Educational (Page 4)

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ട്യൂഷൻ എടുക്കുന്നതിനും കോച്ചിങ് സെന്റർ നടത്തുന്നതിനും ഇനി മുതൽ പിടി വീഴും.ജോലി കഴിഞ്ഞു സർക്കാർ ജീവനക്കാരിൽ പലരും ട്യൂഷൻ എടുക്കുന്നുവെന്നും കോച്ചിങ് സെന്റർ നടത്തുന്നുവെന്നും പരാതി ലഭിച്ചതോടെയാണ് സർക്കാർ സർവീസ് റൂൾ ഭേദഗതി ചെയ്തത്.ഈ നിയമം അനുസരിക്കാത്തവർക്കെതിരെ വകുപ്പുതല അന്വേഷണവും കർശന നടപടിയുമെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.2020 ൽ ഇക്കാര്യം പറഞ്ഞിറക്കിയ സർക്കുലറിന് അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ ഭേദഗതി ചെയ്തതെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്.വിജിലൻസ് ഡയറക്ടർക്കാണ് സർക്കാർ ജീവനക്കാരുടെ സ്വകാര്യ ട്യൂഷൻ ക്ലാസ്സുകൾ സംബന്ധിച്ച് പരാതി ലഭിച്ചത്. തുടർന്ന് 2018 ൽ കേരളത്തിലെ പല ജില്ലകളിലും ഇതിനോടനുബന്ധിച്ച് അന്വേഷണം നടന്നിരുന്നു. കെ എസ് ആർ ടി സി ജീവനക്കാരും അധ്യാപകരും ഈ പരിശോധനയിൽ ട്യൂഷൻ എടുക്കുന്നതായും കണ്ടെത്തി.

തിരുവനന്തപുരം:എൻസിഇആർടി ഒഴിവാക്കിയ പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള 8 സപ്പ്ളിമെന്ററി പുസ്തകങ്ങൾ ഇറക്കാനൊരുങ്ങി എസ് സി ഇ ആർ ടി. പ്ലസ് വൺ പ്ലസ് ടു ക്ലാസ്സുകളുടെ സോഷ്യോളജി, ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്സ് എന്നീ വിഷയങ്ങൾക്കാണ് വിദഗ്ദ്ധ സമിതി ചെറിയ പുസ്തകം തയ്യാറാക്കുന്നത്. പുസ്തകം ഈ മാസം തന്നെ പുറത്തിറക്കുമെന്ന് എസ് സി ഇ ആർ ടി ഡയറക്ടർ ഡോക്ടർ ആർ കെ ജയപ്രകാശ് അറിയിച്ചു. കുറച്ചു പുസ്തകങ്ങൾ അച്ചടിച്ച ശേഷം സോഫ്റ്റ് കോപ്പി എല്ലാവർക്കും നൽകാനാണ് ഉദ്ദേശിക്കുന്നത്. അധികം പേജ് ഇല്ലാത്തതിനാൽ ഇവയുടെ പകർപ്പ് ഉപയോഗിക്കാൻ കഴിയും. ഗുജറാത്ത് കലാപം,ഹിന്ദു രാഷ്ട്ര വാദികൾക്കെതിരെയുള്ള ഗാന്ധിജിയുടെ നിലപാട്,അടിയന്തരാവസ്ഥ, മുഗൾ ചരിത്രം,മൗലാന അബ്ദുൾകലാം ആസാദിനെക്കുറിച്ചുള്ള പാഠ ഭാഗങ്ങൾ,ഗോഡ്‌സെയെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയാണ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്.ഇവയെല്ലാം പരീക്ഷയ്ക്ക് ചോദിക്കുമെന്നും എൻ സി ഇ ആർ ടി വ്യക്തമാക്കി.

തിരുവനന്തപുരം : എൻജിനിയറിങ്, ഫാർമസി തുടങ്ങിയ പരീക്ഷകൾ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തിയേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രവേശനപരീക്ഷ കമ്മിഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്പാനൂരിലെ കെ എസ് ആർ ടി സി ടെർമിനലിലെ കെട്ടിടത്തിലേക്ക് മാറ്റിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കൂടുതൽ സജ്ജീകരണങ്ങളോടെ സ്ഥാപിതമായിരിക്കുന്ന ഓഫീസ് നഗര മധ്യത്തിലായതിനാൽ പ്രവർത്തനങ്ങൾ എളുപ്പത്തിൽ കാര്യക്ഷമമായി നടത്താനാവും. സംസ്ഥാന പ്രവേശന കമ്മീഷണറുടെ ഓഫീസിൽ 14 കോഴ്‌സിലേക്കുള്ള അലോട്ട്മെന്റ്,ഏഴ് പ്രവേശന പരീക്ഷകൾ എന്നിവയാണ് നടക്കുന്നത്.1984 മുതൽ പ്രവർത്തനമാരംഭിച്ച ഓഫീസ് ഇക്കാലമത്രയും സ്ഥലപരിമിതിയിലായിരുന്നു.

