസീർ അഭിപ്രായപ്പെട്ടിരുന്നു.

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗവും വിഷയത്തിൽ അതൃപ്തി അറിയിച്ചിരുന്നു. ഇതോടെയാണ് ശ്രീറാമിനെ കളക്ടർ പദവിയിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. നിരോധിത സാറ്റ്‌ലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിന്നുവെന്നാണ് സ്വപ്‌നയുടെ പുതിയ ആരോപണം.

സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു നിരോധിത ഫോൺ കൈവശം വെച്ചു എന്നതിനായിരുന്നു പരാതി നൽകിയത്. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യം ലഭിച്ചുവെന്നും ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടൽ നടത്തിയെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.

നേരത്തെയും മുഖ്യമന്ത്രിക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ച് സ്വപ്‌ന രംഗത്തെത്തിയിരുന്നു. സ്പ്രിംഗ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ്. സ്പ്രിംഗ്ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. എക്സോലോജിക്കിന്റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.