General (Page 153)

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാനുള്ള പദ്ധതിയിൽ സർക്കാർ. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ എന്ന കാര്യം നടപ്പിലാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. നമ്മുടെ സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും മറ്റ് പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് നൂറിനും നൂറ്റി ഇരുപതിനും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നിരുന്നാലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം ഒന്നേ പോയിന്റ് ആറ് മുതൽ രണ്ടേ പോയിന്റ് രണ്ടും കിലോയ്ക്ക് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിൽ ആക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹി: വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ എന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. വാട്ട്‌സ് ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് എംപി വിവോ തൻഖയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരം സർക്കാർ നിർദേശാനുസരണം ഉപഭോക്തൃ വിവരങ്ങൾ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടർന്ന് വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടർ റിസോഴ്‌സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ഓണത്തിന് കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും സ്വന്തം ബ്രാൻഡ് പേരിൽ വിപണിയിലെത്തിക്കും. എല്ലാ വർഷവും വിപണിയിൽ യൂണിറ്റുകളുടെ ഓണം ഉൽപ്പന്നങ്ങളാണെങ്കിലും, ആദ്യമായാണ് ഒരു പേരിൽ ബ്രാൻഡ് ചെയ്ത് സംസ്ഥാനവ്യാപകമായി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

മുൻവർഷങ്ങളിൽ 50 കിലോയിലധികം ഉൽപ്പാദനം നടത്തിയ ഏകദേശം മുന്നൂറോളം യൂണിറ്റുകളെയാണ് തെരഞ്ഞെടുത്തത്. ഉൽപ്പന്നങ്ങൾ കുടുംബശ്രീയുടെതന്നെ സ്റ്റോറുകൾ വഴിയും വിതരണക്കാർ വഴി കടകളിലും ലഭ്യമാക്കും. കോട്ടയം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യൂണിറ്റുകൾക്കുള്ള പരിശീലനം കായംകുളത്ത് പൂർത്തിയായി. ബാക്കിയുള്ള ഏഴു ജില്ലയ്ക്ക് 29നാണ് പരിശീലനം.

പരിശീലനം പൂർത്തിയാകുന്നതോടെ ബ്രാൻഡിന്റെ പേരും തീരുമാനിക്കും. കവറിൽ പേരിനൊപ്പം ഉൽപ്പാദന യൂണിറ്റിന്റെ പേരും മേൽവിലാസവും ഉണ്ടാകും. ഓരോ ജില്ലയിലും വ്യത്യസ്തമായ നിരക്കിലാണ് വിൽപ്പന. വില നിശ്ചയിക്കുന്നത് ഏത്തക്കായയുടെ വിഭാഗവും വിലയും പരിഗണിച്ചാണ്. മുൻവർഷങ്ങളിൽ ഓണക്കിറ്റിലേക്കുള്ള ഉപ്പേരിയും ശർക്കരവരട്ടിയും സംസ്ഥാനത്ത് വിവിധ യൂണിറ്റുകളാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇതിലൂടെ കോടികളുടെ വരുമാനം കുടുംബശ്രീക്ക് നേടാനായി. മസാലകൾ, കറിപ്പൊടികൾ എന്നിവയും കുടുംബശ്രീ ബ്രാൻഡിൽ വിപണിയിലുണ്ട്.

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാർട്ട് മീറ്ററുകളായി. ഇതിനാൽ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.

പകൽ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.

കേരളത്തിൽ ആണവ നിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചർച്ചകൾ പോലും നടന്നിട്ടില്ല. ഇക്കാര്യം സർക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതൽ ചർച്ചകൾക്കുശേഷമെ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി : അനധികൃത കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടിയുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെന്ററുകൾ സീൽ ചെയ്തു. ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്‌സ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകൾ, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീൽ ചെയ്തത്.

ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെന്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി എന്ന് അധികൃതർ വ്യക്തമാക്കി. റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് എംസിഡി അറിയിച്ചു.

അതിനിടെ കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെന്റിന് ഫയർഫോഴ്‌സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.

തിരുവനന്തപുരം: നാളിതുവരെ നിപ രോഗപ്പകർച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളത് സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ മാത്രമാണ്. ഐസിയുവിൽ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി. മലപ്പുറം കളക്ടറേറ്റിൽ വൈകുന്നേരം ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.

നിപ നിയന്ത്രണങ്ങളിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവ് വരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവർ കൃത്യമായി ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണം.

