തിരുവനന്തപുരം : കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും തനിക്കെതിരെയുള്ള വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദു. മുൻപ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ പരാതി പോയിരുന്നെന്നും ഇതിൽ ചില കോടതി വിധികൾ വരാനുള്ളതിനാൽ അത് പരിശോധിച്ച ശേഷമേ ലിസ്റ്റ് അംഗീകരിക്കുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തു നിന്ന് യു ജി സി ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ആർ ബിന്ദു അഭിപ്രായപ്പെട്ടു. മന്ത്രിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താല്പര്യമില്ലെന്നും പരാതിയില്ലാതെയുള്ള നിയമനമാണ് നടത്താൻ ശ്രെമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സീനിയോറിറ്റി പരിഗണിച്ച് സെലക്ഷൻ കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കുന്നതെന്നും ഇത്തരത്തിൽ 67 പേരെ തിരഞ്ഞെടുത്തതിൽ 2019 ലെ കെയർ ലിസ്റ്റ് പ്രകാരമാണ് 43 പേരിലേക്ക് പട്ടിക ചുരുങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.പി എസ് സി അംഗീകരിച്ച പട്ടിക കോളേജ് വിദ്യാഭാസ ഡയറക്ടർ സമർപ്പിച്ചപ്പോൾ അത് കരട് രേഖയായി കണ്ടാൽ മതിയെന്ന് ബിന്ദു പറഞ്ഞെന്ന വിവരാവകാശ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുതയാണ് വിവാദമായിരിക്കുന്നത്. എന്നാൽ 67 ൽ നിന്ന് 43 ആയി പട്ടിക ചുരുങ്ങിയപ്പോൾ ഒഴിവാക്കപ്പെട്ടവരെ പരിഗണിക്കാനാണ് താൻ ഇടപെട്ടതെന്ന് മന്ത്രി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തി.

