General (Page 403)

ന്യൂഡൽഹി: രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയ്ക്കായി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വിശ്വകർമ്മ യോജന എന്ന പേരിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. കർത്തവ്യപഥിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന പരമ്പരാഗത മേഖലയ്ക്കായി 13,000 കോടി രൂപയുടെ ബൃഹത് സംരംഭമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

വിശ്വകർമ ജയന്തി ദിനമായ സെപ്തംബർ 17-ന് പദ്ധതിയ്ക്ക് തുടക്കം കുറിക്കും. രാജ്യത്തെ സ്വർണ്ണപ്പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ എന്നിവർക്കായി വിശ്വകർമ യോജന ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും ഒബിസി വിഭാഗക്കാരാണ്. ഈ വിഭാഗത്തിന് പദ്ധതി പ്രയോജനം ചെയ്യും.

പദ്ധതിയ്ക്കായി 13,000- 15,000 കോടി രൂപ കേന്ദ്ര സർക്കാർ മാറ്റിവെയ്ക്കും. ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് സ്ത്രീകളടക്കമുള്ള പരമ്പരാഗത വിദഗ്ധ തൊഴിലാളികൾക്ക് മികച്ച പങ്ക് വഹിക്കാൻ സാധിക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു.

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.

ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വീട് എന്ന് താൻ വിളിക്കുന്ന ഭൂമിയിൽ കഴിഞ്ഞ വർഷം 145 ദിവസം നടന്നു കൊണ്ട് ചിലവഴിച്ചു. സമുദ്രതീരത്തുനിന്ന് ആരംഭിച്ച യാത്ര വെയിലും മഴയും പൊടിപടലങ്ങളുമേറ്റ് കാടുകളും നഗരങ്ങളും കുന്നുകളും താണ്ടി ഞാൻ ഏറെ സ്‌നേഹിക്കുന്ന കശ്മീരിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് ജോഡോ യാത്ര തുടങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ തനിക്ക് വേദനയും തുടങ്ങി. ഫിസിയോതെറാപ്പി ഒഴിവാക്കിയതോടെ തന്റെ കാൽമുട്ടിന്റെ വേദന തിരികെ വന്നു. ഏതാനും ദിവസത്തെ നടത്തത്തിനുശേഷം തന്റെ ഫിസിയോ തങ്ങൾക്കൊപ്പം യാത്രയിൽ പങ്കാളിയായി. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചെങ്കിലും വേദന പൂർണമായും കുറഞ്ഞില്ല. പിന്നീടാണ് താൻ ഒരു കാര്യം ശ്രദ്ധിച്ചത്. യാത്ര ഉപേക്ഷിക്കാമെന്ന് കരുതുമ്പോഴെല്ലാം അത് തുടരാനുള്ള ഊർജം തനിക്ക് എവിടെ നിന്നെങ്കിലും ലഭിക്കും. യാത്ര തുടർന്നു. കൂടുതൽ ആളുകൾ ഈ യാത്രയിൽ പങ്കാളികളാകുന്നതായി താൻ കണ്ടുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഓണക്കാലത്ത് കേരളത്തിലേക്ക് പ്രത്യേക വിമാന സർവ്വീസ് പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്.

ഓണമായതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ വില വിമാന കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിഷയം പരിഗണനയിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്.

