തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകി സർക്കാർ. ഒക്ടോബർ 4 മുതൽ ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ബിരുദ – ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കോളേജുകളിലെത്തുന്നവർ ഒരു ഡോസ് വാക്‌സിനെങ്കിലും നിർബന്ധമായും എടുത്തിരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവസാന വർഷ വിദ്യാർത്ഥികളെയും അധ്യപാകരെയും മറ്റു ജീവനക്കാരേയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അവസാന വർഷ വിദ്യാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്.
സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ബയോ ബബിൾ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ട് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

