Educational (Page 5)

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, വിഎച്ച്എസ്ഇ അസിസ്റ്റൻറ് ഡയറക്ടർമാർ തുടങ്ങിയവരുടെ യോഗമാണ് മന്ത്രി വിളിച്ചു ചേർത്തത്. പ്ലസ് വൺ ക്ലാസുകൾക്ക് ബുധനാഴ്ച്ച തുടക്കം കുറിയ്ക്കുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, അക്കാദമിക് ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു തുടങ്ങിയവർ യോഗത്തിൽ പങ്കുചേർന്നു.

സ്‌കൂളിന്റെയും പ്രിൻസിപ്പലിന്റെയും ക്ലാസ് ചുമതലയുള്ള അദ്ധ്യാപകൻ/ അദ്ധ്യാപികയുടെയും ഫോൺ നമ്പർ വിദ്യാർത്ഥികൾക്ക് നൽകണം. അതോടൊപ്പം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താവിന്റെ ഫോൺ നമ്പർ ക്ലാസ് ചുമതലയുള്ള അദ്ധ്യാപകർ ആദ്യ ദിവസം തന്നെ ശേഖരിച്ച് സൂക്ഷിക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. ഒരു വിദ്യാർത്ഥി ക്ലാസിലെത്തിയില്ലെങ്കിൽ ആ വിവരം രക്ഷിതാവിനെ വിളിച്ച് കൃത്യമായി തിരക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

പ്ലസ് വൺ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂർത്തിയായിട്ടുണ്ട്. 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയർസെക്കൻഡറിയിൽ പഠിക്കുന്നതിന് അവസരമുള്ളത്. എൻഎസ്‌ക്യൂഎഫ് പ്രകാരം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പുതിയ കോഴ്സുകളും വന്നിട്ടുണ്ട്.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒന്നും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിൽ ആണ്. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച് കൃത്യമായ ഒരു ചിത്രം ലഭ്യമാകൂ. ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളും പ്രവേശനം നേടിയാലും ഹയർസെക്കണ്ടറിയിൽ മാത്രം സീറ്റുകൾ അധികം ഉണ്ടാകും.

ഇത് കൂടാതെയാണ് വോക്കേഷണൽ ഹയർസെക്കണ്ടറി, പോളിടെക്നിക്, ഐ ടി ഐ സീറ്റുകൾ ഉള്ളത്. 1,04,449 സീറ്റുകൾ ആണ് ഈ സ്ട്രീമുകളിലായി ഉള്ളത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ടതില്ല. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കാൻ ഉള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

ഇതിന്റെ ഭാഗമായാണ് 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്തത്. മൂന്നാം അലോട്മെന്റിനു ശേഷം താലൂക്ക്തല, പഞ്ചായത്ത്‌തല പരിശോധനകൾ ഉണ്ടാകുമെന്നും ഇനിയും പ്രശ്നങ്ങൾ ഉള്ള മേഖലകൾ ഉണ്ടെങ്കിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നിലവിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയി 2,22,377 പേർ പ്രവേശനം നേടിക്കഴിഞ്ഞു.

മൂന്നാം അലോട്മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനം ഉണ്ടാകും. സ്‌പോർട്സ് ക്വാട്ടയിൽ 3,841 സീറ്റുകൾ ഉണ്ട്. അങ്ങിനെ മൂന്ന് അലോട്ട്മെന്റുകളിൽ ആയി 3,11,012 പേർ പ്രവേശനം നേടുമെന്ന് കരുതുന്നു. കൂടാതെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 23,914 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയിൽ 37,995 സീറ്റുകളും ഉണ്ട്. അൺ എയിഡഡ് ക്വാട്ടയിൽ 54,585 സീറ്റുകൾ ആണുള്ളത്. അങ്ങിനെ മൊത്തം 4,27,506 സീറ്റുകൾ നിലവിൽ ഉണ്ട്. ഈ വർഷം എസ് എസ് എൽ സി പാസായവർ 4,17,944 ആണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുക ഏപ്രിൽ ആറിനായിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിനുവേണ്ടി കിട്ടാനാണ് അവധി ദിവസങ്ങളിൽ മാറ്റം വരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിനു തന്നെ സ്‌കൂൾ തുറക്കുമെന്നും വി ശിവൻകുട്ടി അറിയിച്ചു.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമ്മിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി. അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്നും അദ്ദേഹം വിശദമാക്കി.

