ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലാസുകൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായി പ്രത്യേക കർമ പരിപാടികൾ തയാറാക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് ആലോചിക്കുന്നതെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അവസാന വർഷ ബിരുദ പിജി ക്ലാസുകളാണ് ഒക്ടോബർ നാലു മുതൽ ആരംഭിക്കുക. ഒരു ക്ലാസിൽ ആകെയുള്ള വിദ്യാർത്ഥികളുടെ പകുതി വീതം വിദ്യാർത്ഥികൾക്കാവും ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായി പ്രത്യേക കർമ പരിപാടികൾ തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കോളജുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടെയുള്ളവ നടത്താനും ലൈബ്രറി ഉപയോഗിക്കാനും ക്രമീകരണം ഒരുക്കും. ക്ലാസുകൾ ആരംഭിക്കുന്നതിന്റെ കൂടുതൽ ഒരുക്കങ്ങളുടെ ഭാഗമായി കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് രാവിലെ ചേരും. അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും. എല്ലാവർക്കും ഒരു ഡോസ് വാക്സിൻ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുമെന്നും ആർ ബിന്ദു വിശദമാക്കി.