തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ഒമിക്രോൺ കേസുകളുടെ സാഹചര്യം നോക്കി വിദഗ്ധ സമിതി പുതിയ ശുപാർശ എന്തെങ്കിലും നൽകിയാൽ അത് പരിഗണിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സംസ്ഥാനത്ത് സ്‌കൂളുകൾ പ്രവർത്തിക്കുന്നത് കർശനമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 50 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു.
ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചിട്ടില്ല. എറണാകുളം യുഎഇ 13, ഖത്തർ 4, സ്വീഡൻ 1, തിരുവനന്തപുരം യുഎഇ 4, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി 1 വീതം, പത്തനംതിട്ട യുഎഇ 4, യുഎസ്എ 2, ഖത്തർ 1, കോട്ടയം യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈൻ 1 വീതം, മലപ്പുറം യുഎഇ 5, കൊല്ലം യുഎഇ 3, ആലപ്പുഴ സിങ്കപ്പർ 1, തൃശൂർ യുഎഇ 1, പാലക്കാട് യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളിൽ നിന്നും വന്നതാണ്. കോയമ്പത്തൂർ സ്വദേശി ഈജിപ്റ്റിൽ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

