രുചിയിൽ മാത്രമല്ല ആരോഗ്യത്തിലും മുൻനിരയിൽ; പീനട്ട് ബട്ടറിന്റെ ഗുണങ്ങൾ….

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങളിലൊന്നാണ് പീനട്ട് ബട്ടർ. പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത പീനട്ട് ബട്ടർ കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്പ്രെഡ് ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്ട്‌സുകളായ കശുവണ്ടി, പിസ്ത, ബദാം, വാൾനട്ട് ഇവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടലയെങ്കിലും ഗുണങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടിത്.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്‌നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്‌ലേവിൻ, പിരിഡോക്‌സിൻ, പാന്റോതെനിക് ആസിഡ് തുടങ്ങിയ പോഷക ഘടകങ്ങൾ പീനട്ട് ബട്ടറിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന കാത്സ്യവും അയണും എല്ലുകൾക്ക് ബലമേകുന്നു. തലച്ചോറിലെ ഞരമ്പുകളെ ആരോഗ്യമുള്ളതാക്കി മറവി രോഗം ഇല്ലാതാക്കാൻ പീനട്ട് ബട്ടറിൽ അടങ്ങിയിരിക്കുന്ന നിയാസിൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും പീനട്ട് ബട്ടറിൽ ധാരാളമുണ്ട്. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതാണ്.