Educational (Page 7)

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കുമെന്നും ഫെബ്രുവരി 21 മുതല്‍ എല്ലാ ക്ലാസുകളും രാവിലെ മുതല്‍ വൈകിട്ട് വരെയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എന്നാല്‍, ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 10,11,12 ക്ലാസുകള്‍ നിലവിലുള്ളത്‌ പോലെ ഫെബ്രുവരി 19വരെ തുടരും. ഫെബ്രുവരി 21 മുതല്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ സാധാരണപോലെ നടക്കും. ഈ മാസവും അടുത്ത മാസവും പൊതു അവധിയൊഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. പ്രീപ്രൈമറി ക്ലാസുകള്‍ നാളെ ആരംഭിക്കും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസ്. എന്നാല്‍, പകുതി കുട്ടികള്‍ക്ക് മാത്രമാണ് അനുമതി. ഉച്ചയ്ക്ക് ശേഷമായിരിക്കും വിക്ടേഴ്സിലെ ക്ലാസുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ നടത്തും. എസ് എസ് എല്‍ സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കും. എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പൂര്‍ത്തിയാക്കിയ പാഠഭാഗത്തെ കുറിച്ച് അധ്യാപകര്‍ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മുന്നോടിയായി പാഠഭാഗങ്ങളുടെ റിവിഷന്‍ ഓഡിയോ ബുക്കുകള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കൈറ്റ് വിക്ടേഴ്‌സ് ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായാണ് ഈ ഓഡിയോ പുസ്തകങ്ങള്‍. പത്താംക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ വെറും പത്ത് മണിക്കൂറുകള്‍ കൊണ്ട് ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കും.

അതേസമയം, പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകള്‍ ഫെബ്രുവരി 21 മുതല്‍ ലഭ്യമാകും. ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. എംപി 3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ എല്ലാവര്‍ക്കും കേട്ട് പഠിക്കാനും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും പങ്കുവെക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും കൈറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യുആര്‍ കോഡ് വഴിയും ഓഡിയോ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും,

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഡി ഡി, ആർ ഡി ഡി, എ ഡി, ഡി ഇ ഒ തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഓൺലൈൻ യോഗമാണ് ചേർന്നത്.

ഫെബ്രുവരി 14 മുതൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ വീണ്ടും ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ തവണ സ്‌കൂൾ തുറക്കുമ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്‌കൂളുകൾ തുറക്കുക. നിശ്ചയിച്ച പാഠഭാഗങ്ങളിൽ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എൽ സിയിൽ ഏതാണ്ട് 90% വും ഹയർ സെക്കണ്ടറിയിൽ 75 % വും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബി ആർ സി റിസോർസ് അധ്യാപകരുടെയും എസ് എസ് കെ ,ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര – പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.

അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. ഓഫ്‌ലൈൻ, ഓൺലൈൻ രൂപത്തിൽ ക്ലാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല.

അതേസമയം തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ ഓഫ് ലൈനായി പ്രവർത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികൾ തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികൾ തുറന്ന് കഴിഞ്ഞാൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരങ്ങൾ കൃത്യമായി നൽകാനും സാധിക്കും. ചെറിയ കുട്ടികളായതിനാൽ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോർഡ് പരീക്ഷ ഏപ്രിൽ മാസം ആരംഭിക്കും. ഏപ്രിൽ 26 മുതലാണ് പരീക്ഷകൾക്ക് തുടക്കം കുറിക്കുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു.

മുൻവർഷങ്ങളിലേതിന് സമാനമായി അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതാനായി എത്തേണ്ടത്. സി.ബി.എസ്.ഇ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന സാമ്പിൾ ചോദ്യപേപ്പറുകളുടെ മാതൃകയിലായിരിക്കും പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കുക.