തിരുവനന്തപുരം: ലോകോത്തര കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടി എല്ലാ വർഷവും നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആദ്യമായി ഈ വർഷം നവംബർ 1 മുതൽ 7 വരെ നടത്തുന്ന കേരളീയം-2023 മഹത്തും ബൃഹത്തുമായ സാംസ്‌കാരിക ഉത്സവമായിരിക്കും. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാ വർഷവും അതാത് വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നത്,’കേരളീയം-2023 സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്ക് മാത്രം സാധ്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ നാടാണ് കേരളം. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കേണ്ടതുണ്ട്. ആ ചിന്തകളെ മുൻനിർത്തിയുള്ളതാണ് കേരളീയം-2023. കേരളീയത ഒരു വികാരമാവണം. ആ വികാരത്തിൽ കേരളീയരാകെ ഒരുമിക്കണം. ഭാരതത്തിനാകെ അഭിമാനം നൽകുന്ന കേരളീയത. അതെന്താണെന്ന് ലോകം അറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളപ്പിറവി ദിനം മുതൽ ഒരാഴ്ചക്കാലം തലസ്ഥാന നഗരിയിൽ നടക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ വാഹന ഗതാഗതം ഉണ്ടാവില്ല. പ്രധാന നിരത്തുകളിൽ ജനങ്ങളാണ് ഉണ്ടാവുക. ട്രാഫിക് വഴി തിരിച്ചുവിടും. 60 വേദികളിലായി 35 ഓളം പ്രദർശനങ്ങൾ ഇവിടെ അരങ്ങേറും. ഈ വീഥി മുഴുവൻ ദീപങ്ങൾ കൊണ്ടു അലങ്കരിക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ആറ് ട്രേഡ് ഫെയറുകൾ, അഞ്ചു വ്യത്യസ്ത തീമുകളിൽ ചലച്ചിത്രമേളകൾ, അഞ്ചു വേദികളിൽ ഫ്‌ളവർഷോ, എട്ടു വേദികളിൽ കലാപരിപാടികൾ, നിയമസഭയിൽ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവ അരങ്ങേറും. കേരളീയം 2023 ൽ പങ്കെടുക്കാൻ അന്തർദേശീയ, ദേശീയ പ്രമുഖർ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ വരും. അവർ തിരികെപ്പോയി കേരളത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യും. അത് നമുക്ക് പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലോകം മാറുമ്പോൾ നാം മാറേണ്ടതില്ല എന്ന അടഞ്ഞ ചിന്ത പാടില്ലെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ലോകത്തിന്റെ എല്ലാ കോണിലേക്കും പടർന്നുപന്തലിച്ച സമൂഹമായ മലയാളിക്ക് അല്ലാതെ വേറെ ആർക്കാണ് കേരളം എന്ന വികാരം ഇങ്ങനെ പ്രദർശിപ്പിക്കാൻ കഴിയുക? നമ്മുടെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ ലോകത്തെക്കുറിച്ച് നമുക്ക് ഉണ്ടാകേണ്ട അറിവുകൾ ഏതൊക്കെയാണെന്നും അവ എങ്ങനെ ഇവിടെ നടപ്പാക്കണമെന്ന് കൂടി കേരളവും 2023 അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളി സമൂഹം ഭൂഖണ്ഡാന്തരങ്ങളിലേക്ക് വളർന്നു പന്തലിച്ചു. ലോകമലയാളി എന്ന സങ്കല്പം തന്നെയുണ്ടായി. മലയാളി എത്തിചേർന്ന നാടുകളിലൊക്കെ അവിടുത്തെ സാമൂഹ്യപുരോഗതിക്കായി പ്രവർത്തിച്ചു. ഇത് ആ നാടിന് മലയാളികളോട് താല്പര്യം തോന്നാൻ ഇടയാക്കി. ആ താല്പര്യത്തെ കേരളീയം 2023 പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയിൽ ഊന്നിനിന്ന് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുകയാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി നിർമിത ബുദ്ധിയും മെഷീൻ ലേണിംഗും റോബോട്ടിക്സും ഉൾപ്പെടുന്ന പുതിയ അറിവുകൾ ഉല്പാദിപ്പിക്കുന്ന ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി മാറാൻ ഒരുങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ സവിശേഷതകൾ കേരളീയത്തിൽ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നമ്മുടെ പുതിയ തലമുറയുടെ മികവ് ലോകത്തിന് അറിയാനുള്ള അവസരം കൂടിയാണ് ഈ പരിപാടി. നമ്മുടെ സമഗ്രവികസന കാഴ്ചപ്പാടിനെ അത് ഉത്തേജിപ്പിക്കും. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത, മധ്യ വരുമാന രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊർജ്ജം പകരും. നവകേരള നിർമിതിയുടെ വാതിൽ തുറക്കുന്ന പല പരിപാടികളുടെയും സമന്വയമാണ് കേരളീയം-2023. കേരളത്തിന്റെ നേട്ടങ്ങളെ ഇക്കഴ്ത്തി കാട്ടാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടി യഥാർത്ഥ കേരളത്തെ ഉയർത്തിക്കാട്ടുക എന്നതാണെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

പരിപാടിയിൽ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു. കേരളീയം 2023 തിരുവനന്തപുരത്ത് നടക്കുന്നതിന് അനുബന്ധമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നിയമസഭ വേദിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചെയർമാൻ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി പി ശിവൻകുട്ടിയാണ്. ചീഫ് സെക്രട്ടറി ഡോ. വി വേണു ജനറൽ കൺവീനറും വ്യവസായ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ കൺവീനറുമാണ്. ജനറൽ കമ്മിറ്റി മുഖ്യരക്ഷാധികാരികൾ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ.കെ ആൻറണി, വി.എസ് അച്യുതാനന്ദൻ എന്നിവരാണ്.

