Health (Page 94)

ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് സഹായിക്കും. വൈറ്റമിൻ സി യും പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 തുടങ്ങിയ ഘടകങ്ങൾ പാഷൻ ഫ്രൂട്ടിലുണ്ട്.

പാഷൻ ഫ്രൂട്ടിലുള്ള വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും.

പാഷൻഫ്രൂട്ടിൽ ധാരാളം നാരുകളുണ്ട്. ഇത് രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്‌ട്രോളിനെ നീക്കാൻ സഹായിക്കുന്നു. ഹൃദ്രോഗത്തിൽ സംരക്ഷണം നേടാനും ഈ ഫലവർഗം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും. പാഷൻ ഫ്രൂട്ട് കഴിക്കുന്നതിലൂടെ സ്‌ട്രെസ് കുറയ്ക്കുകയും ഉത്ക്കണ്ഠ അകലുകയും ചെയ്യും.

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കിപോക്സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎംഎ. കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്ന് ഐഎംഎ അറിയിച്ചു.

രോഗിയുമായി അടുത്തിടപഴകുന്ന ആളുകളിൽ മാത്രമാണ് മങ്കിപോക്സ് രോഗം പകരാൻ സാധ്യതയുള്ളത്. ശരീര ശ്രവങ്ങളിൽ കൂടി രോഗിയിൽ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം. അന്തരീക്ഷത്തിൽ കൂടിയോ മറ്റ് മാർഗ്ഗങ്ങളിൽ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളിൽ ഈ വർഷം മങ്കിപോക്സ് മൂലം മരണം നടന്നതായി റിപ്പോർട്ടുകളില്ലെന്ന് ഐഎംഎ വ്യക്തമാക്കി.

ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓർത്തോപോക്സ് വിഭാഗത്തിൽപ്പെട്ട ഡി.എൻ.എ. വൈറസുകളാണ് രോഗകാരണം. ചിക്കൻ പോക്സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തിൽ രോഗലക്ഷണങ്ങൾ ചിക്കൻ പോക്സിനു തുല്യമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഉള്ളവരുമായി അടുത്തു സമ്പർക്കം ഉണ്ടായാൽ ഒരാഴ്ച മുതൽ മൂന്നാഴ്ചകൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ചർമ്മത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തു പൊട്ടുകയും തുടർന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. മിക്കവരിലും രോഗം തനിയെ ഭേദമാകും. അപൂർവ്വമായി മാത്രമേ സങ്കീർണ്ണതകൾ ഉണ്ടാകാറുള്ളൂ. ചുണങ്ങുകൾ കരിയുന്നതുവരെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.

കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് എന്നുള്ളത് കൊണ്ടാണ് ഈ രോഗം മങ്കിപോക്സ് എന്ന് അറിയപ്പെടുന്നത്. ഈ വൈറൽ പനി പകരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും സുരക്ഷാ രീതികൾ അവലംബിക്കുകയും ചെയ്യേണ്ടതാണ്. ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി,

രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതാണ്. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ എയർപോർട്ടുകളിൽ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിക്കുന്നതാണ്. എല്ലാ ജില്ലകൾക്കും ഗൈഡ്ലൈനും നൽകും. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാർജ തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പർ 30 സി) ഇദ്ദേഹം എത്തിയത്. വിമാനത്തിൽ 164 യാത്രക്കാരും 6 കാബിൻ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതിൽ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേർ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം. പലരുടേയും ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ പോലീസിന്റെ സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരുന്നുവെന്നും മന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങളിൽ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവർ, ടാക്സി ഡ്രൈവർ, സ്വകാര്യ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാർ എന്നിവരാണ് ഇപ്പോൾ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നതാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരുമെന്ന് വീണാ ജോർജ് വിശദീകരിച്ചു.

തെറ്റായ പ്രചരണങ്ങൾ നടത്തരുത്. എല്ലാ ജില്ലകളും ബോധവത്ക്കരണം ശക്തമാക്കണം. എന്തെങ്കിലും സംശയമുള്ളവർ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും. രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാനും കഴിയും.

ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഇളം ചൂട് വെള്ളം ചർമ്മത്തെ ശുദ്ധമായി നിലനിർത്താനും സഹായിക്കുന്നു. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസം നിരക്ക് 24% വരെ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ നിർജലീകരണം ഇല്ലാതാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കുമാണ് സൗജന്യ കരുതൽ ഡോസ് നൽകിയിരുന്നത്. ഇന്ന് ആകെ 1002 കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 97 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് കുറഞ്ഞിട്ടില്ല. അതിനാൽ തന്നെ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഇതോടൊപ്പം വാക്സിനിലൂടെ പ്രതിരോധവും നേടണം. വാക്സിനെടുക്കാൻ ശേഷിക്കുന്നവർ വാക്സിനെടുക്കേണ്ടതാണെന്നും വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്ത് വാക്സിന്റെ ക്ഷാമമില്ല. ഒന്നും രണ്ടും ഡോസ് കോവിഡ് വാക്സിൻ സമയബന്ധിതമായി എടുത്താൽ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. മാസങ്ങൾ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അർഹരായ എല്ലാവരും കരുതൽ ഡോസ് എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിൻ എടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാവുന്നതാണ്. 75 ദിവസം മാത്രമേ സൗജന്യമായി കരുതൽ ഡോസ് എടുക്കാൻ സാധിക്കുകയുള്ളൂ. സെപ്റ്റംബർ മാസം അവസാനംവരെ ഇതുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.

12 മുതൽ 14 വരെ പ്രായമുള്ള 71 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 36 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 15 മുതൽ 17 വരെ പ്രായമുള്ള 85 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 59 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേർക്ക് രണ്ടാം ഡോസും 10 ശതമാനം പേർക്ക് കരുതൽ ഡോസും നൽകിയതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഫാറ്റി ലിവർ എന്ന രോഗാവസ്ഥയെ കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാനിടയുണ്ട്. എന്നാൽ, ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാം.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ സാധ്യത കുറയ്ക്കാൻ കാപ്പി കുടിക്കുന്നത് നല്ലതാണ്. ഫാറ്റി ലിവർ രോഗികൾക്ക് പ്രമേഹം, അമിത വണ്ണം എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, പാലോ പഞ്ചസാരയോ ചേർക്കാതെ കാപ്പി കുടിക്കുന്നതാണ് ഉത്തമം. പയർ, പരിപ്പ്, കടല, സോയ പയർ തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. പ്രോട്ടീൻ, ഫൈബർ, അയൺ, വിറ്റാമിനുകൾ തുടങ്ങിയ ഘടകങ്ങളും പയർ വർഗങ്ങളിൽ ധാരാളമായുണ്ട്.

ചീരയിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടാത്തിയോണും കരളിന്റെ ആരോഗ്യം മെച്ചപ്പടുത്തും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ രോഗമുള്ളവരിൽ കാണപ്പെടുന്ന എൻസൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും. അതിനാൽ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ മികച്ചതാണ്. ഓട്‌സ് കഴിക്കുന്നതിലൂടെയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത കുറയുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ത്രിഫല. കടുക്ക , നെല്ലിക്ക , താന്നി എന്നീ മൂന്ന് ഫലങ്ങൾ തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധക്കൂട്ടാണ് ത്രിഫല. ഈ മൂന്ന് ഫലങ്ങളുടെയും പുറന്തോടുകളാണ് ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ത്രിഫല സഹായിക്കും. എന്നാൽ ത്രിഫല അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായി ത്രിഫല കഴിച്ചവരിൽ പലർക്കും വയറിളക്കം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ത്രിഫല കഴിക്കുന്നത് നല്ലതല്ല. ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തിന് മരുന്ന് കഴിക്കുകയാണെങ്കിൽ, അവരും ത്രിഫല കഴിക്കരുത്. അലർജിയുള്ളവരും ത്രിഫല കഴിക്കുന്നത് ഒഴിവാക്കണം.

