രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ച് എൻഡിഎ

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ. ഝാർഖണ്ട് മുൻ ഗവർണറും ഒഡീഷ മുൻ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമു ആണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. 20 പേരുകൾ ചർച്ചയായതിൽ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. 1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമു ജനിച്ചത്.

സന്താൾ വംശജയാണ് ദ്രൗപദി ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യ വനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. ഒഡീഷ മുൻ മന്ത്രി കൂടിയാണ് ദ്രൗപതി മുർമു.

മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് മുർമുവിന് ലഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പാർട്ടിക്ക് അടിത്തറയിട്ട പ്രമുഖ നേതാക്കളിൽ ഒരാൾ എന്ന നിലയിലാണ് മുർമുവിനെ ബിജെപി വിശേഷിപ്പിക്കുന്നത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച ശേഷമാണ് മുർമു പ്രശസ്തയായത്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായും മുർമു സേവനമുഷ്ഠിച്ചിട്ടുണ്ട്.

അതേ,സമയം, ദ്രൗപതി മുർമു തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച വ്യക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അവർക്ക് സമ്പന്നമായ ഭരണപരിചയമുണ്ട്. കൂടാതെ ഗവർണർ പദവിയും മികച്ച രീതിയിൽ കൈകാര്യം ചെയ്തു. അവർ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ ദ്രൗപതി മുർമുവിന്റെ ജീവിതത്തിൽ നിന്ന് വലിയ ശക്തി നേടുന്നു. ദ്രൗപതി മുർമുവിന്റെ നയപരമായ കാര്യങ്ങളിലെ ധാരണയും അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.