ആസ്ത്മ രോ​ഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്…

പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്ത്മയ്ക്ക് കാരണമാകും.

വായുമലിനീകരണം മൂലവും ആസ്ത്മ ഉണ്ടാകും. വീടിനു പുറത്തുള്ളതിനേക്കാൾ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധർ പറയുന്നത്. ആസ്ത്മ ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ആസ്ത്മയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്ന പ്രത്യേക ഭക്ഷണമൊന്നുമില്ല. എന്നാൽ, പോഷകാഹാരക്കുറവ് ആസ്ത്മയുടെ ലക്ഷണങ്ങളെ വഷളാക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, ഫ്‌ലേവനോയ്ഡുകൾ, മഗ്‌നീഷ്യം, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ആസ്ത്മയുടെ നിരക്ക് കുറവാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മുന്തിരി, ആപ്പിൾ, തക്കാളി, പഴങ്ങൾ എന്നിവ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം കഴിച്ച് വളർന്ന കുട്ടികളിൽ ആസ്ത്മ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ ജിഗ്‌നേഷ് പട്ടേൽ അറിയിച്ചു. സാൽമൺ, ട്യൂണ, മത്തി, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആസ്ത്മയുള്ളവർക്ക് കഴിക്കുന്നത് നല്ലതാണ്. ബ്രോക്കോളി, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, കാരറ്റ്, മല്ലിയില, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ഓറഞ്ച്, മുന്തിരി, മാതളനാരങ്ങ, കിവി, ചെറി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

അതേസമയം ആസ്ത്മ രോഗകൾ ജങ്ക്, എണ്ണമയമുള്ളതും സംസ്‌കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതല്ല. കാരണം അവ ചുമ, വീക്കം എന്നിവ പോലുള്ള ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. കോളകൾ, സോഡകൾ, കേക്കുകൾ, പേസ്ട്രികൾ, മിഠായികൾ, മധുരപലഹാരങ്ങൾ, ജ്യൂസുകൾ, കൃത്രിമ മധുരപലഹാരങ്ങൾ, പ്രിസർവേറ്റീവുകൾ, എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.