സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം കുറഞ്ഞു; വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണത്തിലും കുറവ്

കൊച്ചി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം 58.19 ശതമാനമായി കുറഞ്ഞു. വനംമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയ സർവേ പ്രകാരം 2,386 ആനകളാണ് കേരളത്തിലുള്ളത്. 2017-ൽ ഇത് 5,706 ആയിരുന്നു.

എലഫെന്റ് റിസർവുകളുടെ അന്തർസംസ്ഥാന അതിർത്തി- 957 കി.മീ. ആണ്. ആയതിനാൽ ആനകളുടെ അന്തർ സംസ്ഥാന സഞ്ചാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതും സംസ്ഥാനത്തിനുള്ളിലെ കാട്ടാനകളുടെ എണ്ണത്തിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നതുമാണ്. വരൾച്ച, കാട്ടുതീ എന്നിവ ഇപ്രകാരമുള്ള പാലായനത്തെ വർദ്ധിപ്പിക്കുന്നു.

അതേസമയം, വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. നിലവിൽ വയനാട്ടിൽ കടുവകളുടെ എണ്ണം 84 മാത്രമാണ്. 2018-ൽ ഇത് 120 കടുവകളുണ്ടായിരുന്നു. വയനാട്, ആറളം, കൊട്ടിയൂർ എന്നീ വന്യജീവി സങ്കേതങ്ങളും, സൗത്ത് വയനാട്, നോർത്ത് വയനാട്, കണ്ണൂർ എന്നീ വന ഡിവിഷനുകളിലെ കർണ്ണാടക സംസ്ഥാനത്തിലെ വനവുമായി ചേർന്ന് കിടക്കുന്ന വന മേഖലയും ഉൾപ്പെടുന്നതാണ് വയനാട് ലാൻഡ് സ്‌കേപ്പ്.