സ്‌കൂൾ വിദ്യാർഥികൾക്കെല്ലാം പൊതു തിരിച്ചറിയൽ നമ്പർ; നാഷണൽ എജ്യുക്കേഷൻ രജിസ്ട്രി സംവിധാനം നിർബന്ധമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: 2026-27 മുതൽ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്കെല്ലാം പൊതു തിരിച്ചറിയൽ നമ്പർ ക്രമീകരിക്കാനുള്ള നാഷണൽ എജ്യുക്കേഷൻ രജിസ്ട്രി സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എല്ലാ സ്‌കൂൾ വിദ്യാർഥികളുടെയും വിവരങ്ങൾ ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രിയുടെ (എപിഎഎആർ) ഭാഗമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

അടുത്ത 3 വർഷത്തിനുള്ളിൽ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെയും പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലേക്കു മാറണമെന്നാണ് മറ്റൊരു പ്രധാന നിർദ്ദേശം. പ്രീ പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഉപയോഗിക്കാവുന്ന തരത്തിലാകും ആധാർ അധിഷ്ഠിതമായിട്ടുള്ള തിരിച്ചറിയൽ കാർഡ് സജ്ജീകരിക്കുക. വിദ്യാർഥികളിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങളും റജിസ്ട്രിയിൽ ഉൾപ്പെടുത്തുന്ന വിശദാംശങ്ങളുമെല്ലാം സുരക്ഷിതമായിരിക്കും. സർക്കാർ ഏജൻസികൾ മാത്രമാകും വിവരങ്ങൾ ഉപയോഗിക്കുകയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

രജിസ്ട്രിയിൽ ഓരോ ക്ലാസിലെയും പഠനവിവരങ്ങളും നേട്ടങ്ങളും പരീക്ഷാഫലവുമെല്ലാമുണ്ടാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ കൂടുതൽ സുതാര്യമാകും. ഒരു സ്‌കൂളിൽ നിന്നു മറ്റൊരു സ്‌കൂളിലേക്കുള്ള ട്രാൻസ്ഫർ എളുപ്പമാകും. വിദ്യാർഥികളുടെ കൊഴിഞ്ഞു പോകൽ, തൊഴിൽ ലഭ്യത എന്നിവയെല്ലാം വിലയിരുത്താനും കഴിയുമെന്നാണ് കരുതുന്നത്.