രക്ഷാധികാരികളായി സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രിമാർ എന്നിവർ ഉൾപ്പെടും. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ആണ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ. കേരളീയം 2023 ന്റെ താൽക്കാലിക ഓഫീസ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ പ്രവർത്തനം തുടങ്ങി. പരിപാടി സംബന്ധിച്ചു എല്ലാ വകുപ്പുകളും സെപ്റ്റംബർ എട്ടിനകം ആദ്യയോഗം ചേർന്നു ആശയം സമർപ്പിക്കണം. സെപ്റ്റംബർ 20 നകം അന്തിമ ആശയവും നൽകണം. പരിപാടി ആരംഭിക്കുന്ന നവംബർ ഒന്നിന് ഉദ്ഘാടനം നടക്കും. നവംബർ 2 മുതൽ 6 വരെ നാല് വേദികളിലായി വിവിധ വിഷയങ്ങളിൽ 20 സെമിനാറുകൾ നടക്കും. നവംബർ 7 ന് നവകേരളത്തെകുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചു കൊണ്ടായിരിക്കും പരിപാടിയുടെ സമാപനം.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു, ജി.ആർ അനിൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ എന്നിവർ പങ്കെടുത്തു. കലാ, സാഹിത്യ, സാംസ്‌കാരിക,വ്യാപാര വാണിജ്യ മേഖലകളിലെ പ്രഗൽഭർ സംബന്ധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാർഥികൾക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്നു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.

സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ മെഡിക്കൽ കോളജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കുള്ള മെസ് വൃത്തിഹീനമായി കണ്ടെത്തിയതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. സംസ്ഥാനത്താകെ കാന്റീൻ, മെസ്, തുടങ്ങിയ 22 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴ് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി.

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ക്യാമ്പസുകളിലെ ചില കാന്റീനുകളും വിദ്യാർഥികളുടെ ഹോസ്റ്റൽ മെസുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.

ന്യൂഡൽഹി: നാല് സിആർപിഎഫ് ജവാൻമാർക്ക് കീർത്തിചക്ര പുരസ്‌കാരം. ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021 ഏപ്രിൽ മാസം നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇൻസ്‌പെക്ടർ ദിലീപ് കുമാർ ദാസ്, ഹെഡ് കോൺസ്റ്റബിൾ രാജ്കുമാർ യാദവ്, കോൺസ്റ്റബിൾമാരായ ബബ്ലു രാഭ, ശംഭു റോയ് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം ലഭിക്കുന്നത്.

അതേസമയം, കരസേനാംഗങ്ങളായ 9 പേരടക്കം 11 പേർക്ക് ശൗര്യചക്ര പ്രഖ്യാപിച്ചു. ഇതിൽ 4 പേർക്കുള്ളത് മരണാനന്തര പുരസ്‌കാരമാണ്.

ധീരതയ്ക്കുള്ള സേനാ മെഡൽ പാരഷൂട്ട് റെജിമെന്റിലെ മേജർ എ രഞ്ജിത് കുമാറിനും ധീരതയ്ക്കുള്ള വായുസേനാ മെഡൽ സ്‌ക്വാഡ്രൻ ലീഡർ ജി എൽ വിനീതിനും ലഭിച്ചു. കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ട മികവിന് ലഫ്.കേണൽ ജിമ്മി തോമസ് പ്രത്യേക പരാമർശത്തിന് അർഹനായി.

ഷിംല: ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയം. 51 പേരാണ് ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും തിങ്കളാഴ്ച അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചലിലും ഉത്തരാഖണ്ഡിലും ഓഗസ്റ്റ് 18 വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ്.

ഷിംലയിലെ ദുരന്തങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേരും മരണപ്പെട്ടു. വിശുദ്ധമാസമായ സവാനിലെ ചടങ്ങുകൾക്കായി ഭക്തജനത്തിരക്കുള്ളപ്പോഴാണ് ക്ഷേത്രകെട്ടിടം തകർന്നത്. സോളൻ ജില്ലയിൽ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഏഴുപേർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: വാഹന ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. വാഹനങ്ങളിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ, ശബ്ദമലിനീകരണം നിയന്ത്രിക്കുന്നത് വളരെ പ്രധാനമായതിനാൽ വിഐപി വാഹനങ്ങളിലെ സൈറണുകൾ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

