മജ്ജ മാറ്റിവെക്കൽ ചികിത്സയിൽ പുതിയ ചുവടുവയ്പ്പ്; ബോൺമാരോ ഡോണർ രജിസ്ട്രിയിൽ 112 ദാതാക്കൾ

തിരുവനന്തപുരം: സർക്കാർ മേഖലയിലെ ആദ്യ സംരംഭമായ ബോൺമാരോ ഡോണർ രജിസ്ട്രിയിൽ 112 ദാതാക്കൾ രജിസ്റ്റർ ചെയ്തായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മലബാർ കാൻസർ സെന്ററിലെ രജിസ്ട്രിയുടെ പ്രവർത്തനം ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളിൽ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടമാണ്. മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്ക് കാത്തിരിക്കുന്നവർക്ക് ഇതേറെ സഹായകരമാണ്. രക്തജന്യ രോഗങ്ങളുടെ ചികിത്സ ചെലവ് ഗണ്യമായി കുറക്കുവാൻ രജിസ്ട്രി സഹായിക്കും. രജിസ്ട്രിക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയർ നിർമാണം ഇ ഹെൽത്ത് കേരള വഴി പുരോഗമിക്കുകയാണ്. മാത്രമല്ല വേൾഡ് മാരോ ഡോണർ അസോസിയേഷനുമായി രജിസ്ട്രിയെ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു. രജിസ്ട്രി വിപുലീകരിക്കുന്നതാണ്. രജിസ്ട്രിയ്ക്കായി ഈ ബജറ്റിൽ ഒരു കോടി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രക്താർബുദം ബാധിച്ചവർക്ക് ഏറെ ഫലപ്രദമായ ചികിത്സയാണ് മജ്ജ മാറ്റിവെക്കൽ ചികിത്സ. വളരെയേറെ ചെലവ് വരുന്നതാണ് ഈ ചികിത്സ. മാത്രമല്ല ചികിത്സയ്ക്കായി അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ മാത്രമാണുള്ളത്. ഒരു രോഗിക്ക് യോജിച്ച മൂലകോശം ലഭിക്കണമെങ്കിൽ നിലവിൽ 8 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഈയൊരു സാഹചര്യത്തിലാണ് മജ്ജ മാറ്റിവെക്കൽ ചികിത്സ ചെലവ് ഗണ്യമായി കുറക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെ മലബാർ കാൻസർ സെന്ററിൽ ബോൺമാരോ ഡോണർ രജിസ്ട്രി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

മലബാർ കാൻസർ സെന്ററിൽ 160 ഓളം മജ്ജ മാറ്റിവെക്കൽ ചികിത്സ പൂർത്തീകരിച്ചിട്ടുണ്ട്. കൂടുതൽ രോഗികൾക്ക് മജ്ജ മാറ്റിവെക്കൽ ചികിത്സ ലഭ്യമാക്കുവാൻ ദാതാക്കളെ കൂട്ടേണ്ടതുണ്ട്. അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുന്നതിനായി വിവിധ ബോധവൽക്കരണ പരിപാടികൾ രക്ത ദാതാക്കളുടെ കൂട്ടായ്മകളുമായി യോജിച്ച് പ്രവർത്തിച്ചു കൊണ്ട് മലബാർ കാൻസർ സെന്റർ നടത്തുന്നുണ്ട്. സന്നദ്ധ സംഘടനങ്ങൾ നല്ല സഹകരണവുമായി മുന്നോട്ട് വരുന്നുണ്ടെന്ന് വീണാ ജോർജ് വിശദീകരിച്ചു.

മലബാർ ക്യാൻസർ സെന്ററിന്റെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചായി പ്രഖ്യാപിച്ചിരുന്നു. എംസിസിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുന്നതിനായി കിഫ്ബി വഴി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒന്നാം ഘട്ടത്തിൽ 80 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 398 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം അന്തിമഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.