ന്യൂഡൽഹി: ഡൽഹിയിൽ തിങ്കളാഴ്ച്ച മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളാണ് ഭാഗികമായി തുറക്കുന്നത്. നിലവിൽ പത്ത്, 12 ക്ലാസ് വിദ്യാർഥികൾക്കായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയാണ് (ഡി.ഡി.എം.എ) ഇക്കാര്യം അറിയിച്ചത്.
വിദ്യാർഥികൾക്ക് അഡ്മിഷൻ ആവശ്യങ്ങൾക്കായും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾക്കുമായി നാളെ മുതൽ സ്‌കൂളുകൾ സന്ദർശിക്കാമെന്നാണ് ഡി.ഡി.എം.എയുടെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് ഡൽഹി സർക്കാർ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്‌കൂൾ തുറക്കുന്നതിനുള്ള കർമപദ്ധതി ആവിഷ്‌കരിക്കാൻ സർക്കാറിനോട് ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഡൽഹിയ്ക്ക് പുറമെ ഹിമാചൽപ്രദേശ്, ഒഡിഷ, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ഉടൻ സ്‌കൂളുകൾ തുറക്കും.

