Health (Page 93)

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തു. മരുന്ന് ലഭ്യത ഉറപ്പാക്കാനും, വിതരണം സുഗമമാക്കാനും മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാൻ കെ.എം.എസ്.സി.എൽ-നോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലും ഏകോപനത്തിനും ഇടപെടലിനും പരിശോധനയ്ക്കുമായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

തുടർച്ചയായി ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, വകുപ്പ് തലവൻമാർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ വിശദമായ അവലോകന യോഗങ്ങൾ നടത്തി. ജില്ലകളിൽ ഡെപ്യുട്ടി ഡി.എം.ഒ മാർക്ക് പ്രത്യേക ചുമതല നൽകി. മെഡിക്കൽ കോളേജുകളിൽ ആർ.എം.ഒ-മാരെ ചുമതലപ്പെടുത്തി. മരുന്നുകൾ ഉപയോഗിക്കാത്തിരുന്നിടത്ത് നിന്ന് ആവശ്യമുള്ളിടത്തേയ്ക്ക് എത്തിക്കുന്നുവെന്നും വാർഷിക ഇൻഡന്റിനേക്കാൾ ആവശ്യമെങ്കിൽ അധികമായി ഉപഭോഗം ഉണ്ടായ ഇടങ്ങളിൽ മരുന്നുകൾ അഡീഷണൽ ഇൻഡന്റിലൂടെ ടെണ്ടർ വിലയ്ക്ക് തന്നെ വാങ്ങി ലഭ്യമാക്കുന്നുവെന്നും ഉറപ്പാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 69 കോടി രൂപ ആശുപത്രികൾക്കായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മരുന്നുകളുടെ ഉപഭോഗത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായി. ഇൻഡന്റിലും ഈ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിക്കപ്പെട്ടു. ഈ സാചര്യങ്ങൾ സമഗ്രമായി വിലയിരുത്തി മാസങ്ങൾക്ക് മുമ്പുതന്നെ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയെന്ന് വീണാ ജോർജ് അറിയിച്ചു.

സാധാരണ ഗതിയിൽ ഓരോ വർഷത്തെയും ടെണ്ടർ ക്വാണ്ടിറ്റിയുടെ അവസാനത്തെ ഷെഡ്യൂൾ ആ സാമ്പത്തിക വർഷം കഴിഞ്ഞ് ഏകദേശം ഓഗസ്റ്റ് മാസം വരെയുള്ള ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. ഈ സാമ്പത്തിക വർഷത്തെ മരുന്ന് സംഭരണ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചത് 2021 ഒക്ടോബർ മാസത്തിലാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ 2020-21 വർഷത്തിലും 2021-22 വർഷത്തിലും ഡിസംബർ മാസത്തിലാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തേയ്ക്കുള്ള മരുന്ന് വിതരണ നടപടികൾ ആണ് ഈ വർഷം നടക്കുന്നത്. ഈ വർഷത്തെ ടെണ്ടറിന്റെ പർചേസ് ഓർഡറുകൾ നൽകുകയും, ആദ്യ ഷെഡ്യൂൽ അനുസരിച്ചുള്ള മരുന്ന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ഇതിന്റെ ഫലമായി IDRV/ARS എന്നിവയുടെ ഉപയോഗം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഈ വാക്‌സിനുകളുടെ അധിക ഇൻഡന്റ് ശേഖരിച്ച് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇൻഡന്റിനേക്കാൾ അധിക ഉപഭോഗം ഉണ്ടായ മരുന്നുകൾ സംഭരണശാലകളിൽ നിന്ന് വിതരണം നടത്തിവരുന്നുണ്ട്. വരും വർഷങ്ങളിൽ മരുന്ന് സംഭരണ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി വാർഷിക ഇൻഡന്റ് തയ്യാറാക്കുന്നത് മുതൽ മരുന്നകൾ വിതരണം ചെയ്യുന്നത് വരെയുള്ള പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സംഭരണ വിതരണങ്ങളുടെ സമയം നിജപ്പെടുത്തുന്ന കലണ്ടർ ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തെ 2023-24 മരുന്ന് സംഭരണ നടപടികൾ ആരംഭിക്കും. മരുന്നുകൾ പൂർണ്ണമായി തീർന്നിട്ട് അടുത്ത ഷെഡ്യൂൽ ആവശ്യപ്പെടുന്നത് ഒഴിവാക്കി, ലഭ്യമായ മരുന്നിന്റെ ഒരു നിശ്ചിത ശതമാനം ഉപയോഗിച്ച് തീരുമ്പോൾ തന്നെ കെ.എം.എസ്.സി.എൽ-നെ ഇക്കാര്യം ആശുപത്രികൾ അറിയിക്കുന്ന രീതിയും സ്വീകരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോവിഡ് കരുതൽ ഡോസ് വാക്‌സിനോട് വിമുഖത കാട്ടി ജനങ്ങൾ. ഏപ്രിൽ മാസത്തിലാണ് പ്രായപൂർത്തിയായ മുഴുവൻ പേർക്കും കോവിഡ് വാക്സിന്റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം നടക്കുന്നത്. വാക്‌സിന്റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കരുതൽ ഡോസ് വിതരണം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി വാക്‌സിൻ വിതരണത്തിൽ ഉണ്ടായിട്ടില്ല.

