Educational (Page 3)

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പി ജി സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിൽ പ്രതിഷേധമുയരുന്നു. മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെ ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘എന്ന ആത്മകഥയാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാലയിൽ പുതുതായി വന്ന എം എ ഇംഗ്ലീഷ് കോഴ്സിലാണ് ആത്മകഥ തിരുകി കയറ്റാൻ ശ്രമിച്ചിരിക്കുന്നത്.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ഗവർണറുടെ അനുമതി ഇല്ലാതെ രൂപീകരിച്ച പഠന ബോർഡ് കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അതു കൊണ്ട് നിലവിൽ സർവ്വകലാശാലയ്ക്ക് പഠന ബോർഡില്ല. വി സി യ്ക്ക് കീഴിൽ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് ബി ആർ അംബേദ്കറിനും നെൽസൺ മണ്ടേലയ്ക്കുമൊപ്പം കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകളിലൂടെ സർവ്വകലാശാലയെ ഇടതു വത്ക്കരിക്കുകയാണെന്ന ആരോപണമാണ് മറ്റു പാർട്ടികൾ ആരോപിക്കുന്നത്.

ന്യൂ ഡൽഹി : നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 ന്റെ അടിസ്ഥാനത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ( NCF) പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. വർഷത്തിൽ രണ്ട് ബോർഡ് എക്സാമുകൾ നടത്താനും ഹയർ സെക്കൻഡറിയിൽ രണ്ടു ഭാഷ പഠിക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്. രണ്ടു ഭാഷകളിൽ ഒരു ഭാഷ ഇന്ത്യൻ ഭാഷയാകണമെന്ന നിബന്ധനയുണ്ട്.

ഒരു വർഷത്തിൽ രണ്ട് ബോർഡ്‌ പരീക്ഷകൾ നടത്തുന്നതിലൂടെ വിദ്യാർഥികൾക്ക് മികച്ച നിലവാരം കാഴ്ചവെക്കാൻ അവസരം ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായപ്പെടുന്നു. കാണാതെ പഠിക്കുന്നതിനും മാസങ്ങളോളമുള്ള കഠിന പരിശീലനത്തിനുമപ്പുറം വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലുള്ള മികച്ച ധാരണ, സ്വന്തം നേട്ടങ്ങൾ എന്നിവ വിലയിരുത്താൻ കഴിയുന്നതാകും പൊതുപരീക്ഷയെന്നും ചട്ടക്കൂടിൽ പറയുന്നുണ്ട്. 2024 മുതൽ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ നിലവിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

ന്യൂ ഡൽഹി : 2018 ജൂൺ 28ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി സുപ്രീം കോടതി. പ്രൈമറി അധ്യാപകരാകാൻ ബിഎഡ് ബിരുദമുള്ളവർക്ക് യോഗ്യതയില്ലെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ശരി വച്ചിരിക്കുന്നത്. പ്രൈമറി ക്ലാസുകളിലെ അധ്യാപന യോഗ്യതയായി ബിഎഡ് ഉൾപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി വിമർശിച്ചു.

പ്രൈമറി കുട്ടികൾക്ക് നൽകേണ്ട ബോധനശാസ്ത്രം ബി എഡ് ബിരുദധാരികൾക്ക് പഠിക്കാനില്ലാത്തതിനാലാണ് സുപ്രീം കോടതി ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. അധിക യോഗ്യതയെന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണെന്നതിന് അർത്ഥമില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻശു എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കേണ്ട അധ്യാപകർ ബോധന കോഴ്സിന് വിധേയരാകണമെന്ന എൻ സി ടി ഇ നിർദ്ദേശവും കോടതി വിശദീകരിച്ചു.

തിരുവനന്തപുരം : ട്യൂഷൻ സെന്ററുകളിലെ വിനോദയാത്രയ്ക്കും നൈറ്റ് ക്ലാസ്സുകൾക്കും വിലക്കേർപ്പെടുത്തി ബാലാവകാശ കമ്മീഷൻ. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നൈറ്റ് ക്ലാസുകൾ കുട്ടികൾക്ക് അമിതമായ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. അധ്യാപകർ ഒപ്പമില്ലാതെ ഭീമമായ തുക വാങ്ങി വിദ്യാർത്ഥികളെ വിനോദ യാത്രയ്ക്ക് കൊണ്ട് പോകുന്ന സാഹചര്യം പല ട്യൂഷൻ സെന്ററുകൾ ചെയ്യുന്നതായും കമ്മീഷൻ വിലയിരുത്തി.

കൂടാതെ നിർബന്ധിച്ച് വിനോദയാത്രയ്ക്ക് കുട്ടികളെ കൊണ്ട് പോകുന്ന പരാതികളും പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്റെ അന്തിമ തീരുമാനം. ഉത്തരവ് സംബന്ധിച്ച റിപ്പോർട്ട് അറുപത് ദിവസത്തിനകം നൽകണമെന്നാണ് സർക്കാരിനോട് ബാലാവകാശ കമ്മീഷൻ അംഗം റെനി ആൻ്റണി പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം : പ്രിൻസിപ്പൽ നിയമനത്തിന് യു ജി സി ചട്ടങ്ങൾ പ്രകാരം തയ്യാറാക്കിയ പട്ടിക റദ്ധാക്കണമെന്നുള്ള സർക്കാരിന്റെ ആവശ്യം തള്ളി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ. ജസ്റ്റിസ് ടി വി ആശ, ഡോ. പ്രദീപ് കുമാർ, എന്നിവരടങ്ങിയ ട്രിബ്യുണലാണ് പി എസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിലുള്ളവർക്ക് ഉടൻ താത്കാലിക നിയമനം നല്കാൻ നിർദ്ദേശിച്ചത്. യു ജി സി വ്യവസ്ഥകളിൽ മാറ്റം വരുത്തി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ്‌ പ്രകാരം നിയമനം നടന്നാൽ ഇടപെടുമെന്നാണ് ട്രിബ്യുണൽ അറിയിച്ചിരിക്കുന്നത്. യു ജി സിയുടെ ചട്ടങ്ങൾ അനുസരിച്ചു നിയമനം നടത്തിയിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നായിരുന്നു എന്നാണ് യു ജി സി പ്രതിനിധി പറഞ്ഞത്.

സെലക്ഷൻ കമ്മിറ്റി നൽകിയ പട്ടിക ഒഴിവാക്കി പുതിയ പട്ടിക നിർമിക്കാൻ അനുവാദം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. ജൂണിലെ ഉത്തരവിലുള്ള 43 പേർക്ക് നിയമനം നല്കുന്നതിനോടൊപ്പം ആദ്യ പട്ടികയിൽ അയോഗ്യരാക്കപ്പെട്ടവരെയും സമാന യോഗ്യത നേടിയവരെയും പരിഗണിച്ച് സെലക്ഷൻ കമ്മിറ്റിയെ കൊണ്ട് പുതിയ പട്ടിക നിർമിക്കാനും കോടതി ഉത്തരവിട്ടു. ആദ്യ പട്ടികയിലെ ആളുകളുടെ സ്ഥിര നിയമനം, സീനിയോറിറ്റി എന്നിവ കോടതി തീരുമാനിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 43 പേരുടെ പട്ടികയിലുണ്ടായിരുന്ന 7 പേരാണ് തങ്ങളെ നിയമിക്കാൻ സർക്കാരിനോട് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ട്രിബ്യുണലിനെ സമീപിച്ചത്. ട്രിബ്യുണൽ നിർദ്ദേശം നൽകിയിട്ടും ഉന്നത വിദ്യാഭാസ മന്ത്രി നിയമനത്തിൽ ഇടപെട്ടതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഓണപരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. വിദ്യാഭാസ കലണ്ടർ പ്രകാരം 17 നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ 19 ന് മിക്ക സ്കൂളുകളിലും പി എസ് സി എക്‌സാം ഉള്ളതിനാൽ ഒരു ദിവസം മുൻപ് പരീക്ഷ തുടങ്ങാൻ ക്വളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം യോഗം തീരുമാനിക്കുകയായിരുന്നു.

എൽ പി സ്കൂളിൽ 19 ന് പരീക്ഷ തുടങ്ങി 24 ന് അവസാനിക്കുമ്പോൾ യു പി ഹൈസ്കൂൾ തലങ്ങളിൽ പരീക്ഷകൾ 16 ന് ആരംഭിക്കും. ദിവസ വേതനം വാങ്ങുന്ന അധ്യാപകർക്ക് കുടിശിക ശമ്പളം ഉടൻ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭാസ ഡയറക്ടർ എസ് ഷാനവാസ് അറിയിച്ചു. യു എസ് എസ്, എൽ എസ് എസ് സ്കോളർഷിപ് കുടിശികയും മൂല്യ നിർണയ പ്രതിഫലവും അധ്യാപക സംഘടനകൾ ചോദിച്ചപ്പോൾ സർക്കാർ പണം അനുവദിച്ചാലേ നല്കാനാകുവെന്ന് ഡി ജി ഇ വ്യക്തമാക്കി.

തിരുവനന്തപുരം : സർക്കാർ ആർട്സ് കോളേജിലെ പ്രിൻസിപ്പൽ പട്ടികയിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ബിന്ദു നടത്തിയത് അധികാര ദുർ വിനിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തക്കാരെ കയറ്റാൻ വേണ്ടി മന്ത്രി ചെയ്ത ഈ പ്രവണതയ്ക്ക് ഫലമായി ബിന്ദുവിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിൽ സെലക്ഷൻ കമ്മിറ്റി തള്ളിയ 24 പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവരെ കൂടി നിയമിക്കാൻ മന്ത്രി ചട്ട വിരുദ്ധമായി അപ്പീൽ കമ്മിറ്റി രൂപീകരിക്കാൻ ശ്രെമിച്ചതാണ് വിവാദങ്ങൾക്കു ഇടയായത്. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് താൻ ഇടപെടൽ നടത്തിയിട്ടില്ലെന്ന് ബിന്ദു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. പി എസ് സി അംഗീകരിച്ച പട്ടികയിൽ നിന്നും പുറത്തായ അധ്യാപക സംഘടന നേതാക്കളെ നിയമിക്കുന്നതിനാണ് മന്ത്രി ട്രിബ്യുണൽ ഉത്തരവ് നടപ്പാക്കാതെ വിസമ്മതിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ആരോപിച്ചു.

തിരുവനന്തപുരം : വേലി തന്നെ വിളവ് തിന്നുന്നതിനുള്ള ഉദാഹരണമാണ് ഉന്നതാ വിദ്യാഭാസമന്ത്രി ആർ ബിന്ദുവിന്റെ പ്രിൻസിപ്പൽ നിയമനത്തിലെ അട്ടിമറിക്കുള്ള ശ്രെമമെന്ന് കെ സുരേന്ദ്രൻ. അധികാരം ദുരുപയോഗം ച്യ്ത ബിന്ദു വിദ്യാഭാസ മേഖലയെ എ കെ ജി സെന്ററാക്കി മാറ്റിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

പാർട്ടിയിലുള്ളവർക്ക് മെറിറ്റിൽ നിയമനം കിട്ടാതായപ്പോൾ പട്ടികയിൽ അവരുടെ പേര് കുത്തി നിറച്ച മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അനുമതിയില്ലെന്നും നിയമനത്തിനായി കമ്മിറ്റി ശുപാർശ ചെയ്ത 43 പേരുടെ നിയമനം നടത്താതെ തടഞ്ഞു വയ്ക്കാൻ ബിന്ദുവിന് അധികാരമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മാർക്ക് ലിസ്റ്റും വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പും നടത്തുന്ന എസ് എഫ് ഐ യുടെ അഴിമതിയ്ക്ക് ചുക്കാൻ പിടിക്കുകയാണ് മന്ത്രിയെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തെ ഉന്നത വിദ്യാഭാസ ഹബ്ബാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഇങ്ങനെയുള്ള വിദ്യാഭാസവകുപ്പ് കേരളത്തിന് നാണക്കേടാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

തിരുവനന്തപുരം : കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും തനിക്കെതിരെയുള്ള വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദു. മുൻപ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ പരാതി പോയിരുന്നെന്നും ഇതിൽ ചില കോടതി വിധികൾ വരാനുള്ളതിനാൽ അത് പരിശോധിച്ച ശേഷമേ ലിസ്റ്റ് അംഗീകരിക്കുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തു നിന്ന് യു ജി സി ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ആർ ബിന്ദു അഭിപ്രായപ്പെട്ടു. മന്ത്രിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താല്പര്യമില്ലെന്നും പരാതിയില്ലാതെയുള്ള നിയമനമാണ് നടത്താൻ ശ്രെമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സീനിയോറിറ്റി പരിഗണിച്ച് സെലക്ഷൻ കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കുന്നതെന്നും ഇത്തരത്തിൽ 67 പേരെ തിരഞ്ഞെടുത്തതിൽ 2019 ലെ കെയർ ലിസ്റ്റ് പ്രകാരമാണ് 43 പേരിലേക്ക് പട്ടിക ചുരുങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.പി എസ് സി അംഗീകരിച്ച പട്ടിക കോളേജ് വിദ്യാഭാസ ഡയറക്ടർ സമർപ്പിച്ചപ്പോൾ അത് കരട് രേഖയായി കണ്ടാൽ മതിയെന്ന് ബിന്ദു പറഞ്ഞെന്ന വിവരാവകാശ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുതയാണ് വിവാദമായിരിക്കുന്നത്. എന്നാൽ 67 ൽ നിന്ന് 43 ആയി പട്ടിക ചുരുങ്ങിയപ്പോൾ ഒഴിവാക്കപ്പെട്ടവരെ പരിഗണിക്കാനാണ് താൻ ഇടപെട്ടതെന്ന് മന്ത്രി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തി.

തിരുവനന്തപുരം : കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി വിദ്യാഭാസ വകുപ്പ്. 97 താത്ബാകാലിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന വിദ്യാഭാസ വകുപ്പിന്റെ ശുപാർശയിലെ തീരുമാനം മറ്റന്നാൾ ചേരുന്ന മന്ത്രി സഭ യോഗം തീരുമാനിക്കും. ഏക ജാലകം വഴിയുള്ള പ്രവേശനത്തിൽ ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും സപ്ലിമെന്ററി അല്ലോട്മെന്റിൽ അപേക്ഷിക്കാനുള്ള തീയതി ജൂലൈ 20 വരെയായിരുന്നു. ഇന്ന് രാവിലെ 10 മണി മുതൽ നടക്കുന്ന പ്രവേശനംജൂലൈ 25 വൈകുന്നേരം വരെ നടക്കും.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പൊതു വിദ്യാഭാസ വകുപ്പിന്റെ അലോട്ട്മെന്റ് വിവരങ്ങൾ ലഭിക്കുന്നത്. തുടർന്നുള്ള അലോട്ട്മെന്റ് വിവരങ്ങൾ ജൂലൈ 27 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ടാമത്തെ സപ്ലിമെന്ററി അലോട്മെന്റിന് ശേഷവും സീറ്റ് കിട്ടാതെ അനേകം കുട്ടികൾ പുറത്തുണ്ട്. മലപ്പുറം ജില്ലയിൽ സപ്ലിമെന്ററി അല്ലോട്മെന്റിൽ അപേക്ഷിച്ച 9707 പേരിൽ 1392 പേർക്കാണ് പ്രവേശനം കിട്ടിയത്. കണ്ണൂർ, കാസർഗോഡ്, പാലക്കാട്, ജില്ലകളിലും അനേകം കുട്ടികൾ അഡ്മിഷൻ കിട്ടാതെ പുറത്താണ്.