അദ്ധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് കാലത്ത് കുട്ടികളെയെല്ലാം ചേർത്തു പിടിക്കാൻ വേണ്ടി ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി. നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം. കുട്ടികളിൽ ശുചിത്വ ശീലം ഉളവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവർത്തന പദ്ധതി രൂപം നൽകിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇ-ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ ജനുവരി ഇരുപത്തി മൂന്നിനാണ് പരാക്രമം ദിവസം എന്ന പേരിൽ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം നടത്തുന്നത്. പരീക്ഷയെ കുറിച്ചുള്ള ഭയവും ഉൽക്കണ്ഠയും വിദ്യാർത്ഥികളിൽ നിന്നും അകറ്റുവാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനുമായാണ് രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്.

രാജ്യത്തെ 500 കേന്ദ്രീയ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകൾ, സ്റ്റേറ്റ് ബോർഡുകളുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ തുടങ്ങിയ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നൈസർഗികവും പുതുമയുള്ളതുമായ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായിരിക്കും മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ പുസ്തകം എക്‌സാം വാരിയേഴ്‌സിലെ വിവിധ ആശയങ്ങൾ അധികരിച്ചാണ് ചിത്രരചന മത്സരം നടക്കുക.

അൻപതിനായിരത്തോളം സ്‌കൂൾ വിദ്യാർത്ഥികൾ നാളെ മത്സരത്തിൽ പങ്കെടുക്കുന്നതാണ്. 500 നോഡൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഓരോന്നിലും ചുറ്റുവട്ടത്തിലുള്ള വിവിധ സ്‌കൂളുകളിൽ നിന്ന് 100 വിദ്യാർത്ഥികൾ വീതം മത്സരത്തിൽ പങ്കെടുക്കും .നോഡൽ കെ വി, സമീപത്തുള്ള കെ വി എന്നിവിടങ്ങളിൽ നിന്ന് 20 പേരും ജില്ലയിലെ ഓരോ നവോദയ വിദ്യാലയത്തിൽ നിന്നും 10 പേരും സമീപത്തുള്ള സിബിഎസ്ഇ ,സ്റ്റേറ്റ് ബോർഡ് സ്‌കൂളുകളിൽ നിന്നും 70 പേരും എന്ന രീതിയിലാണ് 100 വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്.

തിരുവനന്തപുരം: ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു. നവരാത്രി പ്രമാണിച്ചാണ് ഒക്ടോബർ മൂന്നിന് അവധി പ്രഖ്യാപിച്ചത്. പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അവധി ദിവസത്തിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഒക്ടോബർ രണ്ട് വൈകിട്ട് പൂജ വെച്ചതിനു ശേഷം മൂന്നാം തീയതി ദുർഗാഷ്ടമിക്ക് വിദ്യാലയങ്ങൾക്ക് അവധി നൽകാതിരുന്നതിന് എതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടിയെന്നാണ് വിവരം.

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് തയ്യാറെടുത്ത് വിദ്യാഭ്യാസ മേഖല. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ സ്‌കൂൾ പരീക്ഷാസമ്പ്രദായത്തിൽ പൊളിച്ചെഴുത്തിനു സാധ്യതയുണ്ടെന്നാണ് വിവരം. നിരന്തരമായ എഴുത്തുപരീക്ഷകളും അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികൾക്ക് ഗുണനിലവാരമുള്ള പഠനസമയം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ കരടുസമീപനരേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്.

പരീക്ഷയിലെ പൊളിച്ചെഴുത്തുരീതി വിവിധ തട്ടുകളിലുള്ള പാഠ്യപദ്ധതി ചർച്ചകളിലൂടെ രൂപപ്പെടുത്താനാണ് തീരുമാനം. കുട്ടികളുടെ മികവും ദൗർബല്യവും മനസ്സിലാക്കിയുള്ള അധ്യയനരീതി പരിശീലിപ്പിക്കാനും തീരുമാനമുണ്ട്. ഇതിനായി ‘സ്റ്റുഡന്റ് പ്രൊഫൈൽ’ തയ്യാറാക്കാൻ പദ്ധതിയിടുന്നുണ്ട്. സെക്കൻഡറിതലത്തിലെ പരീക്ഷാസമ്പ്രദായവും അതിനുള്ള തയ്യാറെടുപ്പുകളുമൊക്കെ കുട്ടികളുടെ പഠനത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന് ദേശീയവിദ്യാഭ്യാസനയരേഖയും ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലം, സവിശേഷമായ കഴിവുകൾ, സഹായം ആവശ്യമുള്ള മേഖലകൾ തുടങ്ങി അവരുടെ ശക്തി-ദൗർബല്യങ്ങൾ കൃത്യമായി സ്റ്റുഡന്റ് പ്രൊഫൈലിൽ രേഖപ്പെടുത്തണമെന്നാണ് നിരീക്ഷണം.

