General (Page 1,293)

ന്യൂഡൽഹി: ഇന്ത്യയിലെ നിരക്കുകൾ കുത്തനെ കുറച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. 199 രൂപയുടെ ‘നെറ്റ്ഫ്‌ളിക്‌സ് മൊബൈൽ’ പ്ലാന്റെ നിരക്ക് 25 ശതമാനമാണ് കുറച്ചിരിക്കുന്നത്. 149 രൂപയാണ് പ്ലാനിന് ഇനി ഈടാക്കുന്ന നിരക്ക്.

നെറ്റ്ഫ്‌ളിക്സ് ബേസിക് പ്ലാനിൽ 60 ശതമാനം കുറവാണ് ഉണ്ടാിരിക്കുന്നത്. വെറും 199 രൂപയ്ക്ക് ഇനിമുതൽ ഈ പ്ലാൻ ലഭ്യമാകും. 649 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് സ്റ്റാൻഡേർഡിന് ഇനി നിരക്ക് 499 രൂപയായിരിക്കും. ഒരേസമയം രണ്ട് പേർക്ക് ഉപയോഗിക്കാമെന്നതാണ് ഈ അക്കൗണ്ടിന്റെ സവിശേഷത.

799 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് പ്രീമിയം 649 രൂപയാക്കി കുറച്ചു. ഒരേസമയം 4 പേർക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാം. ആമസോൺ ഉൾപ്പെടെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരക്ക് വലിയ രീതിയിൽ ഉയർത്തിയപ്പോഴാണ് നെറ്റ്ഫ്‌ളിക്‌സ് നിരക്ക് കുറക്കുന്നത്.

നിലവിൽ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുള്ളവർക്ക് പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ വരിക്കാർക്ക് പുതിയ നിരക്കുകളുടെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കുന്നതാണ്. നിലവിലെ പ്ലാൻ അപ്ഗ്രേഡ് ചെയ്യുകയോ അല്ലെങ്കിൽ മറ്റൊരു പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ അനുവദിക്കാനാണ് തീരുമാനം. ഉത്സവങ്ങൾ, രാഷ്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികളുൾപ്പെടെയുള്ള പൊതുചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 300 പേരെയും മുറികൾ, ഹാളുകൾ പോലുള്ള അടഞ്ഞ ഇടങ്ങളിൽ പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 200 ഉം അടഞ്ഞ ഇടങ്ങളിൽ പരമാവധി 100 ഉം പേർ എന്ന നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം. ശബരിമലയിൽ കഴിഞ്ഞദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നാണ് നിർദ്ദേശം.

സ്‌കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതു ധാരണ ഉണ്ടാക്കണം. സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. കോവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ കലക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ഡ്രോൺ ഡെലിവറി സർവീസ് ആരംഭിക്കാനൊരുങ്ങി രാജ്യത്തെ മുൻനിര വ്യോമയാന കമ്പനിയായ സ്‌പൈസ് ജെറ്റ്. സ്‌പൈസ് ജെറ്റ് ചെയർമാനും എംഡിയുമായ അജയ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സ്‌പൈസ് എക്‌സ്പ്രസ് എന്ന പേരിലാണ് ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിക്കുന്നത്. 0-5 കിലോഗ്രാം, 5-10 കിലോഗ്രാം, 10-25 കിലോ ഗ്രാം എന്നിങ്ങനെ വിവിധ ഭാര വിഭാഗങ്ങളെ വഹിക്കാൻ കഴിയുന്ന ഡ്രോണുകൾ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യും. ഡ്രോണുകൾ ഉപയോഗിച്ച് തീർത്തും നൂതനമായ ഒരു വിതരണ ശൃംഖലയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വിശദമാക്കി.