റെയിൽ വേ സ്‌റ്റേഷനും ബസ് ടെർമിനലും അടുത്തു കിടക്കുന്നതിനാൽ ഓഫീസിൽ വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാത്രാ ക്ലേശം ഇല്ലാതെ എത്തിച്ചേരാനാവുമെന്നതാണ് തമ്പാനൂരിൽ ഓഫീസ് പ്രവർത്തിപ്പിക്കാൻ കാരണം. 4000 ചതുരശ്ര അടിയിലും 4 കോടിയിലേറെ രൂപ ചിലവിലും കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെ ഏഴാമത്തെ നിലയിലാണ് യു എൽ സി സി എസ് ഓഫീസ് സജ്ജമാക്കിയത്. വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള കോൾ സെന്റർ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസ്സൽ ആൻഡ് ഹെല്പ് ലൈൻ ഇൻഫർമേഷൻ സിസ്റ്റവും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ജോയിന്റ് കമ്മീഷണർ ബേബി ഷൈല, പ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ പ്ലസ് വൺ പ്രവേശന സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണമെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയപ്പോഴായിരുന്നു കട്ജുവിന്റെ വിമർശനം.

സ്പീക്കർ എഎൻ ഷംസീറും പരിപാടിയിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് സർക്കാർ കളിക്കുന്നതെന്നും, ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും കട്ജു സ്പീക്കറിന് മുന്നറിയിപ്പ് നൽകി. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക സീറ്റ് അനുവദിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ വിദ്യാർത്ഥികളില്ലാതെ ലാപ്‌സ് ആകുന്ന ബിടെക് സീറ്റുകളിൽ പ്രവേശന പരീക്ഷ എഴുതാത്തവർക്കു കൂടി അഡ്മിഷൻ നൽകാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് പരിശോധിക്കാൻ സർക്കാർ. ഉത്തരവ് പരിശോധിക്കാൻ നിയമ വകുപ്പിന്റെ ഉപദേശത്തിനു വിട്ടിരിക്കുകയാണ്.

ആദ്യം ഇറക്കിയ ഉത്തരവിൽ പല കാര്യങ്ങൾക്കും വ്യക്തത ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ വിശദീകരിച്ച് പുതിയ ഉത്തരവിന്റെ കരട് തയാറാക്കി. ഇതിൽ നിയമപ്രശ്‌നമുണ്ടോ എന്നു പരിശോധിക്കാനാണ് നിയമവകുപ്പിന്റെ പരിശോധനയ്ക്കു വിട്ടത്. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച്ച പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അഡ്മിഷൻ നടപടി പൂർത്തിയായ ശേഷം ലാപ്‌സ് ആകുന്ന സീറ്റുകളിൽ മാത്രമാണ് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം നൽകുന്നത്.

കോട്ടയം: കോട്ടയം ജില്ലയിൽ 5626 പ്ലസ് വൺ സീറ്റുകൾ മിച്ചം. വിദ്യാർഥികളുടെ കുറവു കാരണം വിവിധ ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നായി 4 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ബാച്ചുകളിൽ കുറവ് വരുന്നതോടെ ചില അധ്യാപകർക്കും സ്ഥലംമാറ്റം ഉണ്ടാകും. പ്ലസ് വൺ കോഴ്‌സിന് 5400 സീറ്റുകളാണ് കഴിഞ്ഞ വർഷം കോട്ടയത്ത് ഒഴിവ് വന്നിരുന്നത്.