ഉടൻ തന്നെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നും വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, മെഡിക്കൽ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസ് നിർണയിക്കുന്നതിനുള്ള മാർഗനിർദ്ദേശം പുറത്തിറക്കി. നാഷണൽ മെഡിക്കൽ കമ്മിഷനാണ് ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

സർക്കാർ ക്വാട്ട ആകെ സീറ്റിന്റെ 50 ശതമാനത്തിൽ താഴെയാണെങ്കിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഇളവ് നൽകണമെന്നാണ് മാർഗരേഖയിലെ നിർദ്ദേശം. ഒരു വിധത്തിലുള്ള ക്യാപിറ്റേഷൻ ഫീസും അനുവദില്ല. സ്ഥാപനത്തിന്റെ പ്രവർത്തന ചെലവിനെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് നിശ്ചയിക്കുന്നതെന്നും മാർഗരേഖയിൽ പറയുന്നു.

സ്വകാര്യ മെഡിക്കൽ കോളജിലെയും ഡീംഡ് സർവകലാശാലകളിലെയും അൻപത് സീറ്റുകളിലെ ഫീസും ആ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സർക്കാർ മെഡിക്കൽ കോളജിലെ ഫീസിന് തുല്യമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. സർക്കാർ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഉച്ച വരെയാണ് സംസ്ഥാനത്ത് ഇതുവരെ സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകനയോഗത്തിലാണ് സ്‌കൂളുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചത്.

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാനും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കാനുമാണ് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. പരീക്ഷകൾ മുടക്കമില്ലാതെ നടത്താനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം 21 മുതൽ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു.

തിരുവനന്തപുരം: പുതുക്കിയ ഹയർ സെക്കന്ററി പരീക്ഷാ മാന്വൽ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റീവാല്യൂവേഷനിൽ കാതലായ മാറ്റം ഉണ്ടെന്നും, ഇരട്ട മൂല്യ നിർണയം നടത്താമെന്നും വി ശിവൻകുട്ടി അറിയിച്ചു. തീയറി പരീക്ഷ എഴുതിയവർക്ക് പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്തില്ലെങ്കിൽ സേ പരീക്ഷയിൽ അവസരം നൽകും. പരീക്ഷാ ജോലി എല്ലാ അധ്യാപകർക്കും നിർബന്ധമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തമായി പരീക്ഷാമാന്വൽ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോർഡുകളിൽ ഒന്നാണ് കേരള ഹയർ സെക്കന്ററി പരീക്ഷാ ബോർഡ്. അതുകൊണ്ടുതന്നെ നമ്മുടെ പരീക്ഷാമാന്വലിന് വളരെയേറെ അംഗീകാരവും ആവശ്യക്കാരുമുണ്ട്. 2005 ലാണ് ഹയർ സെക്കൻററി പരീക്ഷാ മാന്വൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളിൽ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങൾ അനിവാര്യമായതിനാൽ മാന്വൽ പരിഷ്‌ക്കരിക്കുവാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ട് 17.08.2018 ൽ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പരിഷ്‌കരണ നടപടികൾ ആരംഭിച്ചു എങ്കിലും കോവിഡ് മഹാമാരി മൂലം നടപടികൾ തടസപ്പെടുന്ന സാഹചര്യമുണ്ടായി. എങ്കിലും മീറ്റിംഗുകൾ നിരന്തരം ഓൺലൈനായി സംഘടിപ്പിച്ച് പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കി 16.08.21 ന് മാന്വൽ അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. അത്തരത്തിൽ പരിഷ്‌കരിക്കപ്പെട്ട മാന്വലിൽ വീണ്ടും ചില പരിഷ്‌കരണങ്ങൾ വരുത്തി അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച് സമ്പൂർണമാക്കി 18.01.2022 ന് സർക്കാർ ഉത്തരവിലൂടെ അംഗീകാരം നൽകിയിട്ടുണ്ട്. ഹയർസെക്കന്ററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങൾക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്‌കരണമാണ് നടത്തിയിട്ടുള്ളത്. എടുത്തുപറയാവുന്ന പരിഷ്‌കാരങ്ങൾ ഇവയാണ്.