ഒരു സാധനം ഷിപ്പിംഗ് ചെയ്ത് ഉപയോക്താവിൽ എത്തുന്നതിന് മുൻപ് ലോജസ്റ്റിംക്ക് കമ്പനികൾക്ക് സാധാനങ്ങൾ തമ്മിൽ കൈമാറാനും, അവ വെയർഹൌസുകൾക്കിടയിൽ ഡെലിവറി ചെയ്യാനും ഉള്ള സംവിധാനമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരുക്കുക. രണ്ടാംഘട്ടത്തിലായിരിക്കും ഉപയോക്താക്കളിലേക്ക് ഒരു വസ്തു നേരിട്ട് എത്തിക്കുന്ന സംവിധാനം ഒരുക്കുന്നത്. വിദൂര സ്ഥലങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനും, ജീവൻ രക്ഷ ഉപകരണങ്ങൾ എത്തിക്കാനും ഡ്രോൺ ഉപയോഗിച്ച് എത്തിക്കാനുള്ള സംവിധാനവും സ്‌പൈസ് എക്‌സ്പ്രസ് ഒരുക്കുന്നതാണ്.

ആദ്യഘട്ടത്തിൽ രാജ്യത്തെ പത്ത് ജില്ലകളിലായി 150 സ്ഥലങ്ങളിൽ 25,000 ഡ്രോൺ ഡെലിവറികളായിരിക്കും നടത്തുന്നത്.

ചെന്നൈ: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യം. നഞ്ചപ്പസത്രം ഗ്രാമവാസികളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കത്ത് കൈമാറി. നഞ്ചപ്പസത്രത്തിന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ഹെലികോപ്റ്റർ അപകടമുണ്ടായ സമയം നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടു വന്നത്. ഹെലികോപ്റ്ററിലെ തീ അണയ്ക്കാനും അപകടത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാനുമെല്ലാം നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ജീവൻ രക്ഷിക്കാൻ കാരണക്കാരായതും ഇവർ തന്നെയാണ്.

അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയ നാട്ടുകാർക്ക് വ്യോമസേന നന്ദി അറിയിച്ചു. നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായും വ്യോമസേന പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്താനായി എല്ലാ മാസവും ഡോക്ടറേയും നഴ്സുമാരേയും മേഖലയിലേക്ക് അയക്കുമെന്ന് വ്യോമസേന ഉറപ്പു നൽകിയിട്ടുണ്ട്. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നഞ്ചപ്പസത്രം ഗ്രാമവാസികൾക്കും ചികിത്സ നടത്താം. ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫീസർ ലഫ്.ജനറൽ എ.അരുൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമത്തിലുള്ളവർക്ക് ഒട്ടേറെ സമ്മാനങ്ങളും വ്യോമസേന നൽകി. പുതപ്പുകൾ, സോളാർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവയെല്ലാം ഗ്രാമവാസികൾക്ക് സൈന്യം നൽകി. അപകടവിവരം പുറംലോകത്തെ ആദ്യം അറിയിച്ച രണ്ട് പേർക്ക് 5000 രൂപ വീതം പാരിതോഷികവും നൽകി.

ന്യൂഡൽഹി: സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രതികരണവുമായി എസ്എഫ്ഐ. സർവകലാശാലകളിലെ ചാൻസലർ പദവി ഗവർണർ ഒഴിയുന്നുവെങ്കിൽ ഒഴിയട്ടെയെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

ഗവർണർ തന്നെ ചാൻസലറായി ഇരിക്കണമെന്ന് ആർക്കാണ് നിർബന്ധമുള്ളതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ചോദിച്ചു. ചാൻസലർ പദവി ഗവർണറിൽ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’അയ്യോ, അച്ഛാ പോകല്ലേ’ എന്ന് ഗവർണറോട് പറയേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ചാൻസലർ പദവി ഒഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ചാൻസലറായി ഇരിക്കണമെന്ന് ആർക്കാണ് നിർബന്ധമുള്ളത്. അദ്ദേഹം അല്ലെങ്കിൽ മറ്റൊരാൾ. അത് മുഖ്യമന്ത്രിയോ അല്ലെങ്കിൽ മറ്റൊരെങ്കിലുമോ എന്ന് നിയമസഭ തീരുമാനിക്കട്ടെ. ഗവർണർ തന്നെയായിരിക്കണം സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളുടെ എല്ലാം ചാൻസലർ എന്ന് ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതൊന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

