Health (Page 92)

പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അസിഡിറ്റി. ഭക്ഷണം കഴിക്കുന്നതിന് മുമ്പും കഴിച്ച ശേഷവും അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ചിലരിൽ വയറുവേദനയും അനുഭവപ്പെടാറുണ്ട്. കൃത്യസമയത്ത് ചികിത്സ ചെയ്തില്ലെങ്കിൽ ഇത് അൾസറിന് വരെ കാരണമാകാറുണ്ട്. അസിഡിറ്റി ഒഴിവാക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വിശക്കുമ്പോൾ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടെ പഴങ്ങളും നട്സുമൊക്കെ കഴിക്കണം. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുന്നതും നല്ലതാണ്. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കി പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണം.

ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കണം. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.

ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്നത്. എന്നാൽ രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോയെന്ന സംശയം പലർക്കുമുണ്ട്. രാത്രിയിൽ പഴങ്ങൾ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രാത്രിയിൽ പഴങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. പല പഴങ്ങളിലും പഞ്ചസാര കൂടുതലാണ്. അത്താഴത്തിന് മുമ്പ് അവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അതിനാൽ, ഉറങ്ങാൻ പോകുന്നതിന് മുൻപ് ചില പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

പഴങ്ങൾ കൂടുതലായി കഴിക്കുമ്പോൾ മിക്ക ആളുകളും പച്ചക്കറികളും പ്രോട്ടീനുകളും പോലുള്ള മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നു. എന്നാൽ, പോഷകങ്ങൾ അടങ്ങിയിട്ടുള്ള മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാനിടയുണ്ട്. ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് അത്താഴസമയത്ത് പഴങ്ങൾ കഴിക്കുന്നത് കൂടുതൽ ഊർജ്ജസ്വലനാകാൻ സഹായിക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്താനിടയുണ്ട്. ശരിയായ ഉറക്കം ലഭിക്കില്ല. പ്രഭാതഭക്ഷണത്തിന് പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്.

കാരണം അവ ശരീരത്തിലെ ഊർജം വർധിപ്പിക്കും. ക്ഷീണം തോന്നാതെ ദിവസം മുഴുവൻ പ്രവർത്തിക്കാൻ സഹായിക്കും.

നിരവധി പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് ഡ്രൈ ഫ്രൂട്ട്സ്. ഊർജ്ജത്തിന്റെ ഉറവിടം കൂടിയാണ് ഇവ. ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യത്തിന് വളരെയേറെ പ്രയോജനങ്ങൾ ലഭിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നത് നല്ലതാണ്. വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വെറും വയറ്റിൽ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി ഉയരും. ഇത് പല രോഗങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു. വൈറ്റമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം എന്നിവ ഡ്രൈ ഫ്രൂട്ട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും അർബുദം ഉൾപ്പെടെ ഉള്ള രോഗങ്ങളെ തടയുന്നതിനും ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ഉത്തമമാണ്.

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും ഇവ സഹായിക്കും. അർബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങൾ എന്നിവയെയും ഡ്രൈ ഫ്രൂട്ട്സ് പ്രതിരോധിക്കും. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയവ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചാൽ ശരീര ഭാരം നിയന്ത്രിക്കാൻ കഴിയും. രക്തത്തിലെ ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ചുണ്ട് വരണ്ട് പൊട്ടൽ. എല്ലാ കാലാവസ്ഥയിലും ഇതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചില പ്രകൃതിദത്ത വഴികളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. എന്തൊക്കെയാണ് ആ മാർഗങ്ങളെന്ന് നോക്കാം.

ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. വെളിച്ചെണ്ണ തേയ്ക്കാനായി പഞ്ഞിയോ വളരെ മൃദുവായ കോട്ടൺ തുണിയോ വേണം ഉപയോഗിക്കേണ്ടത്. വരണ്ട ചുണ്ടുകൾ എന്ന പ്രശ്‌നം പരിഹാരിക്കാനുള്ള മറ്റൊരു മാർഗമാണ് കറ്റാർ വാഴയുടെ ഉപയോഗം. അലോവേറ ജെല്ലോ അല്ലെങ്കിൽ ചെടിയിൽ നിന്നെടുത്ത കറ്റാർവാഴയോ ഉപയോഗിക്കാം.

