സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെച്ചൊല്ലി വീണ്ടും വിവാദം; ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്‌കാരം അട്ടിമറിച്ചെന്ന് പരാതി

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെച്ചൊല്ലി വീണ്ടും വിവാദം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്‌കാരം അട്ടിമറിച്ചെന്നാണ് ഉയർന്നിട്ടുള്ള ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്‌കാരം നൽകിയതാണ് വിവാദത്തിന് കാരണം.

പൂർണമായും ട്രാൻസ് വിഭാഗത്തെ അവഗണിച്ചതിനെതിരെ സാംസ്‌കാരിക മന്ത്രിക്കു പരാതി നൽകുമെന്ന് ട്രാൻസ് വിഭാഗത്തിൽ നിന്നുള്ള അഭിനേതാവായ റിയ ഇഷ പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തെ ഉൾപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. അന്തരം എന്ന സിനിമയിലെ പ്രധാനകഥാപാത്രം അവതരിപ്പിച്ച എസ്.നേഘയ്ക്കാണ് കഴിഞ്ഞ വർഷം ട്രാൻസ് ജെൻഡർ വിഭാഗത്തിലെ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നൽകിയിരുന്നത്. എന്നാൽ ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിൽ സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് എന്ന പേരിലാണ് പുരസ്‌കാരം നൽകിയത്.

റിയ ഇഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദേഴ്‌സ് എന്ന സിനിമയുൾപ്പെടെ ഏതാനും സിനിമകൾ ട്രാൻസ് വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചവയാണ്. ട്രാൻസ് സമൂഹത്തെ പൂർണമായും ഒഴിവാക്കി ഒരു വനിതാ സംവിധായികയ്ക്ക് പുരസ്‌കാരം നൽകിയതിലാണ് പരാതിയെന്ന് റിയ ഇഷ പറയുന്നു.