ന്യൂഡൽഹി: ജൂൺ നാലിന് കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ വളരെ വ്യക്തമാണ്. ജൂൺ നാലിന് ഇന്ത്യ സഖ്യം കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും. നിങ്ങളുടെ ഒരു വോട്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണെന്ന ഓർമ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒപ്പം, അത് നിങ്ങളുടെ മുഴുവൻ കുടുംബത്തിന്റെയും അവസ്ഥയെ മാറ്റിമറിക്കാൻ കൂടിയുള്ളതാണ്. ഒരു വോട്ട് എന്നത് യുവജനങ്ങൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന ആദ്യജോലിക്ക് തുല്യമാണ്. പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലെത്താനുള്ള വഴി കൂടിയാണ് ഈ ഒരു വോട്ട്. രാജ്യം അതിന്റെ പ്രശ്നങ്ങൾക്കനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തുകയെന്ന് കൂട്ടമായി പോളിങ് ബൂത്തിലെത്തി നിങ്ങൾ തെളിയിച്ചുകൊടുക്കണം. അടിസ്ഥാന വിഷയങ്ങളിൽ നിന്ന് വ്യതിചലിക്കപ്പെട്ടുകൂടായെന്നും അദ്ദേഹം അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 9 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പെട്ടിരിക്കുന്നു. 96 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്. നാലാംഘട്ടത്തിൽ ജനവിധി തേടിയത് 1717 സ്ഥാനാർത്ഥികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 13 ഉം മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമ ബംഗാളിലെയും മധ്യപ്രദേശിലെയും 8 ഉം ബീഹാറിലെ 5 ഉം ജാർഖണ്ഡിലെയും ഒഡിഷയിലെയും 4 സീറ്റുകളിലേക്കും ജമ്മു കാശ്മീരിലെ ഒരു സീറ്റിലേക്കും ഇന്ന് പോളിംഗ് നടന്നു.