അതേസമയം, കലാവിദ്യാഭ്യാസത്തിനായി സ്‌കൂളുകളിൽ ആർട്ട് ലാബുകൾ വേണമെന്ന് പാഠ്യപദ്ധതി പരിഷ്‌കാരത്തിൽ നിർദേശിക്കുന്നു. ഇപ്പോൾ പ്ലസ് ടു തലത്തിൽ സംഗീതം മാത്രമാണ് വിഷയം. എന്നാൽ, ദൃശ്യകലയുടെ ഡിഗ്രി കോഴ്‌സുകൾക്കും പ്രവേശനപരീക്ഷകൾക്കും ഉതകുന്നതരത്തിൽ സിലബസും പാഠപുസ്തകവും വേണമെന്നാണ് ശുപാർശ. മറ്റുവിഷയങ്ങൾക്കുള്ളതുപോലെ ദൃശ്യകലയ്ക്കായി ആർട്ട് ലാബ് വേണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ കുറവ്. മുൻ വർഷത്തേക്കാൾ 45,573 കുട്ടികളുടെ കുറവാണ് ഇത്തവണ സ്‌കൂളുകളിലുണ്ടായത്. സർക്കാർ, എയ്ഡഡിലും അൺഎയ്ഡഡ് മേഖലയിലും കുട്ടികൾ കുറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയാണ്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയത് 3,48,741 കുട്ടികളാണ്. എന്നാൽ ഇത്തവണ 3,03,168 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. സർക്കാർ, എയ്ഡഡ് മേഖലയിൽ 37522 കുട്ടികളുടെ കുറവാണുള്ളത്. അതേസമയം, സർക്കാർ, എയ്ഡഡ് മേഖലയിൽ രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണത്തിൽ 119970 വിദ്യാർത്ഥികളുടെ വർദ്ധനവ് രേഖപ്പെടുത്തി. സർക്കാർ മേഖലയിൽ 449 15 ഉം എയ്ഡഡ് മേഖലയിൽ 750 55 കുട്ടികളുമാണ് വർധിച്ചതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും കുട്ടികൾ കൂടുതലായി സർക്കാർ എയ്ഡഡ് സ്‌കൂളുകളിലേക്ക് പ്രവേശനം തേടുന്നത് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ്. സംസ്ഥാനത്ത് പത്തോ അതിൽ കുറവോ കുട്ടികൾ പഠിക്കുന്ന 40 സർക്കാർ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. keralaresults.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാം.

മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലായിരുന്നു സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകൾ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കൽ പരീക്ഷ. പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനമെടുത്തത്. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

അതേസമയം, 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേർ റെഗുലർ ആയും 20,768 പേർ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേർ ഓപ്പൺ സ്‌കൂളിന് കീഴിൽ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ (എൻഎസ്‌ക്യുഎഫ്) 30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതിയിട്ടുണ്ട്.

തിരുവനന്തപുരം: ഇത്തവണത്തെ അദ്ധ്യയന വർഷം ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇടം നേടുമ്പോൾ സ്വരാക്ഷരങ്ങളിലെ അം, അഃ അക്ഷരങ്ങൾ കൂടി തിരിച്ചെത്തുന്നു. 2012 മുതൽ മലയാളം അക്ഷരമാലയിൽ നിന്ന് ‘അം’ എന്ന അനുസ്വാരവും ‘അഃ’ എന്ന വിസർഗവും മാറ്റി നിർത്തപ്പെട്ടിരുന്നു.

