ഷംസീറിന്റെ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിച്ചു ; നിലപാട് തിരുത്തേണ്ടതായുണ്ടെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : ഷംസീറിന്റെ പ്രസ്താവന ഹിന്ദു മത വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായിരുന്നുവെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും സ്‌പീക്കർ നിലപാട് തിരുത്തണമെന്നും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ബി ജെ പി അവസരം മുതലെടുക്കുന്നെന്നും എരി തീയിൽ എണ്ണ ഒഴിക്കണ്ട എന്ന് കരുതിയാണ് കോൺഗ്രസ് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളമൊഴിച്ചു തണുപ്പിക്കാൻ ശ്രമിക്കേണ്ട വിഷയത്തെ ആളിക്കത്തിച്ചത് സി പി എം ആണെന്ന വിമർശനവും സതീശൻ ഉന്നയിച്ചു. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്, ബി ജെ പിയെ തിരിച്ചറിയാൻ എൻ എസ് എസ് ശ്രെമിക്കണം എന്ന് കൂടി പ്രതിപക്ഷ നേതാവ് പറഞ്ഞു. ന്യുനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയവാദം കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്നും കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിലൂടെ വോട്ട് വേണ്ടെന്ന നിലപാട് കടുപ്പിച്ചുമാണ് സതീശൻ പ്രതികരണം അവസാനിപ്പിച്ചത്