കൈലാസപർവ്വതം ഇനി ഇന്ത്യയിൽ നിന്നു തന്നെ കാണാം; വ്യൂ പോയിന്റ് സജ്ജമാകുന്നു

കൈലാസപർവ്വതം ഇനി ഇന്ത്യയിൽ നിന്നു തന്നെ കാണാം. ഹിമവാന്റെ മടിത്തട്ടിൽ ടിബറ്റിന്റെ തെക്കുപടിഞ്ഞാറായി ഇന്ത്യയുടെ കുമയോൺ അതിർത്തിയിലാണ് കൈലാസ പർവതം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യൻ അതിർത്തി വഴി ഇവിടെയെത്താനുള്ള റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. സെപ്തംബർ മാസത്തോടെ ഈ പാത ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ കെഎംവിഎൻ ഹട്ട്സ് മുതൽ ചൈനീസ് അതിർത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും ബോർഡർ റോഡ് ഓർഗനൈസേഷൻ അറിയിച്ചു.

ഡൽഹിയിൽ നിന്ന് 865 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 6,690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസം. ഹിന്ദുമത സങ്കൽപത്തിൽ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ബുദ്ധ, ജൈന മതക്കാർക്കും ഇവിടം ഏറെ പ്രധാന്യമുള്ളതാണ് ഈ സ്ഥലം.