തേൻ ഉപയോഗിക്കുന്നതിലൂടെ ചുണ്ടിൽ ഈർപ്പം നിലനിർത്തപ്പെടുകയും അണുബാധ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ദിവസവും ഒരു നേരം ചുണ്ടിൽ നെയ്യ് പുരട്ടുന്നത് ചുണ്ട് വരണ്ടു പൊട്ടുന്നത് തടയും. ചുണ്ടിന് നിറം നൽകാനും ഈ മാർഗം സഹായിക്കും.

തിരുവനന്തപുരം: ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിഡിസിയുടെ കെട്ടിട നവീകരണം, അവശ്യ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഗവേഷണം, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ, അക്കാദമിക് പ്രവർത്തനങ്ങൾ, മറ്റ് തുടർ പ്രവർത്തനങ്ങളായ ഡിസെബിലിറ്റി പ്രീസ്‌കൂൾ, അഡോളസന്റ് കെയർ, വിമൻസ് ആൻഡ് യൂത്ത് വെൽഫെയർ, ന്യൂ സ്‌പെഷ്യാലിറ്റി യൂണിറ്റ് എന്നീ പ്രോജക്ടുകൾക്ക് കീഴിൽ ക്ലിനിക്കൽ, ട്രെയിനിംഗ്, റിസർച്ച്, കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ സേവനങ്ങൾ തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

സിഡിസിയെ മികവിന്റെ പാതയിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സിഡിസിയിൽ ഈ ഹെൽത്ത് പദ്ധതി ആരംഭിക്കാനായി 9.57 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവഴി കുഞ്ഞുങ്ങൾക്കായി നേരത്തെയുള്ള അപ്പോയ്ന്റ്‌മെന്റ് എടുക്കാനും അങ്ങനെ സിഡിസി ക്ലിനിക്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സാധിക്കും. ഇതോടൊപ്പം സിഡിസിയിലെ ക്ലിനിക്കുകളിലേക്കാവശ്യമായ വിവിധ തരം സൈക്കോളജിക്കൽ ടെസ്റ്റുകൾ വാങ്ങാനും വിവിധ തരം റിസർച്ച് പ്രോജക്ടുകൾ ആരംഭിക്കാനും തുക വകയിരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ബാല്യകാല വൈകല്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ശ്രദ്ധ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കും തുകയനുവദിച്ചു. അത്യാധുനിക അൾട്രാസോണോഗ്രാഫി മെഷീനും സിഡിസിയുടെ ജനറ്റിക് & മെറ്റബോളിക് യൂണിറ്റിൽ ലഭ്യമായ നൂതന ഉപകരണങ്ങളും ഉപയോഗിച്ച് അനോമലി സ്‌കാനിംഗ് ഉൾപ്പെടെയുള്ള വിവിധ ഗർഭകാല പരിശോധനകളിലൂടെ കുട്ടിക്കാലത്തെ വൈകല്യം കുറയ്ക്കുക എന്നതാണ് ശ്രദ്ധ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഉത്കണ്ഠ, വിഷാദം, ഒബ്‌സസീവ് കംപൾസീവ് ഡിസോർഡേഴ്‌സ്, മറ്റ് മാനസികാരോഗ്യ അവസ്ഥകൾ എന്നിവയുള്ള കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള ദീപ്തം ക്ലിനിക്ക് പ്രവർത്തനങ്ങൾക്കായും തുകയനുവദിച്ചുവെന്ന് വീണാ ജോർജ് വിശദീകരിച്ചു.