മണിപ്പൂരിൽ 12 പേർ അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 എന്നിങ്ങനെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കണക്കുകൾ. ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടുമില്ല. ജനങ്ങൾക്ക് കോവിഡ് വൈറസ് വ്യാപനത്തോടുള്ള ഭയം കുറഞ്ഞത് കാരാണമാകാം ഇപ്പോൾ ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്നാണ് കോവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് വ്യക്തമാക്കുന്നത്.

പണമടച്ചുള്ള വാക്സിനേഷനോടാണ് ജനങ്ങൾ പ്രധാനമായും വിമുഖത കാട്ടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് ഒഴിവാക്കുന്നത് അപകടകരമാണെന്ന് ഡോ. സുനീല ഗാർഗ് ഉൾപ്പടെയുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബി എ 2.75 ഉൾപ്പടെയുള്ള വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മാസ്‌കും, വാക്സിനേഷനും ഉൾപ്പടെയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

മഴക്കാലമാകുമ്പോൾ പനി, ചുമ, കഫക്കെട്ട് എന്നിങ്ങനെ പല അസുഖങ്ങളും ഉണ്ടാകാറുണ്ട്. മഴയും തണുപ്പുമൊക്കെ വരുമ്പോൾ ചിലർക്ക് രാത്രിസമയത്ത് നിർത്താതെ ചുമ അനുഭവപ്പെടാറുണ്ട്. ചുമ കാരണം മിക്കവരുടെയും ഉറക്കം പോലും നഷ്ടപ്പെടും. രാത്രി നേരമുള്ള ചുമയെ അകറ്റാനുള്ള പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആവി പിടിക്കൽ

ചുമയുള്ളപ്പോൾ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ആവി പിടിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ കെട്ടികിടക്കുന്ന കഫം ഇളകി അത് പുറത്തേക്ക് പോകും. ആവി പിടിക്കുന്ന വെള്ളത്തിൽ ബാമുകൾ ഒന്നും ഇടാതിരിക്കുന്നതാണ് നല്ലത്.

ചൂട് വെള്ളം കവിൾകൊള്ളുക

ചുമയ്ക്ക് ശമനം നൽകാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് ചൂടുവെള്ളം കവിൾ കൊള്ളുന്നത്. ദിവസവും രണ്ട് നേരം വീതം ഇത് ചെയ്യുന്നത് ചുമ കുറയ്ക്കും. ചുമയ്ക്ക് മാത്രമല്ല തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും ഇത് വളരെ ഉത്തമമാണ്. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കും. കുറച്ച് ദിവസം അടുപ്പിച്ച് ഇത് ചെയ്താൽ മികച്ച ഫലം ലഭിക്കും.

ചൂടുവെള്ളത്തിൽ കുളിക്കണം

കഫക്കെട്ടോ ചുമയോ ഉള്ള വ്യക്തികൾ കഴിവധും ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കണം. അതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ശരീരതാപനില നിലനിർത്താൻ ഇത് സഹായിക്കും. ശരീരത്തിൽ തണുപ്പ് തട്ടുമ്പോൾ ചുമ കൂടും.

പുകവലി ഉപേക്ഷിക്കുക

ചുമയുള്ള സമയത്ത് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്. പുകവലി ചുമ വർധിക്കാൻ കാരണമാകും. അത് പിന്നീട് ശ്വാസകോശ പ്രശ്നങ്ങളിലേയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫാൻ ഇടുന്നത് ഒഴിവാക്കുക

കഫക്കെട്ടോ നിർത്താതെയുള്ള ചുമയോ ഉണ്ടെങ്കിൽ ഫാൻ ഇടുന്നത് പരമാവധി ഒഴിവാക്കണം. ചിലർക്ക് ഫാൻ ഇല്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല. അത്തരക്കാർ ഫാനിന്റെ കാറ്റ് നേരിട്ട് ഏൽക്കാത്ത സ്ഥലത്ത് കിടക്കണം. തലയിൽ തുണി കെട്ടി കിടക്കുകയോ നന്നായി പുതച്ചും കിടക്കുകയോ ചെയ്യുന്നതും നല്ലതാണ്. ഇത് ശരീരതാപം നിലനിർത്തും.

