മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കേരള സർവകലാശാല രജിസ്ട്രാർക്ക് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സൺ കെ. ബൈജുനാഥ് നിർദ്ദേശം നൽകി.
കേരള സർവകലാശാലയ്‌ക്ക് കീഴിൽ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ രജിസ്റ്റർ ചെയ്ത പന്തളം സെന്ററിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും തോറ്റതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കേരള സർവകശാലയുടെ വീഴ്ച പുറത്തുവന്നത്. വിദ്യാർത്ഥികൾക്ക് വേണ്ടത്ര അറ്റന്റൻസ് ഇല്ലാത്തതിനാലാണ് പറഞ്ഞയപ്പെട്ടത് എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം.
തുടർന്ന് അറ്റന്റൻസ് പരിശോധിച്ചപ്പോൾ വേണ്ടത്ര അറ്റന്റൻസ് വിദ്യാർത്ഥികൾക്ക് ഉണ്ടെന്നു വ്യക്തമായി. സംഭവത്തിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികളോട് പണമടച്ചാൽ വീണ്ടും മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കാമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തുടർന്നാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തത്.

