അറ്റാദായത്തിൽ ചരിത്ര നേട്ടവുമായി കേരളാ സോപ്‌സ്; സർക്കാർ സ്ഥാപനത്തിൻ്റെ നേട്ടം പങ്കുവച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം: അറ്റാദായത്തിൽ ചരിത്ര നേട്ടവുമായി കേരളാ സോപ്‌സ്. മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ നേട്ടത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ തിരിച്ചുവരവുകളുടെ കഥ ചൊല്ലുന്ന കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്‌സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽ എത്തിക്കുകയും ചെയ്തു. ആധുനികവൽക്കരണവും വൈവിധ്യവൽക്കരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന കേരള സോപ്‌സ് തീർച്ചയായും 2023-24ൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പാണെന്ന് മന്ത്രി അറിയിച്ചു.

ഇതിനോടകം തന്നെ സൗദി അറേബ്യയിലേക്ക് സോപ്പുകൾ കയറ്റി അയക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞു. ആറോളം പുതിയ ഉൽപ്പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കേരള സാന്റൽ, വേപ്പ്, കൈരളി, കാർബോളിക്, വാഷ് വെൽ എന്നിവ കേരള സോപ്‌സിന്റെ ജനപ്രിയ ഉത്പന്നങ്ങളാണ്. ഇതിന് പുറമെയാണ് ഡിറ്റർജന്റ്, ഹാന്റ് വാഷ്, ഡിഷ് വാഷ് തുടങ്ങിയ പ്രൊഡക്റ്റുകളും വിപണിയിലെത്തിച്ചിരിക്കുന്നത്.