തിരുവനന്തപുരം : ട്യൂഷൻ സെന്ററുകളിലെ വിനോദയാത്രയ്ക്കും നൈറ്റ് ക്ലാസ്സുകൾക്കും വിലക്കേർപ്പെടുത്തി ബാലാവകാശ കമ്മീഷൻ. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നൈറ്റ് ക്ലാസുകൾ കുട്ടികൾക്ക് അമിതമായ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. അധ്യാപകർ ഒപ്പമില്ലാതെ ഭീമമായ തുക വാങ്ങി വിദ്യാർത്ഥികളെ വിനോദ യാത്രയ്ക്ക് കൊണ്ട് പോകുന്ന സാഹചര്യം പല ട്യൂഷൻ സെന്ററുകൾ ചെയ്യുന്നതായും കമ്മീഷൻ വിലയിരുത്തി.
കൂടാതെ നിർബന്ധിച്ച് വിനോദയാത്രയ്ക്ക് കുട്ടികളെ കൊണ്ട് പോകുന്ന പരാതികളും പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്റെ അന്തിമ തീരുമാനം. ഉത്തരവ് സംബന്ധിച്ച റിപ്പോർട്ട് അറുപത് ദിവസത്തിനകം നൽകണമെന്നാണ് സർക്കാരിനോട് ബാലാവകാശ കമ്മീഷൻ അംഗം റെനി ആൻ്റണി പറഞ്ഞിരിക്കുന്നത്.

