General (Page 404)

ശ്രീനഗർ: ഔദ്യോഗിക കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത് വരെ ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ലെന്ന് വ്യക്തമാക്കി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് മാത്രമെ നിയമം നടപ്പാക്കാവൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒരു നിർദ്ദേശം വരുന്നതിന് മുമ്പ് ഒന്നിനും മുൻകൈയെടുക്കുന്നില്ല. യുസിസി ഒരു ഏകീകൃത രീതിയിൽ നടപ്പിലാക്കുകയും എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തുകയും ചെയ്താൽ, നമുക്ക് സംസാരിക്കാം. എന്നാൽ വടക്കുകിഴക്കൻ ഗോത്രങ്ങളെപ്പോലെ ചില സമുദായങ്ങൾക്ക് ഇളവ് ലഭിക്കുകയാണെങ്കിൽ, മുസ്ലീങ്ങളും ഇളവ് ആവശ്യപ്പെടും. അപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ അർത്ഥമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഓണപരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. വിദ്യാഭാസ കലണ്ടർ പ്രകാരം 17 നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ 19 ന് മിക്ക സ്കൂളുകളിലും പി എസ് സി എക്‌സാം ഉള്ളതിനാൽ ഒരു ദിവസം മുൻപ് പരീക്ഷ തുടങ്ങാൻ ക്വളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം യോഗം തീരുമാനിക്കുകയായിരുന്നു.

എൽ പി സ്കൂളിൽ 19 ന് പരീക്ഷ തുടങ്ങി 24 ന് അവസാനിക്കുമ്പോൾ യു പി ഹൈസ്കൂൾ തലങ്ങളിൽ പരീക്ഷകൾ 16 ന് ആരംഭിക്കും. ദിവസ വേതനം വാങ്ങുന്ന അധ്യാപകർക്ക് കുടിശിക ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭാസ ഡയറക്ടർ എസ് ഷാനവാസ് അറിയിച്ചു. യു എസ് എസ്, എൽ എസ് എസ് സ്കോളർഷിപ് കുടിശികയും മൂല്യ നിർണയ പ്രതിഫലവും അധ്യാപക സംഘടനകൾ ചോദിച്ചപ്പോൾ സർക്കാർ പണം അനുവദിച്ചാലേ നല്കാനാകുവെന്ന് ഡി ജി ഇ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ആരോപണങ്ങളിൽ രഞ്ജിത്ത് ആണ് മറുപടി പറയേണ്ടതെന്നും അതിന് മുൻപ് മന്ത്രി ക്ലീൻ ചിറ്റ് നൽകിയതെങ്ങനെയെന്നും വിനയൻ ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിന്റെ ആരോപണത്തിനുള്ള മറുപടി. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി പുഷ്പരാജ് എത്തിക്കോളും പുറകേ മാത്രമേ താൻ വരേണ്ടതുള്ളു. അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വിനയൻ ചൂണ്ടിക്കാട്ടി.

നേമം പുഷ്പരാജിനെ കൂടാതെ മറ്റൊരു ജൂറി അംഗമായ ജിൻസി ഗ്രിഗറിയും രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ ഒന്ന് അന്വേഷിച്ചിട്ട് വേണമായിരുന്നു മന്ത്രി ക്ലീൻ ചിറ്റ് കൊടുക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്റ്റേറ്റ് സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിൻപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുത്തതായി ന്യൂസിൽ കണ്ടു..

ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ..

അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?.. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്..അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ?

അവർഡു നിർണ്ണയത്തിന്റെ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്‌കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസ്സംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലന്ന്.. ചുരുങ്ങിയ പക്ഷം അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാർ.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായീ ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാർ.. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രി മനു അതു നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു

എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാ.. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്‌നം.. അവാർഡ് നിർണ്ണയത്തിൽ സർക്കാരിന്റെ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം.. ജൂറി മെമ്പർമാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പാമാരോ അല്ലേ അതിനുത്തരം പറയേണ്ടത്,, നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി..

അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചിറ്റു കൊടുക്കാൻ.. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ..

ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിന്റെ ആരോപണത്തിനുള്ള മറുപടി.. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി ശ്രി പുഷ്പരാജ് എത്തിക്കോളും പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു..

അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം

തിരുവനന്തപുരം : തനിക്കെതിരെയുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ ഷംസീർ രംഗത്തെത്തി. ഹിന്ദു ആരാധന ദൈവങ്ങളുമായി ബന്ധപ്പെട്ട ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിഷേധം ആളി കത്തുന്നതിനിടെയാണ് പ്രതികരണവുമായി സ്പീക്കർ ഇന്ന് മാധ്യമങ്ങളെ കണ്ടത്. മതവിശ്വാസികളെ വേദനിപ്പിയ്ക്കാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണ്. ഒരു വിശ്വാസിയെയും വിഷമിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഭരണഘടനാപരമായി ശാസ്ത്ര ബോധം വളർത്തണമെന്നാണ് പറഞ്ഞത്.