തിരുവനന്തപുരം: മഴ തുടരുന്നതിനാല്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ.ആര്‍.എസ്. തക്കസമയം നല്‍കുന്നതിലൂടെ സാധിക്കുന്നതാണ്. വയറിളക്കമോ ഛര്‍ദ്ധിലോ നിന്നില്ലെങ്കില്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയും പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. വയറിളക്കത്തെ തുടര്‍ന്നുള്ള നിര്‍ജലീകരണം മൂലമുള്ള മരണങ്ങള്‍ തടയുന്നതിനും രോഗം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 സംഘടിപ്പിക്കുന്നത്. ഒ.ആര്‍.എസിന്റെയും സിങ്കിന്റെയും കവറേജ് 2029ഓടുകൂടി 90 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഒ.ആര്‍.എസ്. ഇതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ജൂലൈ 29ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്.

ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഒ.ആര്‍.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ്. ലായനി നല്‍കണം. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്. സൗജന്യമായി ലഭ്യമാണ്.

വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും. രണ്ട് മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നല്‍കേണ്ടതാണ്.

ഒ.ആര്‍.എസ്. തയ്യാറാക്കേണ്ട വിധം

· കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
· വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ (5 ഗ്ലാസ്) തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
· ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക.
· വയറിളക്ക രോഗമുള്ള രോഗികള്‍ക്ക് ഈ ലായനി നല്‍കേണ്ടതാണ്.
· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക.
· ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിന് ശേഷം ഉപയോഗിക്കാന്‍ പാടില്ല.

ചണ്ഡീഗഡ് : അമിത വ്യായാമം മൂലം യുവാവിന്‍റെ പേശികൾ തകർന്ന സംഭവത്തിൽ ജിം പരിശീലകൻ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. കടുത്ത വ്യായാമം മൂലം യുവാവിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരാതി. സംഭവത്തിൽ പരാതിക്കാരന് 25,000 രൂപ നൽകാനാണ് വിധി. സിമ്രൻജിത് സിങ് സിന്ധു എന്ന യുവാവാണ് പരാതിക്കാരൻ. ചണ്ഡീഗഡിലാണ് സംഭവം ഉണ്ടായത്.

യുവാവ് 4500 രൂപ പ്രതിമാസ ഫീസിൽ റോ ഹൗസ് ഫിറ്റ്നസ് എന്ന ജിമ്മിൽ ചേർന്നു. ആദ്യത്തെ രണ്ട് ദിവസം കുറഞ്ഞ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് ചെയ്തത്. എന്നാൽ, മൂന്നാം ദിവസം കൂടുതൽ ഭാരം ഉപയോഗിച്ചുള്ള വ്യായാമമുറകൾ ചെയ്യാൻ ജിം പരിശീലകൻ നിർദേശിച്ചു. ഭാരം കൂടുതലെടുത്തതോടെ ഇയാൾക്ക് ശ്വാസമെടുക്കാൻ പ്രയാസമുണ്ടാവുകയും പേശികൾ തളർന്ന് കുഴയുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇക്കാര്യം പല തവണ പരിശീലകനോട് പറഞ്ഞിട്ടും വ്യായാമം തുടരാനാണ് നിർദേശിച്ചത്. കടുത്ത വ്യായാമം കാരണം യുവാവിന് വലിയ ശരീരവേദനയും മറ്റ് അസ്വസ്ഥതകളുമുണ്ടായി.

ഇതിന് പിന്നാലെ, മൂത്രത്തിന്‍റെ നിറം ചാരനിറമായി മാറിയത് യുവാവ് ശ്രദ്ധിച്ചു. ഡോക്ടറെ കണ്ടപ്പോൾ, പേശികൾക്ക് പരിക്കേറ്റതിനെ തുടർന്നുള്ള ‘റാബ്ഡോമയോലിസിസ്’ എന്ന അവസ്ഥയാകാൻ സാധ്യതയുണ്ടെന്നും ധാരാളം വെള്ളം കുടിക്കാനും നിർദേശിച്ചു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പേശീകലകൾ തകർന്ന് മസിൽ ഫൈബർ ഘടകങ്ങൾ രക്തത്തിൽ കലർന്നുള്ള അവസ്ഥയാണുണ്ടായതെന്ന് കണ്ടെത്തി.