പാഠപുസ്തകത്തിന്റെ ഒന്നാം വാല്യം അച്ചടി കഴിഞ്ഞതിനാൽ ഒന്നാം ക്ലാസിലെ മൂന്നാം വാല്യത്തിലും രണ്ടാം ക്ലാസിലെ രണ്ടാം വാല്യത്തിലും ഉൾപ്പെടുത്തിയാണ് അക്ഷരമാല പ്രസിദ്ധീകരിക്കുക. ഇതോടെ അനുസ്വാരവും വിസർഗവും ഉൾപ്പെടെ സ്വരാക്ഷരങ്ങൾ 15 ഉം വ്യഞ്ജനാക്ഷരങ്ങൾ 25 ഉം മദ്ധ്യമങ്ങൾ 5 ഉം ഊഷ്മാക്കൾ രണ്ടും ഘോഷി ഒന്നും ദ്രാവിഡ മദ്ധ്യമം മൂന്നും ചേർന്ന് വീണ്ടും മലയാള അക്ഷരമാല 51 ആയി മാറുകയാണ്. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ലിപി പരിഷ്‌കരണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പാഠപുസ്തകങ്ങളിൽ അക്ഷരമാല കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികൾ ആശയം മനസിലാക്കി വാചകം തിരിച്ചറിഞ്ഞശേഷം വേണം അക്ഷരം പഠിക്കാനെന്നതാണ് നിലവിലെ രീതി. അതിനാലാണ് മൂന്നാം വാല്യത്തിൽ അക്ഷരമാല ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് പാഠ്യപദ്ധതിയ്ക്ക് ചട്ടക്കൂട് പരിഷ്‌കരിക്കാനുള്ള മാർഗരേഖ പ്രകാശനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നടന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ആദ്യ ഘട്ടത്തിൽ വിനോദത്തിലൂന്നിയുള്ള പഠനമാണ് മാർഗരേഖ ശുപാർശ ചെയ്യുന്നത്.

ഈ മാർഗരേഖ പ്രകാരമായിരിക്കും പൊതുവിദ്യാഭ്യാസ രംഗം 10, 12, ഘടന ഒഴിവാക്കി 5+3+3+4 എന്ന രീതിയിലേക്ക് മാറ്റാനുള്ള ദേശീയ വിദ്യാഭ്യാസനയത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കുക. തുടർപ്രക്രിയകളിലൂടെയാണ് ചട്ടക്കൂട് രൂപവത്കരിക്കുകയെന്നും ഇതിലേക്ക് ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാമെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ദേശീയ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ, മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, ബി.സി. നാഗേഷ്, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അനിത കാർവാൾ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.

അടിസ്ഥാനഘട്ടം (മൂന്ന്-എട്ട് വയസ്സ്), മൂന്നുവർഷം പ്രീ-പ്രൈമറി (എട്ടുമുതൽ 11 വയസ്സുവരെ), ഒരു തയ്യാറെടുപ്പ് ഘട്ടം (11മുതൽ 14 വയസ്സുവരെ), സെക്കൻഡറി ഘട്ടം (14മുതൽ 18 വയസ്സുവരെ) എന്നിങ്ങനെയാണ് ഘടന. പരിഷ്‌കരിച്ച ഘടന, മൂന്നുമുതൽ ആറു വയസ്സുവരെയുള്ളവരുടെ മാനസികവികാസത്തിനുള്ള നിർണായകഘട്ടമാക്കി മാറ്റാൻ കഴിയുന്ന തരത്തിലാണ് ചട്ടക്കൂടുണ്ടാക്കേണ്ടതെന്ന് മാർഗരേഖയിൽ പറയുന്നു. മൂന്നു വയസ്സുമുതൽ അക്ഷരങ്ങളിലും അക്കങ്ങളിലും വിദ്യാർഥികൾക്ക് അടിസ്ഥാനം നൽകണമെന്നും മറ്റുഭാഷകൾ, സംസ്‌കാരങ്ങൾ എന്നിവ സ്വായത്തമാക്കുന്നതിനൊപ്പം മാതൃഭാഷയിലൂന്നിയാകണം പഠനമെന്നും മാർഗ നിർദ്ദേശത്തിലുണ്ട്.

ഇന്ത്യൻ സംസ്‌കാരം, ലിംഗപഠനം, യോഗ തുടങ്ങിയവ വേണം, എല്ലാ വിഷയങ്ങളിലും ഒരുപോലെ കുട്ടികൾക്ക് പരിശീലനം നൽകണം, കുട്ടികളിലെ സർഗശേഷി ഉണർത്തുന്ന രീതിയിലാകണം പാഠ്യപദ്ധതിയെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വിശകലനചിന്തകളിലധിഷ്ഠിതമായ തലമുറയെ സൃഷ്ടിക്കാനാകണമെന്നും ആശയങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കരുതെന്നും നിർദ്ദേശത്തിലുണ്ട്.

അതേസമയം, മാർഗരേഖയിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ ആപ്ലിക്കേഷൻ പുറത്തിറക്കും. അധ്യാപകർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, അങ്കണവാടി അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നാനാതുറയിൽ നിന്നുള്ളവരിൽനിന്ന് അഭിപ്രായം തേടുമെന്നും അധികൃതർ അറിയിച്ചു.