തനിക്ക് മുന്പും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ടെന്നും എന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും ഷംസീർ കൂട്ടി അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കുന്നവർക്ക് പ്രതികരിക്കാമെന്നും ആകാശത്തു നിന്ന് പൊട്ടി വന്നതല്ല ആരുമെന്നും സ്പീക്കർ പറഞ്ഞു. തനിക് അഭിപ്രായം പറയാനുള്ള അധികാരമുള്ള പോലെ എൻ എസ് എസ് സെക്രട്ടറിക്കും അഭിപ്രായം പറയാൻ അധികാരമുണ്ടെന്നും ഷംസീർ കൂട്ടി ചേർത്തു. നിലപാട് തിരുത്തുമോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയെങ്കിൽ ആദ്യം തിരുത്തേണ്ടത് ഭരണഘടനയല്ലേ എന്ന മറു ചോദ്യമാണ് സ്പീക്കർ ചോദിച്ചത്.

മുംബൈ : പ്രശസ്ത കല സംവിധായകൻ നിതിൻ ദേശായി അന്തരിച്ചു. 58 വയസുണ്ടായിരുന്ന നിതിനെ മഹാരാഷ്ട്രയിലെ റെയ്ഗഡിലുള്ള സ്വന്തം സ്റ്റുഡിയോയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 1987 ൽ തമസ് എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് കലാസംവിധായകനായി അരങ്ങേറ്റം കുറിച്ച നിതിൻ ദേശായി ഹം ദിൽ കെ ചുകേ സനം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ ചേക്കേറിയത്.

ലഗാൻ, സ്വദേശ്, ജോധാ അക്ബർ, ദേവദാസ്, പ്രേം രഥൻ ധൻ പായോ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ഒട്ടനവധി മറാത്തി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 3 ഫിലിം ഫെയർ അവാർഡുകളും 4 ദേശീയ ചലച്ചിത്ര അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2016 ൽ നിതിൻ ദേശായിയെ രാജ്യം പത്മ ശ്രീ നൽകി ആദരിച്ചിരുന്നു.

ഹൈദരാബാദ് : ഒരു പാർട്ടിയുമായി സഖ്യം ചേരാൻ തയ്യാറല്ലെന്ന് ചന്ദ്രശേഖർ റാവു വ്യക്തമാക്കി. എൻ ഡി എ യുമായോ ഇന്ത്യ എന്ന സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കാതെ സ്വതന്ത്രമായി നിൽക്കാൻ ബി ആർ എസിനാകുമെന്നും രാജ്യത്ത് മാറ്റം കൊണ്ട് വരാനുതകുന്ന സമാന മനസുള്ള രാഷ്ട്രീയ നേതാക്കൾ തങ്ങൾക്കുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് 50 വർഷം രാജ്യം ഭരിച്ചിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിൽ മാറ്റം കൊണ്ട് വരാൻ ബി ആർ എസ്സിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതൃ നിരയിലെ നേതാക്കൾ ആദ്യം സ്വന്തം നിലപാട് വ്യക്തമാക്കണമെന്ന് പറഞ്ഞതിലൂടെ ശരദ് പവാറിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. മുംബൈയിൽ ലോകമാന്യ തിലക് പുരസ്‌കാരം പ്രധാനമന്ത്രിയ്ക്ക് നൽകുന്ന വേദിയിൽ ശരദ് പവാറെത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബി ആർ എസ് മഹാരാഷ്ട്രയിൽ പാർട്ടി പ്രവർത്തനം ശക്തമാക്കുന്നതിനെതിരെ ശരദ് പവാർ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം : ഷംസീറിന്റെ പ്രസ്താവന ഹിന്ദു മത വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായിരുന്നുവെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും സ്‌പീക്കർ നിലപാട് തിരുത്തണമെന്നും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ബി ജെ പി അവസരം മുതലെടുക്കുന്നെന്നും എരി തീയിൽ എണ്ണ ഒഴിക്കണ്ട എന്ന് കരുതിയാണ് കോൺഗ്രസ് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളമൊഴിച്ചു തണുപ്പിക്കാൻ ശ്രമിക്കേണ്ട വിഷയത്തെ ആളിക്കത്തിച്ചത് സി പി എം ആണെന്ന വിമർശനവും സതീശൻ ഉന്നയിച്ചു. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്, ബി ജെ പിയെ തിരിച്ചറിയാൻ എൻ എസ് എസ് ശ്രെമിക്കണം എന്ന് കൂടി പ്രതിപക്ഷ നേതാവ് പറഞ്ഞു. ന്യുനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയവാദം കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്നും കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിലൂടെ വോട്ട് വേണ്ടെന്ന നിലപാട് കടുപ്പിച്ചുമാണ് സതീശൻ പ്രതികരണം അവസാനിപ്പിച്ചത്

