Educational (Page 12)

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം ലഭിക്കുകയെന്ന് പട്ടിക ജാതി വികസന വകുപ്പ് അറിയിച്ചു.

2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്സുകളിലും (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് http://egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം. ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരാകണമെന്നാണ് നിബന്ധന. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭ്യമാകും.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് ആലോചിക്കുന്നതെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അവസാന വർഷ ബിരുദ പിജി ക്ലാസുകളാണ് ഒക്ടോബർ നാലു മുതൽ ആരംഭിക്കുക. ഒരു ക്ലാസിൽ ആകെയുള്ള വിദ്യാർത്ഥികളുടെ പകുതി വീതം വിദ്യാർത്ഥികൾക്കാവും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായി പ്രത്യേക കർമ പരിപാടികൾ തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കോളജുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെയുള്ളവ നടത്താനും ലൈബ്രറി ഉപയോഗിക്കാനും ക്രമീകരണം ഒരുക്കും. ക്ലാസുകൾ ആരംഭിക്കുന്നതിന്റെ കൂടുതൽ ഒരുക്കങ്ങളുടെ ഭാഗമായി കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് രാവിലെ ചേരും. അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും. എല്ലാവർക്കും ഒരു ഡോസ് വാക്സിൻ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുമെന്നും ആർ ബിന്ദു വിശദമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി സർക്കാർ. ഒക്ടോബർ 4 മുതൽ ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കോളേജുകളിലെത്തുന്നവർ ഒരു ഡോസ് വാക്‌സിനെങ്കിലും നിർബന്ധമായും എടുത്തിരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവസാന വർഷ വിദ്യാർത്ഥികളെയും അധ്യപാകരെയും മറ്റു ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അവസാന വർഷ വിദ്യാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്.

സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ബയോ ബബിൾ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരളം) കേരളത്തിലെ കാഴ്ച കേൾവി ബുദ്ധിപരിമിതരായ വിദ്യാർഥികൾക്കുവേണ്ടി എല്ലാ വിഷയങ്ങളുടേയും അനുരൂപീകൃത വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്യുന്ന ജ്യോതിർമയി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈൻ ക്ലാസുകളിൽ ഭിന്നശേഷി കുട്ടികൾക്കും മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമാറാണ് ജ്യോതിർമയിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കേണ്ട രീതി, പഠനത്തിൽ സഹായിക്കുന്നതിന് ഉപയോഗിക്കേണ്ട സാമഗ്രികൾ, അവ നിർമിക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയിൽ രക്ഷിതാക്കൾക്കും ഈ യുട്യൂബ് ചാനലിലൂടെ ഓറിയന്റേഷൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ബെയിൽ, ഓറിയന്റേഷൻ & മൊബിലിറ്റി, നിത്യജീവിത നൈപുണികൾ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സഹായിക്കുന്ന മാർഗനിർദേശങ്ങളും ഇതിൽ ലഭ്യമാക്കും. സംസ്ഥാനത്തെ സവിശേഷ വിദ്യാലയങ്ങളിലെ പരിശീലനം ലഭിച്ച അധ്യാപകരുടെ വിഭവശേഷി ഉപയോഗപ്പെടുത്തി തയാറാക്കുന്ന വീഡിയോകൾ ആയതിനാൽ ഏറ്റവും മികച്ച പഠന വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് ഇതുവഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ജ്യോതിർമയി’ സിഗ്‌നേച്ചർ വീഡിയോയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും ജ്യോതിർമയിയുടെ ലോഗോ പ്രകാശനം സമഗ്രശിക്ഷാ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണനും നിർവഹിച്ചു.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി കോഴ്സുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലാണ് 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുക. ഈ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20-21 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റുകൾ അധികമായി അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.

ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. സീറ്റ് വർധിപ്പിക്കണ വിഷയം സംബന്ധിച്ച് നിരവധി അപേക്ഷകളാണ് സർക്കാരിന് മുന്നിലെത്തിയിരുന്നത്.

കുടുംബശ്രീ അംഗങ്ങൾക്ക് റീസർജന്റ് കേരള ലോൺ സ്‌കീം (ആർകെഎൽഎസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വർഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻകൂറായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് വിവിധ സേവനങ്ങൾക്കായി ഏകീകൃത വിവര സംവിധാനം കൊണ്ടുവരാനുള്ള തീരുമാനവും നിർണായകമാകും. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്.

നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകൾ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാൻ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ളഓർഡിനൻസ് കൊണ്ടുവരും. അതിനുള്ള ശുപർശ ഗവർണർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂർ ബഡ്‌സ് സ്‌കൂൾ ഫോർ ദ ഹിയറിംഗ് ഇംപയേർഡിൽ അനുവദിക്കപ്പെട്ട 18 തസ്തികകൾക്ക് പുറമേ അസിസ്റ്റൻറ് ടീച്ചർ (യു.പി)-2, സ്പീച്ച് തെറാപ്പിസ്റ്റ്-1, മേട്രൻ-1, കുക്ക്-1 എന്നീ തസ്തികകൾ സൃഷ്ടിക്കും. കുക്ക് തസ്തിക ദിവസ വേതനാടിസ്ഥനത്തിലായിരിക്കും.

2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷൻ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാർക്കു കൂടി ലഭ്യമാക്കാൻ തീരുമാനിച്ചു. ഇലക്ട്രോണിക് മാധ്യമം മുഖേന സമൻസ് നൽകുന്നതിന് 1973ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാർ(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാർശയിൽ നിയമ നിർമാണം നടത്താൻ തീരുമാനിച്ചു.

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി നിശ്ചയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടേയും നിയമസഭാ അംഗങ്ങളുടേയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷ ക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

സെപ്റ്റംബർ ആറു മുതൽ 16 വരെ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാകും. സെപ്റ്റംബർ ഏഴു മുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാകും. ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നതെന്ന് മന്ത്രി അറിയിച്ചു.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തെരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 80 സ്‌കോറുള്ള പരീക്ഷയ്ക്ക് 160 സ്‌കോർ, 60 സ്‌കോറുള്ളതിന് 120 സ്‌കോർ,40 സ്‌കോറുള്ളതിന് 80 സ്‌കോർ എന്ന കണക്കിലാണ് ചോദ്യങ്ങൾ ഉണ്ടായിരിക്കുക. ഇതിൽ നിന്നും ഓരോ വിഭാഗത്തിലും നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവയിൽ നിന്നും മികച്ച സ്‌കോർ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.

എസ് സി ഇ ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളിൽ നിന്നു തന്നെ മുഴുവൻ സ്‌കോറും നേടാൻ കുട്ടിയെ സഹായിക്കും വിധം ആവശ്യാനുസരണം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉണ്ടാകും. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കുന്നതിന് മറ്റു പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമായി ഓപ്ഷൻ അനുവദിക്കുമ്പോൾ ചോദ്യങ്ങളുടെ എണ്ണം വർദ്ധിക്കും. ഇവ വായിച്ച് മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതുകൊണ്ട് സമാശ്വാസ സമയം 20 മിനിറ്റ് ആയി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആധുനിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്‌കരണം നടന്നതെന്ന്’ അദ്ദേഹം വ്യക്തമാക്കി.

പ്രീ സ്‌കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെ സ്‌കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ നടപ്പാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി പ്രൊഫഷനലിസം വർദ്ധിപ്പിക്കും.

പ്രീ പ്രൈമറി രംഗത്ത് ക്‌ളസ്റ്റർ അധിഷ്ഠിത ഇടപെടൽ നടത്തും . ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കും. ഗണിതപഠനം ‘മഞ്ചാടി’ ശാസ്ത്രപഠനം ‘മഴവില്ല്’ പദ്ധതികൾ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മാറ്റിയെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രധാനം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ഡൽഹിയിൽ തിങ്കളാഴ്ച്ച മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളാണ് ഭാഗികമായി തുറക്കുന്നത്. നിലവിൽ പത്ത്, 12 ക്ലാസ് വിദ്യാർഥികൾക്കായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയാണ് (ഡി.ഡി.എം.എ) ഇക്കാര്യം അറിയിച്ചത്.

വിദ്യാർഥികൾക്ക് അഡ്മിഷൻ ആവശ്യങ്ങൾക്കായും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾക്കുമായി നാളെ മുതൽ സ്‌കൂളുകൾ സന്ദർശിക്കാമെന്നാണ് ഡി.ഡി.എം.എയുടെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് ഡൽഹി സർക്കാർ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്‌കൂൾ തുറക്കുന്നതിനുള്ള കർമപദ്ധതി ആവിഷ്‌കരിക്കാൻ സർക്കാറിനോട് ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

ഡൽഹിയ്ക്ക് പുറമെ ഹിമാചൽപ്രദേശ്, ഒഡിഷ, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ഉടൻ സ്‌കൂളുകൾ തുറക്കും.

