പ്ലസ് വൺ പ്രവേശനം; കോട്ടയം ജില്ലയിൽ 5626 പ്ലസ് വൺ സീറ്റുകൾ മിച്ചം

കോട്ടയം: കോട്ടയം ജില്ലയിൽ 5626 പ്ലസ് വൺ സീറ്റുകൾ മിച്ചം. വിദ്യാർഥികളുടെ കുറവു കാരണം വിവിധ ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നായി 4 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ബാച്ചുകളിൽ കുറവ് വരുന്നതോടെ ചില അധ്യാപകർക്കും സ്ഥലംമാറ്റം ഉണ്ടാകും. പ്ലസ് വൺ കോഴ്‌സിന് 5400 സീറ്റുകളാണ് കഴിഞ്ഞ വർഷം കോട്ടയത്ത് ഒഴിവ് വന്നിരുന്നത്.

ആകെ 21,958 സീറ്റുകളാണ് കോട്ടയം ജില്ലയിൽ ഇത്തവണ ഉണ്ടായിരുന്നത്. സയൻസിനാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്നത്. 13,836 സീറ്റുകൾ സയൻസ് ബാച്ചിന് ഉണ്ടായിരുന്നു. ഇതിൽ 3148 സീറ്റുകളിൽ ആരും പ്രവേശനം നേടിയിട്ടില്ല. ഹ്യുമാനിറ്റീസിന് 1042 സീറ്റുകളും കൊമേഴ്‌സിന് 1436 സീറ്റുകളും ബാക്കി വന്നുവെന്നാണ് വ്യാഴം ഉച്ച വരെയുള്ള പ്രവേശനം അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

കോട്ടയം ജില്ലയിൽ നിന്ന് ഉപരിപഠനത്തിന് അർഹത നേടിയത് 18,905 പേരാണ്. 134 ഹയർ സെക്കൻഡറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. സയൻസിന് 10 വിഷയങ്ങളിലായി 9 കോംബിനേഷനും കൊമേഴ്‌സിൽ 9 വിഷയങ്ങളിലായി 4 കോംബിനേഷനും ഹ്യുമാനിറ്റീസിന് 26 വിഷയങ്ങളിലായി 32 കോംബിനേഷനും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.