  1. അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോർഡിൽ അംഗമാക്കിയിട്ടുണ്ട്.
  2. ഹയർ സെക്കൻററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനെയും അനുവർത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.
  3. പരീക്ഷ ജോലികൾക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ചുമതലകളെയും സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  4. റീവാല്വേഷൻ സംബന്ധിച്ച് കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. റീവാല്വേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയത്തിന് വിധേയമാക്കും. അത്തരത്തിൽ ലഭിക്കുന്ന സ്‌കോറുകൾ പരമാവധി മാർക്കിൻറെ 10 ശതമാനത്തിൽ താഴെയാണെങ്കിൽ അത്തരത്തിൽ ലഭ്യമായ രണ്ട് സ്‌കോറുകളുടെയും ശരാശരി ലഭ്യമാക്കും. വ്യത്യാസം 10 ശതമാനമോ അതിൽകൂടുതലോ ആണെങ്കിൽ മൂന്നാമതും മൂല്യനിർണയത്തിന് വിധേയമാക്കുകയും അതിൽ ലഭിക്കുന്ന സ്‌കോറും ഇരട്ടമൂല്യനിർണയത്തിലൂടെ ലഭിക്കുന്ന സ്‌കോറുകളുമായി ഏറ്റവും അടുത്തുള്ള സ്‌കോറിൻറെയും ശരാശരി നൽകുകയും ചെയ്യും. പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന സ്‌കോർ വിദ്യാർത്ഥിക്ക് ആദ്യം ലഭിച്ച സ്‌കോറിനെക്കാൾ 1 സ്‌കോറെങ്കിലും അധികമാണെങ്കിൽ അതു ലഭ്യമാക്കും. കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തുന്നതാണ്.
  5. സ്‌ക്രൂട്ടിണി നടത്തുമ്പോൾ എല്ലാ ഉത്തരങ്ങളും മൂല്യനിർണയം നടത്തിയിട്ടുണ്ടെന്നും, ഫെയ്‌സിംഗ് ഷീറ്റിൽ മാർക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കാൽക്കുലേഷൻ ശരിയാണെന്നും ഉറപ്പാക്കുന്നതിന് മാന്വലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
  6. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അഫിഡവിറ്റ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി നോട്ടറിയിൽ നിന്നുള്ള അഫിഡവിറ്റ് മതിയാകും എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് ഏറെ ആശ്വാസത്തിന് വക നൽകുന്നതാണിത്.
  7. കംപാർട്ട്‌മെൻറൽ വിദ്യാർത്ഥികൾക്ക് വിജയിക്കാനാകാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷമോ രണ്ടാം വർഷമോ കുട്ടിയുടെ താൽപ്പര്യം അനുസരിച്ച് രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാവുന്നതാണ്. ഒന്നാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ രണ്ടാം വർഷത്തെ ഉയർന്ന സ്‌കോറും രണ്ടാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഒന്നാം വർഷത്തെ ഉയർന്ന സ്‌കോറും നിലനിർത്തുന്നതായിരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാനാവാത്ത വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ ആശ്വാസത്തിന് വക നൽകുന്നതാണിത് (ഇതുവരെ ഒന്നാം വർഷവും രണ്ടാം വർഷവും നിർബന്ധമായും എഴുതണമായിരുന്നു).
  8. രണ്ടാംവർഷ തീയറി പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് ഏതെങ്കിലും സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ ടി വിദ്യാർത്ഥിക്ക് ടഅഥ പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനമാണ് ഇത്.
  9. ഹയർ സെക്കൻററി ചോദ്യപേപ്പർ നിർമാണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. നിലവിൽ എസ് സി ഇ ആർ ടി നൽകുന്ന പാനലിൽ നിന്നാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. ഇത് പലപ്പോഴും അധ്യാപകരെ ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു. അത് പരിഹരിക്കാനായി ചോദ്യപേപ്പർ നിർമാണത്തിൽ താൽപര്യമുള്ള അദ്ധ്യാപകരുടെ അപേക്ഷ സ്വീകരിച്ച് ഓരോ വിഷയത്തിൻറെയും ചോദ്യപേപ്പർ സെറ്റിംഗിനായി അദ്ധ്യാപകരുടെ ഒരു പൂൾ രൂപീകരിക്കും. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനലിൽ നിന്നായിരിക്കും ഇതിനായി അധ്യാപകരെ നിയോഗിക്കുക.
  10. ഹയർ സെക്കൻററി ആരംഭിച്ച കാലത്ത് 150 സ്‌കോറിനുള്ള പരീക്ഷകളാണ് നടത്തിയിരുന്നത്. ഈ കാലഘട്ടങ്ങളിൽ ഒരു അധ്യാപകൻ ഒരു സെഷനിൽ ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളിൽ 13 ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 20 ഉം പേപ്പറുകൾ മൂല്യനിർണയം നടത്തുമായിരുന്നു. എന്നാൽ ഇപ്പോൾ പരമാവധി സ്‌കോർ
    80ഉം 60ഉം ബോട്ടണി, സുവോളജി എന്നിവയ്ക്ക് 30 സ്‌കോറും ആയി കുറഞ്ഞുവെങ്കിലും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടില്ല. ഇത് കാലോചിതമായി പരിഷ്‌കരിക്കുന്നതിൻറെ ഭാഗമായി ഉത്തരക്കടലാസുകളുടെ പാക്കിംഗിൽ ഒരു കവറിൽ 13 എന്നുള്ളത് 17 ആയും ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് 20 എന്നുള്ളത് 25 ആയും ഉയർത്തിയിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് ബോട്ടണി, സുവോളജി, മ്യൂസിക് ഇവ ഒഴികെ 17 ഉം ബോട്ടണി, സുവോളജി, മ്യൂസിക് എന്നിവയ്ക്ക് 25 ഉം ആയി ഉയർത്തിയിട്ടുണ്ട്. മൂല്യനിർണയത്തിലെ കാലതാമസം ഒഴിവാക്കാനും പരീക്ഷാഫലം വേഗത്തിൽ നൽകാനും ഇതുമൂലം സാധിക്കും.