സിഡിസിയുടെ ജനിതക യൂണിറ്റിന്റെ രണ്ടാംഘട്ട പദ്ധതികൾക്കും തുകവകയിരുത്തി. അപൂർവ രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാനുള്ള അത്യാധുനിക ചുവടുവയ്പായ ജനിതക യൂണിറ്റിന്റെ തുടർ പ്രവർത്തനങ്ങളും ഇതിലൂടെ ലക്ഷ്യമിടുന്നു. കൗമാരക്കാർക്കിടയിലും ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലും ജീവിതശൈലീ രോഗങ്ങൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ഒരു പരിപാടി ആരംഭിക്കുന്നതിന് സി.ഡി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കിടയിലെ ഹൈപ്പർടെൻഷനും പൊണ്ണത്തടിയും തിരിച്ചറിയുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ഈ വർഷം ജനുവരിയിലാണ് ആരംഭിച്ചത്. കേരളത്തിലെ 850 സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന 1.75 ലക്ഷം പ്ലസ് വൺ വിദ്യാർത്ഥികളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലി രോഗങ്ങളുടെ കണ്ടെത്തലും, നിയന്ത്രണവും ചെയ്യുന്നത് വഴി ഈ പരിപാടി കേരളത്തിലെ തന്നെ പ്രമുഖ സംരംഭമായി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മറ്റ് ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്ന കുട്ടികളുടെ (ജനനം മുതൽ 19 വയസ് വരെ) ബുദ്ധിവികാസം, ശാരീരിക മാനസിക വളർച്ച, ഭാഷാ വികസനം തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ പരിശോധിക്കുന്നത്തിനുള്ള യൂണിറ്റുകളുടെ പ്രവർത്തനം ഈ സാമ്പത്തിക വർഷത്തിൽ വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നതായി വീണാ ജോർജ് കൂട്ടിച്ചേർത്തു.

ജനീവ: മങ്കിപോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ തെദ്രോസ് അഥനോം ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മങ്കിപോക്‌സ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 72 രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു.

നിലവിൽ കൂടുതൽ മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലാണ് 20 യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിവേഗത്തിൽ രോഗം പടരുകയാണെങ്കിലും രാജ്യാന്തര യാത്രകളേയോ വ്യാപാരങ്ങളയോ ഇത് ബാധിക്കാൻ സാധ്യതയില്ലെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തു.

ഹെപ്പർസോമ്‌നിയ എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. ആവശ്യത്തിലധികം രാത്രി ഉറക്കം കിട്ടിയിട്ടും പകൽസമയത്ത് ഉണർന്നിരിക്കാൻ ഒരാൾക്ക് കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ‘ഹൈപ്പർസോമ്‌നിയ’ എന്ന് പറയുന്നത്. ജനസംഖ്യയുടെ 4% മുതൽ 6% വരെയുള്ളവരിൽ ഹൈപ്പർസോമ്‌നിയ ബാധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ രോഗാവസ്ഥയുള്ളവർക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടും. ഇവർക്ക് ഒരു ഉന്മേഷം ഉണ്ടാകില്ല. ഹൈപ്പർസോമ്‌നിയ പുരുഷന്മാരേക്കാൾ കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയാണ്. പകൽ സമയത്ത് ഒരുപാട് തവണ ഉറങ്ങുകയും ഉൻമേഷമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുക, രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, ഉത്കണ്ഠ, മന്ദഗതിയിലുള്ള സംസാരം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ഓർമ്മ പ്രശ്നങ്ങൾ, തലവേദന, വിശപ്പില്ലായ്മ എന്നിവയാണ് ഹൈപ്പർസോമ്‌നിയയുടെ ലക്ഷണങ്ങൾ.

ഹൈപ്പർസോമ്‌നിയയെ നേരിടാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം

  • രാത്രിയിൽ ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക.
  • ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ഉടനെ കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ (കാപ്പി, കോള, ചായ, ചോക്കലേറ്റ്) ഒഴിവാക്കുക.
  • ഉറങ്ങുന്നതിന് മുൻപുള്ള മദ്യപാനവും പുകയില നിക്കോട്ടിൻ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കുക.

