43 പേരുടെ പട്ടികയിൽ ഉടൻ നിയമനം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ട്രിബ്യുണൽ

തിരുവനന്തപുരം : പ്രിൻസിപ്പൽ നിയമനത്തിന് യു ജി സി ചട്ടങ്ങൾ പ്രകാരം തയ്യാറാക്കിയ പട്ടിക റദ്ധാക്കണമെന്നുള്ള സർക്കാരിന്റെ ആവശ്യം തള്ളി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ. ജസ്റ്റിസ് ടി വി ആശ, ഡോ. പ്രദീപ് കുമാർ, എന്നിവരടങ്ങിയ ട്രിബ്യുണലാണ് പി എസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിലുള്ളവർക്ക് ഉടൻ താത്കാലിക നിയമനം നല്കാൻ നിർദ്ദേശിച്ചത്. യു ജി സി വ്യവസ്ഥകളിൽ മാറ്റം വരുത്തി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ്‌ പ്രകാരം നിയമനം നടന്നാൽ ഇടപെടുമെന്നാണ് ട്രിബ്യുണൽ അറിയിച്ചിരിക്കുന്നത്. യു ജി സിയുടെ ചട്ടങ്ങൾ അനുസരിച്ചു നിയമനം നടത്തിയിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നായിരുന്നു എന്നാണ് യു ജി സി പ്രതിനിധി പറഞ്ഞത്.

സെലക്ഷൻ കമ്മിറ്റി നൽകിയ പട്ടിക ഒഴിവാക്കി പുതിയ പട്ടിക നിർമിക്കാൻ അനുവാദം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. ജൂണിലെ ഉത്തരവിലുള്ള 43 പേർക്ക് നിയമനം നല്കുന്നതിനോടൊപ്പം ആദ്യ പട്ടികയിൽ അയോഗ്യരാക്കപ്പെട്ടവരെയും സമാന യോഗ്യത നേടിയവരെയും പരിഗണിച്ച് സെലക്ഷൻ കമ്മിറ്റിയെ കൊണ്ട് പുതിയ പട്ടിക നിർമിക്കാനും കോടതി ഉത്തരവിട്ടു. ആദ്യ പട്ടികയിലെ ആളുകളുടെ സ്ഥിര നിയമനം, സീനിയോറിറ്റി എന്നിവ കോടതി തീരുമാനിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 43 പേരുടെ പട്ടികയിലുണ്ടായിരുന്ന 7 പേരാണ് തങ്ങളെ നിയമിക്കാൻ സർക്കാരിനോട് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ട്രിബ്യുണലിനെ സമീപിച്ചത്. ട്രിബ്യുണൽ നിർദ്ദേശം നൽകിയിട്ടും ഉന്നത വിദ്യാഭാസ മന്ത്രി നിയമനത്തിൽ ഇടപെട്ടതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.