കോവിഡ് കരുതൽ ഡോസ് വാക്‌സിനോട് വിമുഖത കാട്ടി ജനങ്ങൾ; അപകടകരമെന്ന് മുന്നറിയിപ്പ് നൽകി ഗവേഷകർ

ന്യൂഡൽഹി: കോവിഡ് കരുതൽ ഡോസ് വാക്‌സിനോട് വിമുഖത കാട്ടി ജനങ്ങൾ. ഏപ്രിൽ മാസത്തിലാണ് പ്രായപൂർത്തിയായ മുഴുവൻ പേർക്കും കോവിഡ് വാക്സിന്റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം നടക്കുന്നത്. വാക്‌സിന്റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കരുതൽ ഡോസ് വിതരണം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി വാക്‌സിൻ വിതരണത്തിൽ ഉണ്ടായിട്ടില്ല.

മണിപ്പൂരിൽ 12 പേർ അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 എന്നിങ്ങനെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കണക്കുകൾ. ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടുമില്ല. ജനങ്ങൾക്ക് കോവിഡ് വൈറസ് വ്യാപനത്തോടുള്ള ഭയം കുറഞ്ഞത് കാരാണമാകാം ഇപ്പോൾ ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്നാണ് കോവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് വ്യക്തമാക്കുന്നത്.

പണമടച്ചുള്ള വാക്സിനേഷനോടാണ് ജനങ്ങൾ പ്രധാനമായും വിമുഖത കാട്ടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് ഒഴിവാക്കുന്നത് അപകടകരമാണെന്ന് ഡോ. സുനീല ഗാർഗ് ഉൾപ്പടെയുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബി എ 2.75 ഉൾപ്പടെയുള്ള വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മാസ്‌കും, വാക്സിനേഷനും ഉൾപ്പടെയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.