ആലപ്പുഴ: ആലപ്പുഴയില്‍ വൈറല്‍ പനിക്കൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേര്‍ക്കാണ് ജില്ലയില്‍ വൈറല്‍പനി ബാധിച്ചത്. ഇത്തവണത്തെ വ്യാപനം ഇരട്ടിയോളമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രോഗലക്ഷണം കണ്ടാലുടനെ ചികിത്സ തേടിയാല്‍ ഗുരുതരമാകുന്നത് തടയാന്‍ കഴിയും. പനി, ജലദോഷം, ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് ലക്ഷണം. കാലാവസ്ഥ മാറിയതോടെ കുട്ടികളില്‍ പനിയും വയറിളക്ക രോഗങ്ങളും പടരുന്നുണ്ട്. ചികിത്സ തേടിയെത്തുന്നവരില്‍ പകുതിയിലേറെയും കുട്ടികളാണ്. വൈറല്‍ പനി, തക്കാളിപ്പനി തുടങ്ങിയവ ബാധിച്ചാണ് കൂടുതല്‍ കുട്ടികളും ആശുപത്രിയിലെത്തുന്നത്.
അതേസമയം, ഡെങ്കിപ്പനിയും രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടു കൂടിയ ജ്വരം, വിറയല്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന, ഛര്‍ദി, വിശപ്പില്ലായ്മ, മനംപുരട്ടല്‍, കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തേക്കു നോക്കാന്‍ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം. ആഴ്ചയില്‍ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം. സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.

