ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യം ; താൻ എല്ലാ മത വിശ്വാസികളെയും ബഹുമാനിക്കുന്നയാളെന്ന് ഷംസീർ

തിരുവനന്തപുരം : തനിക്കെതിരെയുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ ഷംസീർ രംഗത്തെത്തി. ഹിന്ദു ആരാധന ദൈവങ്ങളുമായി ബന്ധപ്പെട്ട ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിഷേധം ആളി കത്തുന്നതിനിടെയാണ് പ്രതികരണവുമായി സ്പീക്കർ ഇന്ന് മാധ്യമങ്ങളെ കണ്ടത്. മതവിശ്വാസികളെ വേദനിപ്പിയ്ക്കാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണ്. ഒരു വിശ്വാസിയെയും വിഷമിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഭരണഘടനാപരമായി ശാസ്ത്ര ബോധം വളർത്തണമെന്നാണ് പറഞ്ഞത്.

തനിക്ക് മുന്പും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ടെന്നും എന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും ഷംസീർ കൂട്ടി അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കുന്നവർക്ക് പ്രതികരിക്കാമെന്നും ആകാശത്തു നിന്ന് പൊട്ടി വന്നതല്ല ആരുമെന്നും സ്പീക്കർ പറഞ്ഞു. തനിക് അഭിപ്രായം പറയാനുള്ള അധികാരമുള്ള പോലെ എൻ എസ് എസ് സെക്രട്ടറിക്കും അഭിപ്രായം പറയാൻ അധികാരമുണ്ടെന്നും ഷംസീർ കൂട്ടി ചേർത്തു. നിലപാട് തിരുത്തുമോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയെങ്കിൽ ആദ്യം തിരുത്തേണ്ടത് ഭരണഘടനയല്ലേ എന്ന മറു ചോദ്യമാണ് സ്പീക്കർ ചോദിച്ചത്.