ബംഗളുരു: കർണാടകയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് ഘട്ടങ്ങളിലായി സ്‌കൂളുകൾ തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി 9, 10, 11, 12 ക്ലാസുകൾ ഓഗസ്റ്റ് 23 മുതൽ പുനരാരംഭിക്കും. വിദ്യാർത്ഥികളെ രണ്ട് ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുന്നത്. പ്രൈമറി വിദ്യാർത്ഥികളുടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഓഗസ്റ്റ് അവസാന ആഴ്ച്ചയോടെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപനം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും. കർണാടകയിലെ മുഴുവൻ ജില്ലകളിലും തുടരുന്ന രാത്രി കർഫ്യൂ സമയം ദീർഘിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. നിലവിൽ രാത്രി പത്ത് മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. ഇത് രാത്രി 9 മുതൽ ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലും സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചത്.

പാലക്കാട്: ഗുണമേന്മയുള്ള അദ്ധ്യയനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതിയുമായി സർക്കാർ. സർക്കാർ മേഖലയിലെ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, പ്രൈമറി വിദ്യാലയങ്ങളുടെ സമഗ്ര വികസനവും വളർച്ചയും ഉറപ്പുവരുത്താൻ അഞ്ചു വർഷം മുൻപ് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനു പകരം ‘വിദ്യാകിരണം’ എന്ന പദ്ധതിയാണ് സർക്കാർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ സർക്കാർ ആരംഭിച്ച നാലുമിഷനുകളെയും കേരള പുനർനിർമാണപദ്ധതിയെയും ഏകോപിപ്പിച്ചു സർക്കാർ രൂപീകരിച്ച നവകേരളം കർമപദ്ധതി 2 ന്റെ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുളള സംരംഭമായിട്ടാണ് സർക്കാർ വിദ്യാകിരണത്തെ അവതരിപ്പിക്കുന്നത്. വിദ്യാകിരണം പദ്ധതിയ്ക്ക് ഏതൊക്കെ ഘടകങ്ങൾ വേണം രീതികൾ എന്തെല്ലാമായിരിക്കണം എന്തെല്ലാം സംവിധാനമാണ് ഇതിന് വേണ്ടത് എന്ന കാര്യങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചയും പ്രൊജക്ടുകളുമെല്ലാം സർക്കാർ നടത്തും. ഓൺലൈൻ വിദ്യഭ്യാസത്തിൽ കുട്ടികൾക്ക് സമഗ്രശിക്ഷണം ലഭിക്കാനുള്ള നടപടികളും പദ്ധതിയിലൂടെ ഉറപ്പു വരുത്തും.

പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനിൽ ഒരു മണ്ഡലത്തിലെ ഒരു സ്‌കൂൾ വീതം കിഫ്ബി ഫണ്ട് ഉപയോഗിച്ചു നവീകരിക്കുകയും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്‌കൂളിനും ഹയർസെക്കൻഡറിക്കും 5 കോടി രൂപയുടെ നവീകരണവും മൂന്നു കോടിരൂപയുടെ ഉപകരണങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാലയങ്ങൾക്കായി ഒരു കോടി രൂപയാണ് ചെലവഴിച്ചത്. എല്ലാ സ്‌കൂളിലും ഹൈടെക് പഠനത്തിനുള്ള മുറികൾ, ടെക്‌സറ്റ് ബുക്കും അധ്യാപകരുടെ നോട്ടുകളും ഉൾപ്പെടെ ലഭിക്കുന്ന സമഗ്രപോർട്ടലും ഇതിന്റെ ഭാഗമായി നിലവിൽ വന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ മിഷന്റെ തുടർച്ചയായാണ് വിദ്യാകിരണം നടപ്പാക്കാനുള്ള തീരുമാനം. ഉത്തരവനുസരിച്ച് സമ്പൂർണ പാർപ്പിടം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷൻ, ജനസൗഹൃദ സർക്കാർ ആശുപത്രികൾക്കായി ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസമിഷൻ, ശുചിത്വം, മാലിന്യസംസ്‌കരണം, മണ്ണു-ജലസംരക്ഷണവും ലക്ഷ്യമാക്കി ഹരിത കേരളമിഷൻ എന്നിവയ്‌ക്കൊപ്പം കേരള പുനർനിർമാണ പദ്ധതിയും യോജിപ്പിച്ചാണ് നവകേരളം കർമപദ്ധതി-2 ന് സർക്കാർ രൂപം നൽകിയത്.

മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും പദ്ധതി നടത്തിപ്പിനായി നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.