പൂനെയിലെ ചാന്ദ്നി ചൗക്കിലെ മൾട്ടി ലെവൽ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. വിഐപി വാഹനങ്ങളിലെ ചുവന്ന ബീക്കൺ ലൈറ്റ് (അവസാനിപ്പിക്കാൻ തനിക്ക് അവസരം ലഭിച്ചെന്നും ഇപ്പോൾ, വിഐപി വാഹനങ്ങളിലെ സൈറണുകൾ കൂടി അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ഹോണുകളുടെയും സൈറണുകളുടെയും ശബ്ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സൈറൺ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴൽ), തബല, ശംഖ് തുടങ്ങിവയുടെ ശബ്ദം കൊണ്ടുവരുന്ന ഒരു നയമാണ് താൻ ഉണ്ടാക്കുന്നത്. ആളുകൾ ശബ്ദമലിനീകരണത്തിൽ നിന്ന് മോചിതരാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. മഹത്തായ ഒരു ജനാധിപത്യത്തിന്റെ ഭാഗമാണ് നാം എന്ന വസ്തുതയാണു സ്വാതന്ത്ര്യദിനത്തിൽ നാം ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നമുക്കേവർക്കും നിരവധി സ്വത്വങ്ങളുണ്ടാകാം. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്ക്ക് പുറമെ, നമ്മുടെ കുടുംബം, തൊഴിൽ മേഖല തുടങ്ങിയവയുടെ പേരിലെല്ലാം നാം തിരിച്ചറിയപ്പെടുന്നു. എന്നാൽ അതിനെല്ലാം മുകളിലായി ഒന്നുണ്ട്. ഇന്ത്യൻ പൗരന്മാരെന്ന നമ്മുടെ സ്വത്വം. നാമോരോരുത്തരും തുല്യ അവകാശങ്ങളുള്ള പൗരൻമാരാണ്. ഈ മണ്ണിൽ തുല്യമായ അവസരം, അവകാശം, ഉത്തരവാദിത്തം എന്നിവയുള്ള പൗരൻമാരാണ് നാമെല്ലാമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യദിനത്തിന്റെ ഈ പൂർവസന്ധ്യയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രശസ്തരും അപ്രശസ്തരുമായ എല്ലാ സ്വാതന്ത്ര്യ സമരസേനാനികൾക്കും, തന്റെ സഹപൗരൻമാർക്കൊപ്പം ചേർന്ന് താൻ ശ്രദ്ധാഞ്ജലി അർപ്പിക്കുകയാണ്. അവരുടെ ത്യാഗങ്ങളാണ് ഇന്ന് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അർഹമായ സ്ഥാനം നേടിക്കൊടുത്തത്. മാതംഗിനി ഹസ്ര, കനകലത ബറുവ തുടങ്ങിയ വിശ്രുതരായ വനിതാ സ്വാതന്ത്ര്യസമര സേനാനികൾ ഭാരതമാതാവിനു വേണ്ടി അവരുടെ ജീവൻ പോലും ബലിയർപ്പിച്ചു. സത്യഗ്രഹത്തിന്റെ ദുഷ്‌കരമായ പാതയിലെ ഓരോ ചുവടിലും കസ്തൂർബ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കൊപ്പം നിലകൊണ്ട് പിന്തുണയേകി.

സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങിയ ഉൽക്കൃഷ്ടരായ നിരവധി വനിതാ നേതാക്കൾ ഭാവി തലമുറയിലെ എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസത്തോടെ രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാൻ പ്രചോദനാത്മകമായ ആദർശങ്ങൾ കാഴ്ചവെച്ചു. ഇന്ന്, വികസനത്തിലും രാഷ്ട്രസേവനത്തിലും സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നതു നാം കാണുന്നു. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ പങ്കാളിത്തം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനേകം മേഖലകളിൽ ഇന്ന് നമ്മുടെ രാജ്യത്തെ സ്ത്രീകൾ അവരുടേതായ സവിശേഷ സ്ഥാനം നേടിയെടുത്തിട്ടുണ്ടെന്ന് ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തു സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനു പ്രത്യേക ഊന്നൽ നൽകുന്നു എന്നതിൽ തനിക്കു സന്തോഷമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പദവിക്ക് കരുത്തേകുന്നു. സ്ത്രീശാക്തീകരണത്തിനു മുൻഗണന നൽകണമെന്നു ഞാൻ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ചു ജീവിതത്തിൽ മുന്നേറണമെന്നു താൻ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ വികസനം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങളിലൊന്നായിരുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ മാത്രം 34,04,724 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസിൽ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ 10,164 കുട്ടികൾ ഈ വർഷം കുറഞ്ഞപ്പോൾ രണ്ട് മുതൽ പത്തുവരെ ക്ലാസുകളിൽ പുതുതായി 42,059 കുട്ടികൾ പ്രവേശനം നേടിയെന്ന് ശിവൻകുട്ടി വ്യക്തമാക്കി.

പുതുതായി പ്രവേശനം നേടിയ ക്ലാസുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസിൽ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസിൽ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വർഷം 1,27,539 കുട്ടികൾ കൂടുതൽ വന്നാൽ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്പോൾ പുതുതായി 2 മുതൽ 10 വരെ 42,059 കുട്ടികൾ പുതുതായി ഈ വർഷം വന്നതായി കാണാമെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിൽ 2022-23ൽ പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഈ വർഷത്തെ തസ്തിക നിർണയ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളുടെ ആകെ എണ്ണം ജില്ലാ തലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികൾ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയന വർഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാ തലത്തിൽ മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കോട്ടയം, എറണാകുളം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 56% (20,96,846) പേർ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.