ത്രിഫല പതിവായി ഉപയോഗിക്കുമ്പോൾ മറ്റു ചില മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ സാധ്യതയുണ്ട്. ചില ആളുകളിൽ ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, രക്തസ്രാവ വൈകല്യമുള്ള ആളുകൾ ത്രിഫല ഒരിക്കലും ഉപയോഗിക്കരുത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ യുവാവിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ തന്നെ അസുഖ ലക്ഷണം തുടങ്ങി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവാവിനെ സംശയം തോന്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്മ്പിൾ അയക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

അതേസമയം, വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനക്ക് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേർത്ത് മുൻകരുതലുകൾ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.

യുവാവിന്റെ അച്ഛനും അമ്മയും ടാക്സി ഡ്രൈവറും ഓട്ടോ ഡ്രൈവറും അടുത്ത് ബന്ധം പുലർത്തിയിരുന്നു ഇവരെ നിരീക്ഷണത്തിലാക്കി. ഇതിനൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 11 പേരെയും നിരീക്ഷണത്തിലാക്കി. കൊല്ലത്തെ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരേയും നിരീക്ഷിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ യുവാവ് വിമാനത്തിൽ ഇറങ്ങിയത്. അതിന് ശേഷം കൊല്ലത്തേക്ക് പോകുകയായിരുന്നു. ഈ യുവാവുമായി അടുത്ത് ബന്ധം പുലർത്തിയവർ 21 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

അതേസമയം, മങ്കിപോക്‌സിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.ഡോക്ടർമാരിലും മറ്റ് ആരോഗ്യ പ്രവർത്തകരിലും മങ്കിപോക്‌സിന്റെ ലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കണം. രോഗം സ്ഥിരീകരിച്ചാൽ ഉടൻ ഐസലേഷനിൽ പ്രവേശിപ്പിക്കണം, ആശുപത്രികൾ സജ്ജമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തു. മരുന്ന് ലഭ്യത ഉറപ്പാക്കാനും, വിതരണം സുഗമമാക്കാനും മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാൻ കെ.എം.എസ്.സി.എൽ-നോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലും ഏകോപനത്തിനും ഇടപെടലിനും പരിശോധനയ്ക്കുമായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

തുടർച്ചയായി ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, വകുപ്പ് തലവൻമാർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ വിശദമായ അവലോകന യോഗങ്ങൾ നടത്തി. ജില്ലകളിൽ ഡെപ്യുട്ടി ഡി.എം.ഒ മാർക്ക് പ്രത്യേക ചുമതല നൽകി. മെഡിക്കൽ കോളേജുകളിൽ ആർ.എം.ഒ-മാരെ ചുമതലപ്പെടുത്തി. മരുന്നുകൾ ഉപയോഗിക്കാത്തിരുന്നിടത്ത് നിന്ന് ആവശ്യമുള്ളിടത്തേയ്ക്ക് എത്തിക്കുന്നുവെന്നും വാർഷിക ഇൻഡന്റിനേക്കാൾ ആവശ്യമെങ്കിൽ അധികമായി ഉപഭോഗം ഉണ്ടായ ഇടങ്ങളിൽ മരുന്നുകൾ അഡീഷണൽ ഇൻഡന്റിലൂടെ ടെണ്ടർ വിലയ്ക്ക് തന്നെ വാങ്ങി ലഭ്യമാക്കുന്നുവെന്നും ഉറപ്പാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 69 കോടി രൂപ ആശുപത്രികൾക്കായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മരുന്നുകളുടെ ഉപഭോഗത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായി. ഇൻഡന്റിലും ഈ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിക്കപ്പെട്ടു. ഈ സാചര്യങ്ങൾ സമഗ്രമായി വിലയിരുത്തി മാസങ്ങൾക്ക് മുമ്പുതന്നെ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയെന്ന് വീണാ ജോർജ് അറിയിച്ചു.