തനിക്ക് സംഭവിച്ച അനാരോഗ്യത്തിന്‍റെ ഉത്തരവാദി ജിം പരിശീലകനാണെന്ന് ഇയാൾ പറഞ്ഞിട്ടും ജിം അധികൃതർ അംഗീകരിച്ചില്ല. ജിമ്മിൽ വെച്ചുള്ള ഒരു അപകടത്തിനും തങ്ങൾ ഉത്തരവാദിയല്ലെന്ന് നിയമാവലിയിലുണ്ടെന്ന് ഇവർ വാദിച്ചു. തുടർന്നാണ് യുവാവ് ഉപഭോക്തൃതർക്ക കോടതിയെ സമീപിച്ചത്.

പരിചയസമ്പന്നരായ പരിശീലകരെയാണ് ജിം വാഗ്ദാനം ചെയ്തതെന്നും എന്നാൽ ജിം പരിശീലകൻ അത്തരത്തിലുള്ളതല്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടി. ജിമ്മിലെ നിയമാവലികൾ പലതും ഉപഭോക്തൃ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഇയാൾ പരാതിയിൽ പറഞ്ഞു.

പരാതി പരിഗണിച്ച ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വിശദമായ പരിശോധനക്ക് ശേഷം യുവാവിന്‍റെ വാദങ്ങൾ അംഗീകരിക്കുകയും ഫീസായ 4500 രൂപയും നഷ്ടപരിഹാരമായി 7000 രൂപയും നൽകാൻ വിധിച്ചു. എന്നാൽ, വിധിയിൽ തൃപ്തിവരാത്ത യുവാവ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ജിമ്മിലെ പല നിയമാവലികളും ഉപഭോക്താവിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദം കോടതി അംഗീകരിച്ചു. അമിത വ്യായാമം കാരണമാണ് യുവാവിന്‍റെ പേശികൾക്ക് തകരാർ സംഭവിച്ചതെന്ന് മെഡിക്കൽ രേഖകളിൽ വ്യക്തമാണെന്നും നിരീക്ഷിച്ചു. തുടർന്ന് 25,000 രൂപ നഷ്ടപരിഹാരമായി നൽകാനും 7000 രൂപ കോടതി ചെലവായി നൽകാനും ഉത്തരവിടുകയായിരുന്നു.

തിരുവനന്തപുരം: വയനാട് മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വയനാട് ജില്ലാ കലക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 40 ഓളം കുട്ടികൽക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദിയും വയറിളക്കം പിടിപെട്ടത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്‌കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: കൃത്യനിർവ്വഹണത്തിനിടെ പൊതുജനങ്ങളിൽ നിന്ന് ആക്രമണം നേരിടുന്ന ജീവനക്കാർക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും കെ എസ് ഇ ബി ഉറപ്പുവരുത്തും. ജീവനക്കാർക്കെതിരെ ശാരീരികവും മാനസികവുമായ അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചു.

കഴിഞ്ഞ കൊല്ലം മാത്രം ഫീൽഡ് ജീവനക്കാർക്കെതിരെ ഇരുപതിലേറെ ആക്രമങ്ങളുണ്ടായി. ആക്രമത്തിന് ഇരയാകുന്നവർക്ക് തങ്ങളുടെ ഭീമമായ ചികിത്സാ ചെലവുകളും വ്യവഹാരച്ചെലവുകളും സ്വയം വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. കൃത്യമായ ജോലി സമയം പോലും നോക്കാതെ രാവും പകലും പ്രകൃതിക്ഷോഭമുൾപ്പെടെ തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവരാണ് കെ എസ് ഇ ബി ഫീൽഡ് ജീവനക്കാർ. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ളതിനാൽത്തന്നെ അപകടകരമായ പ്രവർത്തന മേഖലയാണിത് എന്ന സവിശേഷതയുമുണ്ട്.

അതിക്രമങ്ങൾക്കിരയാകുന്ന ജീവനക്കാർക്ക് പരിക്ക് സാരമല്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലും മാരകമാണെങ്കിൽ ജില്ലയിലെ സ്വകാര്യ സ്‌പെഷ്യാൽറ്റി ആശുപത്രിയിലും ചികിത്സ ഉറപ്പാക്കും. ചികിത്സയുടെ എല്ലാ ചെലവും കെ എസ് ഇ ബി വഹിക്കും. കോടതി വ്യവഹാരങ്ങളിൽ ആവശ്യമെങ്കിൽ മുതിർന്ന അഭിഭാഷകരുടെ സേവനവും ഉറപ്പാക്കും.