അത്തരത്തിലൊരു നിർദേശം എവിടെയുമില്ല. അതുകൊണ്ട് അദ്ദേഹം പോകുന്നുവെങ്കിൽ പോകട്ടെ. ഇത്തരത്തിൽ നിരന്തരമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാന സർക്കാരിനെ അടിക്കാനുള്ള വടിയായി, ബിജെപിയുടേയും കോൺഗ്രസിന്റെയും കളിപ്പാവയായി ഗവർണർ മാറരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ഭോപ്പാൽ: കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട നായിക് ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ജിതേന്ദ്ര കുമാറിനോടുള്ള ആദര സൂചകമായി ഗ്രാമത്തിലെ സ്‌കൂളിന് അദ്ദേഹത്തിന്റെ പേരുനൽകുമെന്നും അദ്ദേഹത്തിന്റെ പേരിൽ സ്മാരകം നിർമ്മിക്കുമെന്നും മദ്ധ്യപ്രദേശ് സർക്കാർ ഉറപ്പു നൽകി.

നാട്ടിലെത്തിച്ച ജിതേന്ദ്ര കുമാറിന്റെ ശവമഞ്ചം തോളിലേറ്റിയതും ശിവരാജ് സിംഗ് ചൗഹാനായിരുന്നു. ജിതേന്ദ്ര കുമാറിന്റെ സംസ്‌കാര ചടങ്ങുകളിലും മുഖ്യമന്ത്രി പങ്കെടുത്തു. ഈ മണ്ണിന്റെ മകൻ എന്നായിരുന്നു മുഖ്യമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതേസമയം അപകടത്തിൽ മരിച്ച ആഗ്ര സ്വദേശി പൃഥ്വിയുടെ കുടുംബത്തിന് യുപി സർക്കാർ 50 ലക്ഷം രൂപയും ജനറൽ ബിപിൻ റാവത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന ലാൻസ് നായിക് ബി.സായ് തേജയുടെ കുടുംബത്തിന് ആന്ധ്ര സർക്കാർ 50 ലക്ഷം രൂപയും ധനസഹായം നൽകും. അപകടത്തിൽ മരിച്ച എല്ലാവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞത്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

കാബൂൾ: അഫ്ഗാന് സഹായ ഹസ്തവുമായി ഇന്ത്യ. അഫ്ഗാനിസ്താനിലെ കുട്ടികൾക്ക് ആവശ്യമുളള 1.6 ടൺ ജീവൻ രക്ഷാമരുന്നുകളാണ് ഇന്ത്യ എത്തിച്ചു നൽകിയത്. പോഷകാഹാരക്കുറവ് മൂലം കാബൂളിലെ ആശുപത്രികളിൽ കുട്ടികൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. ജീവൻ രക്ഷാ മരുന്നുകളുമായി വെളളിയാഴ്ച കാബൂളിൽ പ്രത്യേക വിമാനം എത്തി. ഇന്ത്യയുടെ സഹായത്തിന് താലിബാൻ നന്ദി അറിയിച്ചു.

അഫ്ഗാന് ആവശ്യമായ പ്രധാന മരുന്നുകൾ ഇന്ത്യയിൽ നിന്നും എത്തിക്കുമെന്ന് താലിബാൻ ഡെപ്യൂട്ടി വക്താവ് അഹ്മദുളള അറിയിച്ചു. ഇന്ത്യ പ്രദേശത്തെ മുൻനിര രാജ്യമാണ്. അതിനാൽ ഇന്ത്യയുമായി നല്ല ബന്ധം അഫ്ഗാന് പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാബൂളിലെത്തിച്ച മരുന്നുകൾ ലോകാരോഗ്യ സംഘടനയുടെ കാബൂളിലെ പ്രതിനിധികൾക്ക് കൈമാറും. കാബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രി വഴിയായിരിക്കും മരുന്നുകൾ വിതരണം ചെയ്യുന്നത്.

