രാത്രിയിൽ നിർത്താതെ ചുമ അനുഭവപ്പെടുന്നുണ്ടോ; പരിഹാര മാർഗങ്ങൾ ഇവയെല്ലാം….

മഴക്കാലമാകുമ്പോൾ പനി, ചുമ, കഫക്കെട്ട് എന്നിങ്ങനെ പല അസുഖങ്ങളും ഉണ്ടാകാറുണ്ട്. മഴയും തണുപ്പുമൊക്കെ വരുമ്പോൾ ചിലർക്ക് രാത്രിസമയത്ത് നിർത്താതെ ചുമ അനുഭവപ്പെടാറുണ്ട്. ചുമ കാരണം മിക്കവരുടെയും ഉറക്കം പോലും നഷ്ടപ്പെടും. രാത്രി നേരമുള്ള ചുമയെ അകറ്റാനുള്ള പരിഹാര മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആവി പിടിക്കൽ

ചുമയുള്ളപ്പോൾ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ആവി പിടിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ കെട്ടികിടക്കുന്ന കഫം ഇളകി അത് പുറത്തേക്ക് പോകും. ആവി പിടിക്കുന്ന വെള്ളത്തിൽ ബാമുകൾ ഒന്നും ഇടാതിരിക്കുന്നതാണ് നല്ലത്.

ചൂട് വെള്ളം കവിൾകൊള്ളുക

ചുമയ്ക്ക് ശമനം നൽകാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് ചൂടുവെള്ളം കവിൾ കൊള്ളുന്നത്. ദിവസവും രണ്ട് നേരം വീതം ഇത് ചെയ്യുന്നത് ചുമ കുറയ്ക്കും. ചുമയ്ക്ക് മാത്രമല്ല തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും ഇത് വളരെ ഉത്തമമാണ്. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കും. കുറച്ച് ദിവസം അടുപ്പിച്ച് ഇത് ചെയ്താൽ മികച്ച ഫലം ലഭിക്കും.

ചൂടുവെള്ളത്തിൽ കുളിക്കണം

കഫക്കെട്ടോ ചുമയോ ഉള്ള വ്യക്തികൾ കഴിവധും ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കണം. അതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ശരീരതാപനില നിലനിർത്താൻ ഇത് സഹായിക്കും. ശരീരത്തിൽ തണുപ്പ് തട്ടുമ്പോൾ ചുമ കൂടും.

പുകവലി ഉപേക്ഷിക്കുക

ചുമയുള്ള സമയത്ത് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്. പുകവലി ചുമ വർധിക്കാൻ കാരണമാകും. അത് പിന്നീട് ശ്വാസകോശ പ്രശ്നങ്ങളിലേയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫാൻ ഇടുന്നത് ഒഴിവാക്കുക

കഫക്കെട്ടോ നിർത്താതെയുള്ള ചുമയോ ഉണ്ടെങ്കിൽ ഫാൻ ഇടുന്നത് പരമാവധി ഒഴിവാക്കണം. ചിലർക്ക് ഫാൻ ഇല്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല. അത്തരക്കാർ ഫാനിന്റെ കാറ്റ് നേരിട്ട് ഏൽക്കാത്ത സ്ഥലത്ത് കിടക്കണം. തലയിൽ തുണി കെട്ടി കിടക്കുകയോ നന്നായി പുതച്ചും കിടക്കുകയോ ചെയ്യുന്നതും നല്ലതാണ്. ഇത് ശരീരതാപം നിലനിർത്തും.

മരുന്ന് കഴിക്കുക

ചുമ കൂടുതലാണെങ്കിൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം.