കോൺഗ്രെസ്സുമായോ എൻ ഡി എയുമായോ ചേർന്ന് പ്രവർത്തിക്കാതെ സ്വതന്ത്രമായി നിൽക്കും; ചന്ദ്രശേഖർറാവു

ഹൈദരാബാദ് : ഒരു പാർട്ടിയുമായി സഖ്യം ചേരാൻ തയ്യാറല്ലെന്ന് ചന്ദ്രശേഖർ റാവു വ്യക്തമാക്കി. എൻ ഡി എ യുമായോ ഇന്ത്യ എന്ന സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കാതെ സ്വതന്ത്രമായി നിൽക്കാൻ ബി ആർ എസിനാകുമെന്നും രാജ്യത്ത് മാറ്റം കൊണ്ട് വരാനുതകുന്ന സമാന മനസുള്ള രാഷ്ട്രീയ നേതാക്കൾ തങ്ങൾക്കുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് 50 വർഷം രാജ്യം ഭരിച്ചിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിൽ മാറ്റം കൊണ്ട് വരാൻ ബി ആർ എസ്സിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതൃ നിരയിലെ നേതാക്കൾ ആദ്യം സ്വന്തം നിലപാട് വ്യക്തമാക്കണമെന്ന് പറഞ്ഞതിലൂടെ ശരദ് പവാറിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. മുംബൈയിൽ ലോകമാന്യ തിലക് പുരസ്‌കാരം പ്രധാനമന്ത്രിയ്ക്ക് നൽകുന്ന വേദിയിൽ ശരദ് പവാറെത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബി ആർ എസ് മഹാരാഷ്ട്രയിൽ പാർട്ടി പ്രവർത്തനം ശക്തമാക്കുന്നതിനെതിരെ ശരദ് പവാർ രംഗത്തെത്തിയിരുന്നു.