മരുന്ന് കഴിക്കുക

ചുമ കൂടുതലാണെങ്കിൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം.

തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ റഫറൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ആശുപത്രിയിലെ സൗകര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാകണം. റഫർ ചെയ്യുമ്പോൾ കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫർ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫർ അനുവദിക്കുകയുള്ളൂ. ഓരോ ആശുപത്രിയിലും റഫറൽ രജിസ്റ്റർ ഉണ്ടായിരിക്കും. നൽകിയ ചികിത്സയും റഫർ ചെയ്യാനുള്ള കാരണവും അതിൽ വ്യക്തമാക്കിയിരിക്കണം. മാസത്തിലൊരിക്കൽ ആശുപത്രിതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദ്ദേശം നൽകിയത്.

ഒരു രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ അക്കാര്യം മെഡിക്കൽ കോളേജിന്റെ കൺട്രോൾ റൂമിൽ അറിയിച്ചിരിക്കണം. ഐസിയു വെന്റിലേറ്റർ സൗകര്യങ്ങൾ ഉറപ്പാക്കി വേണം റഫർ ചെയ്യേണ്ടത്. ഇതിലൂടെ മെഡിക്കൽ കോളേജിലും കാലതാമസമില്ലാതെ ചികിത്സ ലഭ്യമാകുന്നു. നിലവിൽ താലൂക്ക് ആശുപത്രികൾ മുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാണ്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതൽ ഇ-സഞ്ജീനവനി ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാണ്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതിലൂടെ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മാത്രമല്ല അതീവ വിദഗ്ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികൾ അധികമായി എത്തുമ്പോൾ മെഡിക്കൽ കോളേജുകളുടെ താളം തെറ്റും. ഇങ്ങനെ റഫറൽ സംവിധാനം ശക്തമാക്കുന്നതോടെ രോഗികൾക്ക് കാലതാമസം കൂടാതെ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവും. ഇതോടൊപ്പം മെഡിക്കൽ കോളേജുകളിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി നന്നായി പരിചരിക്കാനും കഴിയും. മാത്രമല്ല മെഡിക്കൽ കോളേജുകൾക്ക് ഗവേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാനും കഴിയുന്നതാണെന്ന് വീണാ ജോർജ് പറഞ്ഞു.

ഇതോടൊപ്പം ബാക്ക് റഫറൽ സംവിധാനവും ശക്തിപ്പെടുത്തും. മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടർ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളിൽ ബാക്ക് റഫർ ചെയ്യുന്നതാണ്. ഇതിലൂടെയും മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ ബന്ധുക്കൾക്ക് അധികദൂരം യാത്ര ചെയ്യാതെ തുടർ ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു. ബാക്ക് റഫറലിന് വേണ്ടിയുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു.

മഴക്കാലമായതോടെ പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളും ഉടലെടുത്തിരിക്കുകയാണ്. മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാൻ ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ശരിയായ അളവിൽ വെളളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ശുദ്ധമായ വെള്ളം വേണം കുടിക്കേണ്ടത്.

ചെറുചൂടുള്ള വെള്ളം, കഷായങ്ങൾ, ഹെർബൽ ടീ മുതലായവ കഴിക്കുന്നത് ഇലക്ട്രോലൈറ്റ് ബാലൻസ് റീഹൈഡ്രേറ്റ് ചെയ്യാനും നിലനിർത്താൻ സഹായിക്കും. ആരോഗ്യ സംരക്ഷണത്തിന് പഴങ്ങൾ ധാരാളമായി കഴിക്കേണ്ടതുണ്ട്. ജാമുൻ, പേര, പ്ലം, ചെറി, പീച്ച്, പപ്പായ, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ ഫലങ്ങൾ കഴിക്കണം. വിറ്റാമിനുകൾ എ, സി, ആന്റിഓക്സിഡന്റുകൾ, നാരുകൾ തുടങ്ങിയ പോഷകങ്ങളുടെ ആവശ്യം നികത്താൻ ഈ ഫലവർഗങ്ങൾ കഴിക്കുന്നത് ഉത്തമമാണ്.

