ന്യൂ ഡൽഹി : നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 ന്റെ അടിസ്ഥാനത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ( NCF) പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. വർഷത്തിൽ രണ്ട് ബോർഡ് എക്സാമുകൾ നടത്താനും ഹയർ സെക്കൻഡറിയിൽ രണ്ടു ഭാഷ പഠിക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്. രണ്ടു ഭാഷകളിൽ ഒരു ഭാഷ ഇന്ത്യൻ ഭാഷയാകണമെന്ന നിബന്ധനയുണ്ട്.
ഒരു വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിലൂടെ വിദ്യാർഥികൾക്ക് മികച്ച നിലവാരം കാഴ്ചവെക്കാൻ അവസരം ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായപ്പെടുന്നു. കാണാതെ പഠിക്കുന്നതിനും മാസങ്ങളോളമുള്ള കഠിന പരിശീലനത്തിനുമപ്പുറം വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലുള്ള മികച്ച ധാരണ, സ്വന്തം നേട്ടങ്ങൾ എന്നിവ വിലയിരുത്താൻ കഴിയുന്നതാകും പൊതുപരീക്ഷയെന്നും ചട്ടക്കൂടിൽ പറയുന്നുണ്ട്. 2024 മുതൽ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ നിലവിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