അതേസമയം അഫ്ഗാനിലേക്ക് വരികയായിരുന്ന 85 പേരെ ഈ വിമാനത്തിൽ ഇന്ത്യ തിരികെയെത്തിക്കുകയും അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗത്തിൽ പെട്ട 104 പേരെ വിമാനം തിരികെ ഇന്ത്യയിലേക്ക് വരുമ്പോൾ കൊണ്ടുവരികയും ചെയ്തു. എന്നാൽ അഫ്ഗാനിസ്താനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ 50,000 ടൺ ഗോതമ്പ് പാകിസ്താൻ തടഞ്ഞു. വാഗ അതിർത്തി കടന്ന് കരയിലൂടെ പാകിസ്താൻ വഴി കൊണ്ടുപോകേണ്ട ഗോതമ്പാണ് പാകിസ്താൻ തടഞ്ഞത്. എത്രയും വേഗം ഗോതമ്പ് കടത്തി വിടാൻ അനവാദം നൽകണമെന്ന് താലിബാൻ പാകിസ്താനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനത്തിന് ശുപാർശ ചെയ്തത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കണ്ണൂർ സർവകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നും വ്യക്തമാക്കി മന്ത്രി ഗവർണർക്ക് നൽകിയ കത്ത് പുറത്തു വന്നു. ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നത് സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

ഗോപിനാഥ് രവീന്ദ്രന്റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത്. അതിനാൽ വി.സിയെ പുനർ നിയമിക്കണമെന്നും ബിന്ദും കത്തിൽ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനം ശക്തമാകുന്നതിനിടയിലാണ് മന്ത്രി ഗവർണറിന് നൽകിയ കത്ത് പുറത്തു വന്നിരിക്കുന്നത്.

കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ പ്രതികരണം നടത്താൻ മന്ത്രി തയ്യാറായിരുന്നില്ല. ഇതിനിടെ കത്ത് പുറത്തു വന്നിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.

അധ്യാപകർ ആഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വാക്സിനെടുക്കാൻ സാധിക്കാത്തതിന് കാരണം രേഖാമൂലം അറിയിക്കാൻ സർക്കാർ അധ്യാപകർക്ക് നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക നേരത്തെ സർക്കാർ തയാറാക്കിയിരുന്നു. ഇവർക്ക് സർക്കാർ ഷോക്കോസ് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. നിലവിൽ ആയിരത്തിലധികം അധ്യാപകർ വാക്സിൻ ഇനിയും എടുത്തിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ അധ്യാപകർ വാക്സിനെടുക്കാനുള്ളത്. സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനു മുൻപ് തന്നെ മാർഗരേഖ തയ്യാറാക്കിയിരുന്നു. വാക്‌സിൻ എടുക്കാത്തവർ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കൊച്ചി: എൻഎസ്എസിന് തിരിച്ചടി. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവേയ്ക്ക് സ്റ്റേയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എ വി രാമകൃഷ്ണപിള്ള കമ്മിഷൻ ശുപാർശയിൽ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. ജനുവരി 31 ന് മുൻപ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. സാമ്പിൾ സർവേയ്ക്കെതിരായ എൻഎസ്എസിന്റെ ഹർജി ജനുവരി 31 ന് വീണ്ടും കോടതി പരിഗണിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സമഗ്ര സർവേ നടത്തുന്നതിൽ സ്‌റ്റേ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് എൻഎസ്എസ് ഹർജി ഹർജി സമർപ്പിച്ചത്.

നിലവിൽ നടക്കുന്ന സാമ്പിൾ സർവേ ആർക്കോ വേണ്ടിയുള്ള പ്രഹസനമാണെന്നാണ് എൻഎസ്എസ് പറയുന്നത്. ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണ് സർവേ. അതിനാൽ തന്നെ സംവിധാനത്തിലും മാതൃകയിലും യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിവര ശേഖരണം നടത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു. എൻഎസ്എസിന്റെ ആവശ്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന കമ്മിഷന്റെ കണ്ടെത്തൽ അപലപനീയമാണെന്നും കമ്മിഷൻ നിലപാട് പുനഃപരിശോധിച്ച് സെൻസസ് എടുക്കുന്ന രീതിയിൽ സർവേ പൂർത്തിയാക്കണമെന്നും എൻഎസ്എസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണമാണ് ഏർപ്പെടുത്തുന്നത്. 164 മുന്നാക്കസമുദായങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് സംവരണത്തിനുള്ള വാർഷിക വരുമാന പരിധി നാല് ലക്ഷമായാണ് നിശ്ചയിച്ചിരിക്കുന്നത്.