സാധാരണ ഗതിയിൽ ഓരോ വർഷത്തെയും ടെണ്ടർ ക്വാണ്ടിറ്റിയുടെ അവസാനത്തെ ഷെഡ്യൂൾ ആ സാമ്പത്തിക വർഷം കഴിഞ്ഞ് ഏകദേശം ഓഗസ്റ്റ് മാസം വരെയുള്ള ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. ഈ സാമ്പത്തിക വർഷത്തെ മരുന്ന് സംഭരണ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചത് 2021 ഒക്ടോബർ മാസത്തിലാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ 2020-21 വർഷത്തിലും 2021-22 വർഷത്തിലും ഡിസംബർ മാസത്തിലാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തേയ്ക്കുള്ള മരുന്ന് വിതരണ നടപടികൾ ആണ് ഈ വർഷം നടക്കുന്നത്. ഈ വർഷത്തെ ടെണ്ടറിന്റെ പർചേസ് ഓർഡറുകൾ നൽകുകയും, ആദ്യ ഷെഡ്യൂൽ അനുസരിച്ചുള്ള മരുന്ന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ഇതിന്റെ ഫലമായി IDRV/ARS എന്നിവയുടെ ഉപയോഗം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഈ വാക്‌സിനുകളുടെ അധിക ഇൻഡന്റ് ശേഖരിച്ച് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇൻഡന്റിനേക്കാൾ അധിക ഉപഭോഗം ഉണ്ടായ മരുന്നുകൾ സംഭരണശാലകളിൽ നിന്ന് വിതരണം നടത്തിവരുന്നുണ്ട്. വരും വർഷങ്ങളിൽ മരുന്ന് സംഭരണ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി വാർഷിക ഇൻഡന്റ് തയ്യാറാക്കുന്നത് മുതൽ മരുന്നകൾ വിതരണം ചെയ്യുന്നത് വരെയുള്ള പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സംഭരണ വിതരണങ്ങളുടെ സമയം നിജപ്പെടുത്തുന്ന കലണ്ടർ ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തെ 2023-24 മരുന്ന് സംഭരണ നടപടികൾ ആരംഭിക്കും. മരുന്നുകൾ പൂർണ്ണമായി തീർന്നിട്ട് അടുത്ത ഷെഡ്യൂൽ ആവശ്യപ്പെടുന്നത് ഒഴിവാക്കി, ലഭ്യമായ മരുന്നിന്റെ ഒരു നിശ്ചിത ശതമാനം ഉപയോഗിച്ച് തീരുമ്പോൾ തന്നെ കെ.എം.എസ്.സി.എൽ-നെ ഇക്കാര്യം ആശുപത്രികൾ അറിയിക്കുന്ന രീതിയും സ്വീകരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കോവിഡ് കരുതൽ ഡോസ് വാക്‌സിനോട് വിമുഖത കാട്ടി ജനങ്ങൾ. ഏപ്രിൽ മാസത്തിലാണ് പ്രായപൂർത്തിയായ മുഴുവൻ പേർക്കും കോവിഡ് വാക്സിന്റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം നടക്കുന്നത്. വാക്‌സിന്റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കരുതൽ ഡോസ് വിതരണം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി വാക്‌സിൻ വിതരണത്തിൽ ഉണ്ടായിട്ടില്ല.

മണിപ്പൂരിൽ 12 പേർ അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 എന്നിങ്ങനെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കണക്കുകൾ. ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടുമില്ല. ജനങ്ങൾക്ക് കോവിഡ് വൈറസ് വ്യാപനത്തോടുള്ള ഭയം കുറഞ്ഞത് കാരാണമാകാം ഇപ്പോൾ ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്നാണ് കോവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് വ്യക്തമാക്കുന്നത്.

പണമടച്ചുള്ള വാക്സിനേഷനോടാണ് ജനങ്ങൾ പ്രധാനമായും വിമുഖത കാട്ടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് ഒഴിവാക്കുന്നത് അപകടകരമാണെന്ന് ഡോ. സുനീല ഗാർഗ് ഉൾപ്പടെയുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബി എ 2.75 ഉൾപ്പടെയുള്ള വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മാസ്‌കും, വാക്സിനേഷനും ഉൾപ്പടെയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.