ഇ ഡി യുടെ വാദങ്ങൾ തള്ളി ശിവശങ്കറിന് ജാമ്യം നൽകി സുപ്രീം കോടതി

ഡൽഹി : 6 മാസമായി ലൈഫ് മിഷൻ കോഴ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നട്ടെല്ലിന് ശസ്ത്ര ക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധർ നൽകിയ ശസ്ത്രക്രിയ വേണമെന്ന റിപ്പോർട്ടും ഈ കേസിലെ മറ്റ് പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയെന്നുള്ള വസ്തുതയും ശിവശങ്കറിന്റെ അഭിഭാഷകൻ ജയ്‌ദദീപ് ഗുപ്ത ചൂണ്ടികാട്ടിയതോടെയാണ് ജാമ്യം ലഭിച്ചത്. ഇ ഡി ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ജാമ്യത്തിനായുള്ള അപേക്ഷയെ രൂക്ഷമായി വിമർശിച്ചു.

കസ്റ്റഡിയിൽ തുടർന്ന് ശസ്ത്രക്രിയ നടത്തിക്കൂടേയെന്ന് തുഷാർ മെഹ്ത വാദിച്ചെങ്കിലും ഇതിന് ശേഷം തുടർ ചികിത്സ വേണ്ടി വരുമെന്ന് പറഞ്ഞാണ് 2 മാസത്തെ ജാമ്യം കോടതി നൽകിയത്. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി 14 നാണ് എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളുടെ ജാമ്യഅപേക്ഷ കോടതി തള്ളിയിരുനെങ്കിലും ഇപ്പോൾ സാക്ഷികളെ സ്വാധീനിക്കരുത്, കാണരുത് എന്ന കർശന ഉപാദികളോടെയാണ് ജാമ്യം നൽകിയത്. എന്നാൽ വിചാരണ നടന്നു കൊണ്ടിരിക്കുമ്പോൾ ശിവശങ്കർ ജാമ്യത്തിലിറങ്ങുന്നത് കേസിനെ ബാധിക്കുമെന്നാണ് ഇ ഡി പറയുന്നത്.