ആരോഗ്യകരമായ ജീവിതത്തിന് യോഗ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…..

ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യോഗ ഒരു പ്രധാന ഘടകമാണ്. യോഗ ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ബാലൻസും ബലവും വഴക്കവും ശക്തിപ്പെടും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടാനും യോഗ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും യോഗ സഹായിക്കും. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന് ആവശ്യമുള്ള റിലാക്സേഷൻ നൽകുന്നു. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും സമ്മർദ്ദങ്ങളിൽ നിന്ന് അകറ്റി നിർത്തും.

എന്നാൽ, യോഗ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ ചെയ്യാനായി തെരഞ്ഞെടുക്കേണ്ടത് വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം. രാവിലെ നാലുമണി മുതൽ ഏഴു മണി വരെയുള്ള സമയമായിരിക്കും യോഗ ചെയ്യാൻ ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴു മണി വരെയും ചെയ്യാം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം.

യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നത് നല്ലതല്ല. കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യുന്നതും നല്ലതല്ല.
ഗർഭിണികൾ മൂന്നു മാസം കഴിഞ്ഞാൽ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യരുത്.