  11. മൂല്യനിർണയ ക്യാമ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉദ്യോഗപ്പേരിൽ മാറ്റം വരുത്തുകയും ചുമതലകൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഹയർസെക്കൻററി ഡയറക്ടറേറ്റിൽ ആയിരുന്നു ടാബുലേഷൻ നടന്നിരുന്നത്. പിന്നീട് ജില്ലാതലത്തിൽ പ്രത്യേകം ടാബുലേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിരുന്നു. നിലവിൽ എല്ലാ മൂല്യനിർണയ ക്യാമ്പുകളിലും ടാബുലേഷൻ സൗകര്യം ഏർപ്പെടുത്തി. ദിവസ വേതനത്തിൽ നിയമിച്ചിരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് പകരം ഉത്തരവാദിത്തത്തോടെയും രഹസ്യ സ്വഭാവത്തോടെയും ടാബുലേഷനും അനുബന്ധ പ്രവർത്തനങ്ങളും നടത്താനായി ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. പുറമേ ഡബിൾ വാല്വേഷൻ ക്യാമ്പുകളിൽ സ്‌ക്രിപ്റ്റ് കോഡിംഗിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
  12. പരീക്ഷ കഴിഞ്ഞ് സ്‌കീം ഫൈനലൈസേഷൻ നടത്തി ചോദ്യപേപ്പറും ഉത്തരസൂചികയും പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെടുന്നുണ്ട്. മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അത് പരിചയപ്പെട്ടുവരുന്നത് മൂല്യനിർണയം കുറ്റമറ്റതാക്കും.
  13. 90 ശതമാനം സ്‌കോർ വരെ ലഭിക്കുന്നതിനായി ഗ്രേസ് മാർക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രേസ് മാർക്ക് ലഭ്യമാകുന്ന വിദ്യാർത്ഥികൾക്ക് Grace Mark Awarded എന്ന് മാത്രമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി നൽകുന്നത്. മിക്കവാറും എല്ലാ സ്ഥാപനങ്ങളും അഡ്മിഷനായി ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പ്രത്യേകമായി ഗ്രേസ് മാർക്ക് രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റിന് വിദ്യാർത്ഥികൾ ഫീസ് ഒടുക്കി അപേക്ഷിക്കുകയും സർട്ടിഫിക്കറ്റ് വീണ്ടും നൽകേണ്ടിവരുന്നത് ഓഫീസിൽ അധിക ജോലിഭാരവും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടും സാമ്പത്തികഭാരവും ഉണ്ടാക്കുന്നുണ്ട്. അത് പരിഹരിക്കാനായി സർട്ടിഫിക്കറ്റിൽ ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തി നൽകുന്നതാണ്.
  14. പരീക്ഷാ ജോലികൾ എല്ലാ അദ്ധ്യാപകർക്കും നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷാജോലികളിൽ വീഴ്ച വരുത്തുന്ന അദ്ധ്യാപകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ വിവിധ കോടതികളുടെയും കമ്മീഷനുകളുടെയും നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ച് മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  15. മാൽ പ്രാക്ടീസ് തടയുന്നതിനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  16. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങളിൽ ലഭ്യമാകുന്ന സ്‌കോർ സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കാറുണ്ട്. പ്രായോഗിക പരീക്ഷ കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധ്യാപകരെ ഉൾപ്പെടുത്തി പ്രാക്ടിക്കൽ പരീക്ഷ മോണിറ്ററിംഗ് സ്‌ക്വാഡ് രൂപീകരിക്കുന്നതാണ്.
  17. മൂല്യനിർണയ ക്യാമ്പുകളിൽ നിർദ്ദേശാനുസരണം മൂല്യനിർണയം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സി.വി ക്യാമ്പ് മോണിറ്ററിഗ് സ്‌ക്വാഡും രൂപീകരിക്കുന്നതാണ്.
  18. മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നത്, ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം പല സ്‌കൂളുകളും ക്യാമ്പ് നടത്താനുള്ള അസൗകര്യം അറിയിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരമായി മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ക്യാമ്പുകളിൽ സൂക്ഷിക്കുന്നതിൻറെ കാലാവധി രണ്ട് വർഷത്തിൽ നിന്നും ഒരു വർഷമായി കുറച്ചിട്ടുണ്ട്.
  19. ഹയർ സെക്കൻററി പരീക്ഷാ സംബന്ധമായി ലഭിക്കേണ്ട എല്ലാ സേവനങ്ങളുടെയും പരിഷ്‌കരിച്ച അപേക്ഷാ ഫോമുകൾ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹയർ സെക്കൻററി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ഏറെ പ്രയോജനപ്രദമായ ഹയർ സെക്കൻററി പരീക്ഷാമാന്വലിൻറെ പരിഷ്‌കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഭിനന്ദിക്കുന്നു. ഈ മാന്വൽ പ്രിൻറ് ചെയ്ത് എല്ലാ ഹയർ സെക്കൻററി സ്‌കൂളുകൾക്കും പകർപ്പ് ലഭ്യമാക്കുന്നതാണ്.

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി എസ് സി വഴി നിയമനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18, കണ്ണൂർ 59, കാസർകോട് 1 എന്നിങ്ങനെയാണ് അഡൈ്വസ് മെമ്മോ നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കാണ് പിഎസ്സി വഴി നിയമനം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഈ സർക്കാർ വന്നതിനു ശേഷം ഇതുകൂടാതെ എൽ പി എസ് എ /യു പി എസ് എ തസ്തികയിൽ 1506 നിയമനവും എൽപിഎസ്എ ഭാഷാ വിഭാഗത്തിൽ 139 നിയമനവും യു പി എസ് എ ഭാഷാ വിഭാഗത്തിൽ 352 നിയമനവും സ്‌പെഷ്യൽ ടീച്ചേഴ്‌സ് വിഭാഗത്തിൽ 112 നിയമനവും എച്ച്എസ്എ വിഭാഗത്തിൽ 1019 നിയമനവും ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 നിയമനവും സീനിയർ വിഭാഗത്തിൽ 11 നിയമനവും നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

4711 എയ്ഡഡ് സ്‌കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ സർവ്വകലാശാകളും പരീക്ഷകൾ മാറ്റിവെയ്ക്കുമ്പോൾ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കി കേരള ആരോഗ്യ സർവ്വകലാശാല. അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്താനാണ് ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരീക്ഷ നടത്തുമെന്നാണ് സർവ്വകലാശാല അറിയിച്ചിട്ടുള്ളത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്ഇപ്പോഴുള്ളത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒന്നാംവർഷ എംബിബിഎസ്സുകാർ മിക്കവരും പേ വാർഡിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതുന്നത് എങ്ങനെയാണെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക. പരീക്ഷയിൽ തോറ്റാൽ ഒരു വർഷമാണ് വിദ്യാർത്ഥികൾക്ക് നഷ്ടമാകുക. സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിനത്തിൽ ചെലവിട്ട ലക്ഷങ്ങളും നഷ്ടമാകും. ഇതെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സർവ്വകലാശാല വൈസ് ചാൻസലർക്ക് കത്ത് സമർപ്പിച്ചിട്ടുണ്ട്.

