മെഡിക്കൽ കോഴ്സ് പ്രവേശനം; സാമ്പത്തിക ദുർബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡം അടുത്ത വർഷം നടപ്പാക്കും

ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സാമ്പത്തികമായ ദുർബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡം ഈ അദ്ധ്യയന വർഷം നടപ്പിലാക്കില്ല. ഈ വർഷം മാനദണ്ഡം പഴയതു പോലെ തന്നെ നിലനിർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ മാനദണ്ഡം അനുസരിച്ചായിരിക്കും അടുത്ത വർഷം മുതൽ പ്രവേശനം അനുവദിക്കുന്നത്. സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ മാനദണ്ഡത്തിൽ വാർഷിക വരുമാന പരിധി എട്ട് ലക്ഷമായിത്തന്നെ നിലനിർത്തിയിട്ടുണ്ട്. അതേസമയം വരുമാനം കണക്കിലെടുക്കാതെ അഞ്ച് ഏക്കറോ അതിൽ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

നീറ്റ് വിദ്യാർഥികളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡം മാറ്റുന്നത് പ്രയാസങ്ങൾക്കിടയാക്കുമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഒബിസി വിഭാഗത്തെ നിർണയിക്കുന്നതിനുള്ള മാനദണ്ഡമായ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനത്തിൽ സാമ്പത്തിക ദുർബല വിഭാഗത്തെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് എങ്ങനെയാണെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് നൽകിയത്.