ആരോപണങ്ങളിൽ രഞ്ജിത്ത് ആണ് മറുപടി പറയേണ്ടത്; അതിന് മുൻപ് മന്ത്രി ക്ലീൻ ചിറ്റ് നൽകിയതെങ്ങനെയെന്ന് വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ആരോപണങ്ങളിൽ രഞ്ജിത്ത് ആണ് മറുപടി പറയേണ്ടതെന്നും അതിന് മുൻപ് മന്ത്രി ക്ലീൻ ചിറ്റ് നൽകിയതെങ്ങനെയെന്നും വിനയൻ ചോദിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിന്റെ ആരോപണത്തിനുള്ള മറുപടി. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി പുഷ്പരാജ് എത്തിക്കോളും പുറകേ മാത്രമേ താൻ വരേണ്ടതുള്ളു. അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വിനയൻ ചൂണ്ടിക്കാട്ടി.

നേമം പുഷ്പരാജിനെ കൂടാതെ മറ്റൊരു ജൂറി അംഗമായ ജിൻസി ഗ്രിഗറിയും രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ ഒന്ന് അന്വേഷിച്ചിട്ട് വേണമായിരുന്നു മന്ത്രി ക്ലീൻ ചിറ്റ് കൊടുക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്റ്റേറ്റ് സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിൻപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുത്തതായി ന്യൂസിൽ കണ്ടു..

ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ..

അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോടല്ലേ?.. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്..അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ?

അവർഡു നിർണ്ണയത്തിന്റെ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്‌കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസ്സംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലന്ന്.. ചുരുങ്ങിയ പക്ഷം അങ്ങയുടെ പി എസ്സി നോടെങ്കിലും ചോദിക്കണമായിരുന്നു സാർ.. താങ്കളുടെ പി സ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായീ ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാർ.. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്.. ശ്രി മനു അതു നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു

എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാ.. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്‌നം.. അവാർഡ് നിർണ്ണയത്തിൽ സർക്കാരിന്റെ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം.. ജൂറി മെമ്പർമാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പാമാരോ അല്ലേ അതിനുത്തരം പറയേണ്ടത്,, നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി..

അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചിറ്റു കൊടുക്കാൻ.. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ..

ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിന്റെ ആരോപണത്തിനുള്ള മറുപടി.. ഇങ്ങനൊന്നും ചെയ്തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി ശ്രി പുഷ്പരാജ് എത്തിക്കോളും പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു..

അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം