തിരുവനന്തപുരം : എൻജിനിയറിങ്, ഫാർമസി തുടങ്ങിയ പരീക്ഷകൾ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തിയേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രവേശനപരീക്ഷ കമ്മിഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്പാനൂരിലെ കെ എസ് ആർ ടി സി ടെർമിനലിലെ കെട്ടിടത്തിലേക്ക് മാറ്റിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കൂടുതൽ സജ്ജീകരണങ്ങളോടെ സ്ഥാപിതമായിരിക്കുന്ന ഓഫീസ് നഗര മധ്യത്തിലായതിനാൽ പ്രവർത്തനങ്ങൾ എളുപ്പത്തിൽ കാര്യക്ഷമമായി നടത്താനാവും. സംസ്ഥാന പ്രവേശന കമ്മീഷണറുടെ ഓഫീസിൽ 14 കോഴ്‌സിലേക്കുള്ള അലോട്ട്മെന്റ്,ഏഴ് പ്രവേശന പരീക്ഷകൾ എന്നിവയാണ് നടക്കുന്നത്.1984 മുതൽ പ്രവർത്തനമാരംഭിച്ച ഓഫീസ് ഇക്കാലമത്രയും സ്ഥലപരിമിതിയിലായിരുന്നു.
റെയിൽ വേ സ്‌റ്റേഷനും ബസ് ടെർമിനലും അടുത്തു കിടക്കുന്നതിനാൽ ഓഫീസിൽ വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാത്രാ ക്ലേശം ഇല്ലാതെ എത്തിച്ചേരാനാവുമെന്നതാണ് തമ്പാനൂരിൽ ഓഫീസ് പ്രവർത്തിപ്പിക്കാൻ കാരണം. 4000 ചതുരശ്ര അടിയിലും 4 കോടിയിലേറെ രൂപ ചിലവിലും കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെ ഏഴാമത്തെ നിലയിലാണ് യു എൽ സി സി എസ് ഓഫീസ് സജ്ജമാക്കിയത്. വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള കോൾ സെന്റർ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസ്സൽ ആൻഡ് ഹെല്പ് ലൈൻ ഇൻഫർമേഷൻ സിസ്റ്റവും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ജോയിന്റ് കമ്മീഷണർ ബേബി ഷൈല, പ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

