ശബരിമല: ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വില്പന തടഞ്ഞ ശബരിമലയിലെ അരവണ വളമാക്കി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. 6.65 ലക്ഷം ടിൻ അരവണ വളമാക്കി മാറ്റി.ക്കേുമെന്ന വിവരമാണ് പുറത്തുവരുന്നത്. മാളികപ്പുറം ഗോഡൗണിലാണ് ഒരു വർഷത്തിലേറെയായി ഈ അരവണ കണ്ടയ്‌നറുകൾ സൂക്ഷിച്ചിരിക്കുന്നത്. അരവണ പുറത്തെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ടെൻഡർ ക്ഷണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അരവണ എങ്ങനെ സംസ്‌കരിക്കുമെന്ന് ഏജൻസികൾ മുൻകൂട്ടി വ്യക്തമാക്കണം. ഇതിന്റെ അടിസ്ഥാനത്തിലേ തുടർനടപടി സ്വീകരിക്കൂ. ടെൻഡറിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ച ഭൂരിപക്ഷം ഏജൻസികളും വളം നിർമ്മിക്കാൻ അരവണ ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അരവണ ടിന്നുകൾ അതേരൂപത്തിൽ നിലയ്ക്കലിനപ്പുറം കൊണ്ടുപോകാൻ അനുവദിക്കില്ല. അരവണ ശബരിമലയ്ക്ക് പുറത്ത് വിൽക്കാതിരിക്കാനാണിത്. ശബരിമലയിൽ വച്ചുതന്നെ കണ്ടയ്‌നർ പൊട്ടിച്ച് അരവണ വേർതിരിച്ചാൽ ശർക്കരയുടെ മണം പിടിച്ച് ആന ഉൾപ്പടെയുള്ള വന്യ ജീവികൾ എത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കണ്ടയ്‌നറുകൾ ട്രാക്ടറിൽ പമ്പയിലെത്തിച്ച് ഇവിടെ നിന്ന് നിലയ്ക്കൽ ഗോഡൗണിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