പച്ചക്കറികളും ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. ചീര, ക്യാരറ്റ്, തക്കാളി, വെള്ളരിക്ക, തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ഈന്തപ്പഴം, ബദാം, വാൽനട്ട് തുടങ്ങിയ കഴിക്കുന്നതും നല്ലതാണ്. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറുവാപ്പട്ട, ഏലം, ജാതിക്ക തുടങ്ങിയ വിവിധ സുഗന്ധദ്രവ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

തിരുവനന്തപുരം: ശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനസംഖ്യാ നിയന്ത്രണം വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കും. എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളർത്തുവാനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും സാധിക്കുന്നു. അതിലൂടെ ഭാവിയിൽ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുമെന്നും വീണാ ജോർജ് വിശദീകരിച്ചു.

കുടുംബാസൂത്രണ മാർഗങ്ങളെപ്പറ്റി എല്ലാവർക്കും അവബോധം ഉണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം. താത്ക്കാലിക ഗർഭനിരോധന മാർഗങ്ങളായ കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ സബ് സെന്ററിൽ നിന്നും ലഭ്യമാണ്. കോപ്പർടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാണ്. ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷൻമാർക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മിനി ലാപ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാർട്ടം സ്റ്ററിലൈസേഷൻ എന്നീ പേരുകളിലാണ് ട്യൂബക്ടമി അറിയപ്പെടുന്നത്. പുരുഷൻമാരിൽ നടത്തുന്ന നോസ്‌കാൽപൽ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയകൾ താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങളിലൊന്നാണ് പീനട്ട് ബട്ടർ. പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത പീനട്ട് ബട്ടർ കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്പ്രെഡ് ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്ട്‌സുകളായ കശുവണ്ടി, പിസ്ത, ബദാം, വാൾനട്ട് ഇവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടലയെങ്കിലും ഗുണങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടിത്.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്‌നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്‌ലേവിൻ, പിരിഡോക്‌സിൻ, പാന്റോതെനിക് ആസിഡ് തുടങ്ങിയ പോഷക ഘടകങ്ങൾ പീനട്ട് ബട്ടറിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന കാത്സ്യവും അയണും എല്ലുകൾക്ക് ബലമേകുന്നു. തലച്ചോറിലെ ഞരമ്പുകളെ ആരോഗ്യമുള്ളതാക്കി മറവി രോഗം ഇല്ലാതാക്കാൻ പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന നിയാസിൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും പീനട്ട് ബട്ടറിൽ ധാരാളമുണ്ട്. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതാണ്.

പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്ത്മയ്ക്ക് കാരണമാകും.

വായുമലിനീകരണം മൂലവും ആസ്ത്മ ഉണ്ടാകും. വീടിനു പുറത്തുള്ളതിനേക്കാൾ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധർ പറയുന്നത്. ആസ്ത്മ ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ആസ്ത്മയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്ന പ്രത്യേക ഭക്ഷണമൊന്നുമില്ല. എന്നാൽ, പോഷകാഹാരക്കുറവ് ആസ്ത്മയുടെ ലക്ഷണങ്ങളെ വഷളാക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, ഫ്‌ലേവനോയ്ഡുകൾ, മഗ്‌നീഷ്യം, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ആസ്ത്മയുടെ നിരക്ക് കുറവാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മുന്തിരി, ആപ്പിൾ, തക്കാളി, പഴങ്ങൾ എന്നിവ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം കഴിച്ച് വളർന്ന കുട്ടികളിൽ ആസ്ത്മ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ ജിഗ്‌നേഷ് പട്ടേൽ അറിയിച്ചു. സാൽമൺ, ട്യൂണ, മത്തി, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആസ്ത്മയുള്ളവർക്ക് കഴിക്കുന്നത് നല്ലതാണ്. ബ്രോക്കോളി, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, കാരറ്റ്, മല്ലിയില, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ഓറഞ്ച്, മുന്തിരി, മാതളനാരങ്ങ, കിവി, ചെറി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

അതേസമയം ആസ്ത്മ രോഗകൾ ജങ്ക്, എണ്ണമയമുള്ളതും സംസ്‌കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതല്ല. കാരണം അവ ചുമ, വീക്കം എന്നിവ പോലുള്ള ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. കോളകൾ, സോഡകൾ, കേക്കുകൾ, പേസ്ട്രികൾ, മിഠായികൾ, മധുരപലഹാരങ്ങൾ, ജ്യൂസുകൾ, കൃത്രിമ മധുരപലഹാരങ്ങൾ, പ്രിസർവേറ്റീവുകൾ, എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.

