വൈദ്യുതി സ്മാർട്ട് മീറ്റർ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ; കാരണം യൂണിയനുകളുടെ എതിർപ്പ്

തിരുവനന്തപുരം: വൈദ്യുതി സ്മാർട്ട് മീറ്റർ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. ഇതോടെ നവീകരണത്തിനായി കെഎസ്ഇബി ഏറ്റെടുക്കുന്ന വൻ സാമ്പത്തിക ബാദ്ധ്യത ജനങ്ങളുടെ ചുമലിലാവും. യൂണിയനുകളുടെ എതിർപ്പാണ് ഉപേക്ഷിക്കാനുള്ള മുഖ്യകാരണം. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാത്തുകയിൽ 4000 കോടി രൂപ കേന്ദ്രം വെട്ടിക്കുറയ്ക്കും.

ആധുനികവൽക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ ഉപേക്ഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

വൈദ്യുതി വിതരണ നവീകരണത്തിന് (റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം- ആർ.ഡി.എസ്.എസ്) 60 ശതമാനം ധനസഹായത്തോടെ കേന്ദ്രം അനുവദിച്ച 12131കോടി രൂപ കിട്ടാതാവും. ഇതു പ്രതീക്ഷിച്ച് കെഎസ്ഇബി തുടങ്ങിവച്ച നവീകരണ പ്രവൃത്തികൾ മുടങ്ങും. അല്ലെങ്കിൽ തുക സ്വയം കണ്ടെത്തണം.

സ്മാർട്ട് മീറ്റർ വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുമെന്നും പൊതുജനങ്ങൾക്ക് അധിക സാമ്പത്തികബാദ്ധ്യത വരുത്തുമെന്നും ആക്ഷേപം ഉയർന്നിരുന്നു. ആർ.ഡി.എസ്.എസിനോട് എതിർപ്പില്ലെങ്കിലും സ്മാർട്ട്മീറ്റർ ഒഴിവാക്കി ഇത് നടപ്പാക്കാൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്ന് അറിഞ്ഞാണ് ഇതും ഉപേക്ഷിക്കാൻ തീരുമാനിച്ചത്.