മങ്കിപോകസ് കേസുമായി ബന്ധപ്പെട്ട് നിർണായക പഠന ഫലം പുറത്ത്. 95 ശതമാനം മങ്കിപോക്‌സ് കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് സംശയിക്കുന്നതായാണ് പുതിയ പഠന ഫലത്തിൽ വ്യക്തമാക്കുന്നത്. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ 27 നും ജൂൺ 24 നും ഇടയിൽ കണ്ടെത്തിയ 528 അണുബാധകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

മങ്കിപോക്‌സ് ബാധിച്ചവരിൽ 98 ശതമാനവും സ്വവർഗ്ഗാനുരാഗികളോ ബൈസെക്ഷ്വൽ പുരുഷന്മാരോ ആയിരുന്നു. അതിൽ 41 ശതമാനം പേർക്ക് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. രോഗബാധിതനായ വ്യക്തിയിൽ നിന്ന് ചുണങ്ങു, ചൊറി, ശരീര സ്രവങ്ങൾ അല്ലെങ്കിൽ ശ്വസന തുള്ളികൾ എന്നിവയുമായി അടുത്തോ ചർമ്മത്തിലോ ഉള്ള സമ്പർക്കം വഴിയോ രോഗം പകരാനിടയുണ്ടെന്നും ഗവേഷകർ അറിയിച്ചു.

ഉയർന്ന അപകട സാധ്യതയുള്ള ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അത്യന്താപേക്ഷിതമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ. നല്ല ചൂടുള്ള വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഇളംചൂടാക്കിയ ശേഷമാണ് ചിലർ കുളിക്കുന്നത്. എന്നാൽ, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണ്, ചൂടു വെള്ളത്തിലെ കുളി ആരോഗ്യത്തിനു ദോഷം ചെയ്യുന്നുണ്ടോ എന്നീ സംശയങ്ങൾ പലർക്കുമുണ്ട്. ജലദോഷം, തൊണ്ടവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ള സമയത്ത് മാത്രം ചൂടു വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

ശരീരികമായ അസ്വസ്ഥതകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ ചൂടു വെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ല. സ്ഥിരം ചൂട് കൂടിയ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിനു ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുളിക്കാനായി ചൂടു വെള്ളം തിരഞ്ഞെടുക്കേണ്ട സാഹചര്യങ്ങളിൽ പോലും ഇളം ചൂടു വെള്ളമേ ഉപയോഗിക്കാൻ പാടൂള്ളു. കൂടുതൽ ഗുണം കിട്ടുമെന്നു കരുതി അധികം ചൂടു വെള്ളം ദേഹത്തൊഴിച്ചാൽ ഗുണത്തേക്കാളേറെ ദോഷം മാത്രമെ ഉണ്ടാകൂ.

ചെറു ചൂടു വെള്ളത്തിലാണ് കുളിക്കുന്നതെങ്കിലും ഈ വെള്ളം അധികം തലയിൽ കോരിയൊഴിക്കുന്നത് അത്ര നല്ലതല്ല. തണുപ്പ് കുറഞ്ഞ വെള്ളമാണ് തല കഴുകാൻ നല്ലത്. അന്തരീക്ഷത്തിലെ താപനിലയുമായി ചേർന്ന് നിൽക്കുന്ന വെള്ളത്തിൽ കുളിയ്ക്കുകയെന്നതാണ് ഉത്തമം.

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിലും വളർച്ചയിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. രക്തത്തിൽ അയഡിന്റെ കുറവ് മൂലവും കൂടുതൽ മൂലവും ഈ രോഗം വരാം. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് ഇതിനെ ഒരു പരിധി വരെ തടയാൻ കഴിയും. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. തൈറോയ്ഡ് പ്രശ്‌നമുള്ള ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

മുട്ട

അയോഡിന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. പ്രൈമറി തൈറോയ്ഡ് ഹോർമോണായ തൈറോക്‌സിന്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണിത്.

നെല്ലിക്ക

നെല്ലിക്ക ആരോഗ്യത്തിന് വളരെ നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിർത്താൻ നെല്ലിക്ക സഹായിക്കും.

മത്തങ്ങ വിത്ത്

മത്തങ്ങ വിത്തിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കാണപ്പെടുന്ന മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും ഇത് സഹായിക്കും. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിലും നിയന്ത്രണത്തിലും സിങ്ക് സഹായിക്കുന്നു.