ഡൽഹി : 6 മാസമായി ലൈഫ് മിഷൻ കോഴ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നട്ടെല്ലിന് ശസ്ത്ര ക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധർ നൽകിയ ശസ്ത്രക്രിയ വേണമെന്ന റിപ്പോർട്ടും ഈ കേസിലെ മറ്റ് പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയെന്നുള്ള വസ്തുതയും ശിവശങ്കറിന്റെ അഭിഭാഷകൻ ജയ്‌ദദീപ് ഗുപ്ത ചൂണ്ടികാട്ടിയതോടെയാണ് ജാമ്യം ലഭിച്ചത്. ഇ ഡി ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ജാമ്യത്തിനായുള്ള അപേക്ഷയെ രൂക്ഷമായി വിമർശിച്ചു.

കസ്റ്റഡിയിൽ തുടർന്ന് ശസ്ത്രക്രിയ നടത്തിക്കൂടേയെന്ന് തുഷാർ മെഹ്ത വാദിച്ചെങ്കിലും ഇതിന് ശേഷം തുടർ ചികിത്സ വേണ്ടി വരുമെന്ന് പറഞ്ഞാണ് 2 മാസത്തെ ജാമ്യം കോടതി നൽകിയത്. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി 14 നാണ് എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളുടെ ജാമ്യഅപേക്ഷ കോടതി തള്ളിയിരുനെങ്കിലും ഇപ്പോൾ സാക്ഷികളെ സ്വാധീനിക്കരുത്, കാണരുത് എന്ന കർശന ഉപാദികളോടെയാണ് ജാമ്യം നൽകിയത്. എന്നാൽ വിചാരണ നടന്നു കൊണ്ടിരിക്കുമ്പോൾ ശിവശങ്കർ ജാമ്യത്തിലിറങ്ങുന്നത് കേസിനെ ബാധിക്കുമെന്നാണ് ഇ ഡി പറയുന്നത്.

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരായ എൻഎസ്എസ് നിലപാടിന് പിന്തുണയുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഷംസീറിനെതിരായ എൻഎസ്എസ് നിലപാടിനൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസ് എടുക്കുന്ന ഏത് തീരുമാനവും താൻ ഉൾപ്പെടെ മുഴുവൻ സമുദായ അംഗങ്ങളും അംഗീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എൻഎസ്എസ് എൻ എംസീറിനെതിരെ തിരിഞ്ഞത്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനും എൻഎസ്എസ് തീരുമാനിച്ചിരുന്നു.

എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്ക് കത്തയച്ചിരുന്നു.

കോട്ടയം : സ്‌പീക്കറുടെ ഗണപതി വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് നായർ സർവീസ് സൊസൈറ്റി ആഹ്വാനം ചെയ്ത വിശ്വസംരക്ഷണ ദിനാചരണത്തിന് തുടക്കമായി. പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി സുകുമാരൻ നായർ വഴിപാടും പ്രാർത്ഥനയും നടത്തി. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ നാമജപ ഘോഷയാത്രയ്ക്കും എൻ എസ് എസ് തീരുമാനിച്ചിട്ടുണ്ട്. സ്‌പീക്കറുടെ പരാമർശം ഹിന്ദുക്കളുടെ ചങ്കിൽ തറച്ചെന്നും ഷംസീർ നടത്തിയത് ഹൈന്ദവ വിരോധമാണെന്നും എൻ എസ് എസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ജാതിക്കാരെയും അംഗീകരിച്ച് ഹിന്ദുക്കൾ മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള പരാമർശം ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സുകുമാരൻ അഭിപ്രായപ്പെട്ടു. നായർ സമുദായം സുകുമാരന്റെ കീശയിലാണെന്ന് പറഞ്ഞ സി പി എം നേതാവ് ബാലനെതിരെ പ്രതികരിക്കാനും അദ്ദേഹം മറന്നില്ല . ബാലനൊക്കെ ആര് മറുപടി കൊടുക്കും എന്നായിരുന്നു എൻ എസ് എസ് പ്രസിഡന്റിന്റെ ആരോപണം. ഷംസീർ മാപ്പ് പറയണമെന്നും തങ്ങൾ ബി ജെ പിക്ക് എതിരല്ലെന്നും ഈ വിഷയത്തിൽ ബി ജെ പിയുടെ സമീപനം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.