തിരുവനന്തപുരം: സർക്കാർ മേഖലയിലെ ആദ്യ സംരംഭമായ ബോൺമാരോ ഡോണർ രജിസ്ട്രിയിൽ 112 ദാതാക്കൾ രജിസ്റ്റർ ചെയ്തായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മലബാർ കാൻസർ സെന്ററിലെ രജിസ്ട്രിയുടെ പ്രവർത്തനം ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളിൽ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടമാണ്. മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്ക് കാത്തിരിക്കുന്നവർക്ക് ഇതേറെ സഹായകരമാണ്. രക്തജന്യ രോഗങ്ങളുടെ ചികിത്സ ചെലവ് ഗണ്യമായി കുറക്കുവാൻ രജിസ്ട്രി സഹായിക്കും. രജിസ്ട്രിക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയർ നിർമാണം ഇ ഹെൽത്ത് കേരള വഴി പുരോഗമിക്കുകയാണ്. മാത്രമല്ല വേൾഡ് മാരോ ഡോണർ അസോസിയേഷനുമായി രജിസ്ട്രിയെ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു. രജിസ്ട്രി വിപുലീകരിക്കുന്നതാണ്. രജിസ്ട്രിയ്ക്കായി ഈ ബജറ്റിൽ ഒരു കോടി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രക്താർബുദം ബാധിച്ചവർക്ക് ഏറെ ഫലപ്രദമായ ചികിത്സയാണ് മജ്ജ മാറ്റിവെക്കൽ ചികിത്സ. വളരെയേറെ ചെലവ് വരുന്നതാണ് ഈ ചികിത്സ. മാത്രമല്ല ചികിത്സയ്ക്കായി അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ മാത്രമാണുള്ളത്. ഒരു രോഗിക്ക് യോജിച്ച മൂലകോശം ലഭിക്കണമെങ്കിൽ നിലവിൽ 8 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഈയൊരു സാഹചര്യത്തിലാണ് മജ്ജ മാറ്റിവെക്കൽ ചികിത്സ ചെലവ് ഗണ്യമായി കുറക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെ മലബാർ കാൻസർ സെന്ററിൽ ബോൺമാരോ ഡോണർ രജിസ്ട്രി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

മലബാർ കാൻസർ സെന്ററിൽ 160 ഓളം മജ്ജ മാറ്റിവെക്കൽ ചികിത്സ പൂർത്തീകരിച്ചിട്ടുണ്ട്. കൂടുതൽ രോഗികൾക്ക് മജ്ജ മാറ്റിവെക്കൽ ചികിത്സ ലഭ്യമാക്കുവാൻ ദാതാക്കളെ കൂട്ടേണ്ടതുണ്ട്. അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുന്നതിനായി വിവിധ ബോധവൽക്കരണ പരിപാടികൾ രക്ത ദാതാക്കളുടെ കൂട്ടായ്മകളുമായി യോജിച്ച് പ്രവർത്തിച്ചു കൊണ്ട് മലബാർ കാൻസർ സെന്റർ നടത്തുന്നുണ്ട്. സന്നദ്ധ സംഘടനങ്ങൾ നല്ല സഹകരണവുമായി മുന്നോട്ട് വരുന്നുണ്ടെന്ന് വീണാ ജോർജ് വിശദീകരിച്ചു.

മലബാർ ക്യാൻസർ സെന്ററിന്റെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചായി പ്രഖ്യാപിച്ചിരുന്നു. എംസിസിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുന്നതിനായി കിഫ്ബി വഴി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒന്നാം ഘട്ടത്തിൽ 80 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 398 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം അന്തിമഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോർട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു ജില്ലയിൽ പോലും ഈ രോഗം വലിയ തോതിൽ വർധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയിൽ എത്തിയതായും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം. മാത്രമല്ല അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാൽ ഏറെ ശ്രദ്ധ വേണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികൾക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

എന്താണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്?

കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്. പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്.

രോഗ ലക്ഷണങ്ങൾ

പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

രോഗപ്പകർച്ച

രോഗബാധിതരിൽ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളിൽ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീർ, തൊലിപ്പുറമെയുള്ള കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.

ചികിത്സ

സാധാരണഗതിയിൽ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. രോഗം വന്ന് കഴിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

പരിചരണം

രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.

പ്രതിരോധം

മലമൂത്ര വിസർജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, വൈറസ് പടരാതിരിക്കാൻ മൂക്കും വായും മൂടുകയും ഉടൻ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ ഈ കാലയളവിൽ ഒഴിവാക്കുക.