Health (Page 226)

covid

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്‌നാട്. ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര മാര്‍ക്കറ്റായ കോയമ്പേടില്‍ കച്ചവടക്കാര്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. ചെറുകിട വ്യാപാരത്തിന് ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തി.ഹോട്ടലുകളിലും ചായക്കടകളിലും ആകെയുള്ള സീറ്റുകളില്‍ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതു കൂടാതെ രാത്രി പതിനൊന്ന് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുവാനും പാടില്ല.ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മൃഗശാല തുടങ്ങിയ വിനോദ സ്ഥലങ്ങളിലും ആകെ ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിക്കാന്‍ അനുവാദമുണ്ടാവുകയുള്ളു. ചെന്നൈ നഗരത്തിലും, ജില്ലകള്‍ തമ്മിലും ബന്ധിപ്പിച്ച് കൊണ്ടുള്ള ബസ് സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

covid

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിച്ചു. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ.45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്.തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്.

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കോവിഡ്​ വ്യാപനം പിടിച്ചു നിർത്താൻ ബംഗളൂരു നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അപ്പാർട്ട്​മെന്‍റുകളിലും റെസിഡൻഷ്യൽ കോംപ്ലക്​സുകളിലും നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവയുടെ പ്രവർത്തനം വിലക്കിയിട്ടുണ്ട്​. ആളുകൾ ഒരുമിച്ച്​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിച്ചു.

പൊതുസ്ഥലങ്ങളിലെ റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ, മറ്റ്​ പരിപാടികൾ എന്നിവക്ക്​ നിയന്ത്രണമുണ്ടെന്ന്​ ബംഗളൂരു പൊലീസ്​ കമീഷണർ കമൽ പന്ത്​ പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേർക്കാണ്​ കർണാടകയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​.

covid

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമാകാനിടയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മാസ്‌ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്ററെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കുണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും തീരുമാനമായി.

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.മററ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അതിനിയും തുടരും.

മുംബൈ : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ വാക്‌സിന്‍ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിന്‍ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ഷവര്‍ധന്റെ ഉറപ്പ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില് 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍്ട്ട് ചെയ്തത്.

Covid

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ നിസ്സാരമായി കാണരുത്.കോവിഡ് സ്ഥിതി വഷളായെന്നും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ വേഗത കഴിഞ്ഞതവണത്തേതിനേക്കാള്‍ കൂടുതലാണെന്നും അടുത്ത നാല് ആഴ്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം പ്രൊഫസര്‍ വിനോദ് കെ പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യാതൊരു മടിയും കൂടാതെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് സ്ഥിതി ഗൗരവമായി കാണാനും മാസ്‌ക് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും വിനോദ് കെ പോള്‍ ആവശ്യപ്പെട്ടു. അതേസമയം കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വളരെകുറവായതിനാല്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് ടെസ്റ്റ് 70 ശതമാനമോ അതില്‍ കൂടുതലായി നടത്താനോ ആണ് കേന്ദ്രം നിര്‍ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഢിലെ സ്ഥിതിയും വളരെ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ആറു ശതമാനവും രാജ്യത്തെ മൊത്തം മൂന്ന് ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഛത്തീസ്ഗഢില്‍ നിന്നാണ്.

ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ദിവസേനയുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധനവും മരണങ്ങളും വലിയവെല്ലുവിളി ഉയര്‍ത്തുന്നു. രാജ്യത്ത് സജീവമായ കേസുകളില്‍ 58 സതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ 34 ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. അതേസമയം ഛത്തീസ്ഗഢിലെയും പഞ്ചാബിലെയും കോവിഡ് മരണസംഖ്യ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ന്യൂഡല്‍ഹി: 45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവര്‍ക്ക്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാരും വാക്‌സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,982 പേര്‍ക്കും
രോഗം സ്ഥീരകരിച്ചിരുന്നു. 442 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. രോഗവ്യാപന രൂക്ഷമായ മഹാരാഷ്ട്രയില്‍ 50000ത്തിനടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. അതേസമയം ജനിതക മാറ്റം വന്ന കോവിഡ് വകഭേദം മൂലമുള്ള വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തെ രണ്ടാം കോവിഡ് വ്യാപനം സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

പ്രതിരോധ കുത്തിവെപ്പ് യജ്ഞം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ ഡല്‍ഹിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തുടരണമെന്നും കെജ്രിവാള്‍ കത്തില്‍ അഭ്യര്‍ഥിച്ചു.അതിനാല്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനം കൂടുതല്‍ വേഗതയിലാക്കണം.

വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയില്‍ ഇളവ് വരുത്തുകയും വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘുകരിക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും കെജ്‌രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പട്ടു.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. തന്‍റെ ആവശ്യം പരിഗണിച്ച് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ അനുവദിച്ചതിന് താക്കറെ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു.കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്.

അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു.നൈറ്റ് കര്‍ഫ്യൂവും, വാരാന്ത്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ച് കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തിലാണ് വാക്സിനേഷന്‍ വിപുലമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാവർക്കും വാക്സിന്‍ നൽകാൻ അനുമതി തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. നാളെ നടക്കുന്ന യോഗത്തിൽ കൊറോണ വ്യാപനം കൂടുതലുള്ള 11 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാർ പങ്കെടുക്കും.

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായാകും ചർച്ചയെന്നാണ് സൂചന.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 57,074 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. ഛത്തീസ്ഗഢിൽ 52,50 കർണാടകയിൽ 4553 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

രാജ്യത്ത് 1,03,558 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ സെപ്തംബറിൽ 97,894 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.