അതേസമയം അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയായതിനാൽ കേരളത്തിൽ മാത്രം തിയ്യതി പുനക്രമീകരിക്കാൻ കഴിയില്ലെന്നും നിലവിലെ സാഹചര്യങ്ങൾ അടുത്താഴ്ച ബോർഡ് ഓഫ് സ്റ്റഡീഡ് യോഗം ചേർന്ന് സർക്കാരിനെ ബോധിപ്പിക്കുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധിതർക്ക് പിപിഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിലിരുന്ന് പരീക്ഷയെഴുതാമെന്നും സർവ്വകലാശാല നിർദ്ദേശിക്കുന്നു.

കോട്ടയം: കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആദ്യ അവസരമായി തന്നെ പിന്നീട് പരീക്ഷയെഴുതാമെന്ന് എംജി സർവ്വകലാശാല. ഇതിനായി കോവിഡ് രോഗബാധ സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ മതിയെന്നും സർവ്വകലാശാല അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാനായാണ് എംജി സർവ്വകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്. സെമസ്റ്റർ യഥാർത്ഥ സമയ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് പരീക്ഷ മാറ്റാത്തതെന്നും സർവ്വകലാശാല വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടയിലും പരീക്ഷകൾ നടത്താനാണ് എംജി സർവ്വകലാശാലയുടെ തീരുമാനം. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഇത് വകവെയ്ക്കാതെ സർവ്വകലാശാല മുന്നോട്ട് പോകുകയായിരുന്നു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും ഹോസ്റ്റലുകളിലും രോഗത്തിന്റെ അതിതീവ്ര വ്യാപനമുള്ള സാഹചര്യത്തിലാണ് അധികൃതർ പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. അതേസമയം പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ ഉൾപ്പെടെയുള്ളവരെ വിദ്യാർത്ഥികൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ബന്ധപ്പെട്ടെങ്കിലും വിദ്യാർത്ഥികൾക്ക് മറുപടി കിട്ടിയിട്ടില്ല. അധ്യാപകരും ആശങ്ക അറിയിച്ചിരുന്നു. കോളേജുകൾക്ക് സർക്കാർ ഇളവ് അനുവദിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് സർവകലാശാല നിലപാട്.