ആകെ 21,958 സീറ്റുകളാണ് കോട്ടയം ജില്ലയിൽ ഇത്തവണ ഉണ്ടായിരുന്നത്. സയൻസിനാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്നത്. 13,836 സീറ്റുകൾ സയൻസ് ബാച്ചിന് ഉണ്ടായിരുന്നു. ഇതിൽ 3148 സീറ്റുകളിൽ ആരും പ്രവേശനം നേടിയിട്ടില്ല. ഹ്യുമാനിറ്റീസിന് 1042 സീറ്റുകളും കൊമേഴ്‌സിന് 1436 സീറ്റുകളും ബാക്കി വന്നുവെന്നാണ് വ്യാഴം ഉച്ച വരെയുള്ള പ്രവേശനം അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

കോട്ടയം ജില്ലയിൽ നിന്ന് ഉപരിപഠനത്തിന് അർഹത നേടിയത് 18,905 പേരാണ്. 134 ഹയർ സെക്കൻഡറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. സയൻസിന് 10 വിഷയങ്ങളിലായി 9 കോംബിനേഷനും കൊമേഴ്‌സിൽ 9 വിഷയങ്ങളിലായി 4 കോംബിനേഷനും ഹ്യുമാനിറ്റീസിന് 26 വിഷയങ്ങളിലായി 32 കോംബിനേഷനും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ ഒന്നാം സ്ഥാനത്ത് നിന്നും പിന്തള്ളപ്പെട്ട് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021-22 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളത്തിന് 609.7 സ്കോർ ആണ് ലഭിച്ചത്. 700ല്‍ 641 പോയിന്റുമായി ഛണ്ഡിഗഢും പഞ്ചാബുമാണ് ഒന്നാം സ്ഥാനത്ത്.

തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, ഗുജറാത്ത് എന്നിവയാണ് കേരളത്തിനൊപ്പം നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. പഠന ഫലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായ ഘടകങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തിനായി കണക്കാക്കുന്നത്. വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 10 ഗ്രേഡുകളായാണ് തരംതിരിക്കുന്നത്. ആദ്യ അഞ്ച് ഗ്രേഡുകളില്‍ ഇടംനേടാന്‍ ഒരു സംസ്ഥാനത്തിനും കഴിഞ്ഞില്ല.

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിൽ നിന്നും 14 സീറ്റുകളാകും മലപ്പുറത്തേക്ക് മാറ്റുക. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി യോഗം ചേർന്നിരുന്നുവെന്നും, അതിനു ശേഷമാണു ഈ തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ആകെ അപേക്ഷ നല്‍കിയിരിക്കുന്നത് 74014 വിദ്യാര്‍ഥികളാണ്‌. ഇതില്‍ പ്രവേശനം നേടിയിട്ടുള്ളത് 51643 പേരാണ്. മെറിറ്റ് ക്വാട്ടയില്‍ 5190 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്‌ക്ക് നേരിട്ടുള്ള നിയമനങ്ങൾക്ക് ഇനിമുതൽ പിഎച്ച്ഡി നിർബന്ധമില്ല. നെറ്റ്, സെറ്റ്, എസ്എൽഇടി എന്നിവ മതിയാകുമെന്ന് യുജിസി അദ്ധ്യക്ഷൻ എം ജഗദീഷ് കുമാർ വ്യക്തമാക്കി.

അസിസ്റ്റന്റ് പ്രൊഫസർ ആകുന്നതിനായി പിഎച്ച്ഡി ആവശ്യമില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും വ്യക്തമാക്കി. എന്നാൽ അസോസിയേറ്റ് പ്രൊഫസർമാരുടെയും പ്രൊഫസർമാരുടെയും തലത്തിൽ ഇത് ആവശ്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇനിമുതൽ അസിസ്റ്റന്റ് പ്രൊഫസർ അകാൻ കേരളത്തിൽ കുറഞ്ഞ യോഗ്യത നെറ്റ് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കേരള സർവകലാശാല രജിസ്ട്രാർക്ക് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ കെ. ബൈജുനാഥ് നിർദ്ദേശം നൽകി.

കേരള സർവകലാശാലയ്‌ക്ക് കീഴിൽ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ രജിസ്റ്റർ ചെയ്ത പന്തളം സെന്ററിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും തോറ്റതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കേരള സർവകശാലയുടെ വീഴ്ച പുറത്തുവന്നത്. വിദ്യാർത്ഥികൾക്ക് വേണ്ടത്ര അറ്റന്റൻസ് ഇല്ലാത്തതിനാലാണ് പറഞ്ഞയപ്പെട്ടത് എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം.

തുടർന്ന് അറ്റന്റൻസ് പരിശോധിച്ചപ്പോൾ വേണ്ടത്ര അറ്റന്റൻസ് വിദ്യാർത്ഥികൾക്ക് ഉണ്ടെന്നു വ്യക്തമായി. സംഭവത്തിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികളോട് പണമടച്ചാൽ വീണ്ടും മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കാമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തുടർന്നാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തത്.